കൊച്ചി: പ്രതിയെ പിടിക്കാനും കോടതി നടപടികൾക്കും സ്വന്തം കീശയിൽ നിന്നും പണം മുടക്കേണ്ട ഗതികേടിൽ പൊലീസുകാർ. വിവരാവകാശ പ്രവർത്തകനായ അഡ്വ.ടോം തോമസ് പൂച്ചാലിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവിട്ടിട്ടുള്ളത്. ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ റിസോർട്ട് ജീവനക്കാരൻ കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തിൽ മുംബൈയിൽ എത്തി പ്രതിയെ പിടികൂടി, ജയിലിൽ എത്തിക്കും വരെയുള്ള നടപടികളിൽ ട്രെയിൻ ടിക്കറ്റ് ഒഴികെ ബാക്കി മുഴുവൻ തുകയും ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും മുടക്കിഎന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഓരോരുത്തർക്കും 35000 രൂപ വീതം മുടക്കായതായും രേഖയിൽ പറയുന്നു.

ഈ കേസ് അന്വേഷണത്തിൽ 2 ഘട്ടത്തിലായി 8 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരുന്നെന്നും ഇവർ മുംബൈക്ക് പോയത് വിമാനത്തിലായിരുന്നെന്നും രേഖയിലുണ്ട്.
വിമാന ടിക്കറ്റും മറ്റുചിലവുകളുമടക്കം നല്ലൊരു സംഖ്യ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും ചെലവായി എന്ന് ഇതിൽ നിന്നും വ്യക്തം. ഇതുമാത്രമല്ല, മരിച്ച ആളുടെ മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയ ആബുലൻസ് വാടക നൽകിയതും ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കീശയിൽ നിന്നാണെന്നും വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിട്ടുണ്ട്.

പോത്തുകല്ല് സ്റ്റേഷനിൽ നിന്നും ലഭിച്ചിട്ടുള്ള വിവരാവകാശ രേഖയിൽ കേസന്വേഷണത്തിന് പൊലീസുകാർ തങ്ങളുടെ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും വിശദീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൃത്യമായ രേഖ സൂക്ഷിച്ചിട്ടില്ലന്നും രേഖയിൽ വിശദീകരിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണ ഘട്ടത്തിൽ ആവശ്യമായ തുക അനുവദിച്ചുകിട്ടാത്തതാണ് ഇത്തരം അവസ്ഥ സൃഷ്ടിക്കുന്നതെന്നനും ഇക്കാര്യത്തിൽ പരിഹാരം ഉണ്ടായില്ലങ്കിൽ സത്യസന്ധരായ പൊലീസുകാർ പോലും അവിഹത മാർഗ്ഗത്തിൽ പണം കണ്ടെത്തേണ്ട ഗതികേടിലേയ്ക്ക് തിരിയാൻ സാധ്യതയുണ്ടെന്നും അഡ്വ. ടോം തോമസ് ചൂണ്ടിക്കാട്ടി.

പാറമടക്കാരെയും അബ്കാരി ലോബിയെയും മറ്റും സമീപിച്ചാലെ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈയിൽ നിന്നും പണമിറക്കാതെ കേസന്വേഷണം നടത്താൻ കഴിയു എന്ന സാഹചര്യത്തിലേയ്ക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.സത്യം ഇതാണെങ്കിലും വകുപ്പുതല നിയന്ത്രണങ്ങളുള്ളതിനാൽ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാവാറില്ല.ഈ സ്ഥിതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് സേനയ്ക്ക് തന്നെ നാണക്കേടാണ്. ഇത് പരിഹരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണം.ടോ തോമസ് ആവശ്യപ്പെട്ടു.

കേസ് അന്വേഷണ ഘട്ടത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ സ്വന്തം നിലിയിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യഗസ്ഥർ പണം മുടക്കാറുണ്ട്.മുൻകൂട്ടി മേലുദ്യോഗസ്ഥന്റെ അനുമതിയോടെ നടക്കുന്ന കേസ്് അന്വേഷണത്തിൽ മാത്രമാണ് ചെലവാകുന്ന തുക അൽപ്പം താമസിച്ചാണെങ്കിലും ലഭിക്കാൻ സാധ്യതയുള്ളു.എസ് പി മുഖാന്തിരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് കണക്കവിരങ്ങൾ അയക്കുകയാണ് ഇതിന്റെ ആദ്യ നടപടിക്രമം. ഇത് ധനകാര്യവകുപ്പ് പാസ്സാക്കുന്ന മുറയ്ക്കാണ് തുക തിരികെ ലഭിക്കുക. 6 മാസവും ഒരു വർഷവുമൊക്കെ ഇതിനായി കാത്തിരിക്കേണ്ടിയും വരും.

സേനയിലെ നിരവധി ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ കൈയിൽ നിന്നും ചെറുതും വലുമായ തുക നഷ്ടപ്പെട്ടിട്ടുണ്ട്.രഹസ്യമായി ഇവർ ഇക്കാര്യം സമ്മതിക്കുമെങ്കിലും പരസ്യമായി പ്രതികരിക്കാൻ തയ്യാറല്ല.അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന ഭീതി തന്നെ ഇതിന് പ്രധാന കാരണം.