- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാർക്ക് ലഹരി മാഫിയയുമായി ബന്ധം; തൽക്കാലത്തേക്ക് ലഹരി പരിശോധന വേണ്ട; ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ പ്രവർത്തനം മരവിപ്പിച്ചു; നടപടി കേസിലെ പ്രതികളെ വരെ ഡാൻസാഫ് സൃഷ്ടിക്കുന്നവെന്ന കണ്ടെത്തലിനെത്തുടർന്ന്
തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലീസ് ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ (ഡൻസാഫ്) പ്രവർത്തനം മരവിപ്പിച്ചു. തലസ്ഥാന നഗരത്തിൽ പൊലീസിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തലാണ് നടപടി.തിരുവനന്തപുരം ജില്ലയിൽ കഞ്ചാവ്, ലഹരിമരുന്ന് വേട്ടക്കായി രൂപീകരിച്ച സ്പെഷൽ ടാസ്‌ക് ഫോഴ്സ് (ഡാൻസാഫ്)ലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം. കേസുകളിൽ കൃത്രിമം കാട്ടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ലഹരിസംഘങ്ങൾക്ക് പുറമെ തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് തത്കാലം ഡൻസാഫ് ലഹരിപരിശോധന നടത്തേണ്ടെന്ന് തീരുമാനിച്ചത്.ലഹരിക്കടത്ത് തടയാനും ലഹരിമാഫിയകളെ പിടികൂടാനുമായാണ് പൊലീസിന് കീഴിൽ ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡൻസാഫ്) എന്ന പേരിൽ പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നത്. എന്നാൽ ലഹരിവേട്ടക്കാർ തന്നെ ലഹരിമാഫിയകളുമായി ഒത്തുകളി നടത്തിയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
അടുത്തിടെ തലസ്ഥാനത്തെ മെഡിക്കൽ കോളേജ് പരിധിയിലും പേട്ട സ്റ്റേഷൻ പരിധിയിലും പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്നായിരുന്നു കേസുകൾ. ഇതിലെ പ്രതികളെയും ഡാൻസാഫ് 'സൃഷ്ടി'ച്ചതാണെന്ന് കണ്ടെത്തി. ലോക്കൽ പൊലീസ് ഉന്നയിച്ച ചില ആരോപണങ്ങളെ തുടർന്നാണ് ഇന്റലിജൻസ് വിഭാഗം ഡാൻസാഫിനെതിരെ രഹസ്യാന്വേഷണം നടത്തിയത്.
ടാർഗറ്റ് തികയ്ക്കാൻ വേണ്ടി ഡാൻസാഫ് മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.അടുത്തിടെ ഡൻസാഫ് പിടികൂടിയ ചില കേസുകളിൽ ഒത്തുകളി നടന്നതായി സ്പെഷ്യൽ ബ്രാഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ലഹരിമരുന്ന് പിടികൂടുന്ന കേസുകളിൽ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാത്തതും മറ്റുമാണ് സംശയത്തിനിടയാക്കിയത്.കേസുകൾ പിടിക്കുന്നതായി വരുത്തിതീർക്കാൻ റോഡരികിൽ കഞ്ചാവ് പൊതികൾ ഉപേക്ഷിച്ച് ഇത് പിടിച്ചെടുക്കുന്ന സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്റലിജൻസ് വിശദമായ അന്വേഷണം നടത്തിയത്.
കഞ്ചാവ് വഴിയരികിൽ ഉപേക്ഷിച്ച ശേഷം ലോക്കൽ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കുന്നു. തലസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്‌നാട്, ആന്ധ്ര എന്നിവങ്ങളിടങ്ങളിൽ നിന്നാണ് വലിയ അളവിൽ കഞ്ചാവ് പൊലീസ് വാഹനത്തിൽ കൊണ്ടുവന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭീഷണിപ്പെടുത്തി ചിലരെ കൊണ്ടുവന്ന് പ്രതിയാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ