തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് വിവരങ്ങളും സർവീസ് രേഖകളും സ്വകാര്യ ഏജൻസി ശേഖരിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ആശങ്ക. സ്റ്റാറ്റിയൂട്ടറി റിക്കവറി ചുമതല സ്വകാര്യ ബാങ്കിനു കൈമാറിയതിന് പിന്നാലെയാണ് ഡൽഹിയിലെ സ്വകാര്യ ഏജൻസി എടിഎം വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നത്. പൊലീസുകാരുടെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച ചർച്ചകൾ സജീവമാണ്.

എല്ലാ പൊലീസുകാരുടെ ശമ്പളം എച്ച് ഡി എഫ് സി ബാങ്ക് വഴി കൊടുക്കാൻ വഴി വിട്ട നീക്കമാണ് നടക്കുന്നത്. പൊലീസ് സംഘടനാ തലപ്പത്തെ ചിലരുടെ താൽപ്പര്യമാണ് ഇതിന് പിന്നിലെന്നാണ് സൂചന. പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് പൊലീസ് അസോസിയേഷന് അടക്കമുള്ള പിരിവുകൾ നടക്കുന്നുണ്ട്. ഇത് പിടിച്ചു കൊടുക്കാൻ പൊതുമേഖലാ ബാങ്കുകൾ എതിർപ്പറിയിക്കുന്നതിന്റെ മറവിലാണ് എച്ച് ഡി എഫ് സിയിലേക്ക് അക്കൗണ്ടുകൾ മാറ്റാനുള്ള നീക്കം.

പൊലീസ് സഹകരണ സംഘം, ഹൗസിങ് സൊസൈറ്റി ഉൾപ്പെടെയുള്ളവയിലേക്ക് സബ്‌സ്‌ക്രിഷൻ, റിക്കവറി തുകകൾ പിടിക്കേണ്ട ചുമതല എച്ച്ഡിഎഫ്‌സി ബാങ്കിനെ ഏൽപ്പിച്ചിരുന്നു. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്ന സ്പാർക്കിലൂടെ ഇക്കാര്യം ചെയ്യാൻ കഴിയില്ലെന്ന വിശദീകരണത്തോടെയാണ് പൊലീസ് ആസ്ഥാനത്തെ ഈ തീരുമാനം. എന്നാൽ കഴിഞ്ഞ ദിവസം എടിഎം വിവരങ്ങൾ ആരാഞ്ഞ് പലർക്കും മെസേജ് വന്നതോടെയാണ് സ്വകാര്യ ഏജൻസിയുടെ ഇടപെടൽ തിരിച്ചറിഞ്ഞത്. സർവീസ് രേഖകൾ ഉൾപ്പെടെ ചോരുന്നത് ഗുരുതര സുരക്ഷാ പ്രശ്‌നങ്ങൾക്ക് വഴിവെയ്ക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ബാങ്ക് വിവരങ്ങൾ ഫോണിലൂടെ കൈമാറരുതെന്ന് പൊലീസ് വ്യാപക പ്രചാരണം നൽകുന്നതിനിടെയാണ് ഈ നടപടി. വിഷയം പൊലീസുകാരുടെ വാട്‌സ്അപ് ഗ്രൂപ്പുകളിൽ ചർച്ചയായി. സ്വകാര്യ ബാങ്കിനെ ചുമതലയിൽ നിന്ന് ഒഴിവാക്കി കേരള ബാങ്കിനെ ഏൽപ്പിക്കണമെന്ന വാദവുമുണ്ട്. എന്നാൽ നടപടികൾ പാലിച്ചുള്ള തീരുമാനമെന്നാണ് പൊലീസ് ആസ്ഥാനത്തെ വിശദീകരണം.

പൊലീസ് മേധാവി അനിൽകാന്തിനും വ്യക്തിപരമായി സ്വകാര്യ ബാങ്കുമായുള്ള ബന്ധത്തോട് താൽപ്പര്യക്കുറവുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പൊതുമേഖലാ സ്ഥാപനങ്ങളെ മറികടന്ന് സർക്കാർ ഫണ്ട് സ്വകാര്യ ബാങ്കുകളിലേക്ക് കൊടുക്കുന്നതിനെ സർക്കാർ ചട്ടങ്ങളും സാധൂകരിക്കുന്നില്ലെന്നതാണ് വസ്തുത. എന്നാൽ സ്വകാര്യാ ബാങ്കുകളിലേക്ക് ഫണ്ടുകൾ മാറ്റുമ്പോൾ അവിടെ അതിന് വേണ്ടി ഇടപെടൽ നടത്തുന്നവരുടെ ബന്ധുക്കൾക്ക് ജോലി കിട്ടുന്നതും മറ്റും കേരളത്തിലെ സ്ഥിരം പതിവുകളാണ്. പൊലീസിലെ അക്കൗണ്ടു ചർച്ചകൾക്ക് പിന്നിലും ചിലരുടെ അഴിമതി മോഹങ്ങളുണ്ടെന്നാണ് സൂചന.

സർക്കാർ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് പൊതുമേഖലാ ബാങ്കുകൾക്ക് മുൻതൂക്കം നൽകണമെന്ന നിർദ്ദേശം നിലവിലുണ്ട്. ഇത് അട്ടിമറിച്ചാണ് പുതിയ നീക്കം. എല്ലാ പൊലീസുകാർക്കും എച്ച് ഡി എഫ് സി ബാങ്കിൽ സാലറി അക്കൗണ്ട് എടുക്കാനാണ് നീക്കം. ഇതിന് ശേഷം ശമ്പളം ഈ അക്കൗണ്ടിൽ നിക്ഷേപിക്കും. അതിന് ശേഷം അസോസിയേഷന് ഉള്ള പണം അടക്കം മാറ്റും. ബാക്കിയുള്ള തുക പൊലീസുകാരുടെ അക്കൗണ്ടിലേക്ക് തന്നെ മാറ്റുന്ന തരത്തിലാകും ഇടപെടൽ. വേണമെന്നുള്ളവർക്ക് എച്ച് ഡി എഫ് സിയിലെ അക്കൗണ്ട് നിലനിർത്തുകയും ചെയ്യാം.

ഫലത്തിൽ കേരളാ പൊലീസിലെ ശമ്പളം മുഴുവൻ എച്ച് ഡി എഫ് സി ബാങ്കിന്റെ അക്കൗണ്ടിലേക്ക് എത്താനാകും വഴിയൊരുക്കുന്നത്. പൊലീസുകാരുടെ അതൃപ്തി മനസ്സിലാക്കിയാണ് പൊതു മേഖലാ ബാങ്കുകളിലും മറ്റും അക്കൗണ്ടുള്ളവർക്ക് അതിലേക്ക് എച്ച് ഡി എഫ് സി വഴി ഫണ്ട് ട്രാൻസഫർ ചെയ്യാനുള്ള നീക്കം. ഫലത്തിൽ പൊലീസുകാർക്ക് നിലവിലെ അക്കൗണ്ടിൽ തന്നെ ശമ്പളം കിട്ടുന്ന തരത്തിലാകും സംവിധാനം എന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.

പൊലീസ് അസോസിയേഷന് പണം കൊടുക്കുന്നത് പൊലീസുകാരാണ്. അത് വേണമെങ്കിൽ പൊലീസ് ആസ്ഥാനത്ത് തന്നെ കുറവ് ചെയ്ത് ആ പണം മാത്രം പൊലീസുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചാൽ മതി. ഇതിന് സാഹചര്യമുണ്ടെന്നിരിക്കെ എന്തിനാണ് എച്ച് ഡി എഫ് സിയിലേക്ക് പണം മാറ്റുന്നത് എന്തിനെന്ന ചോദ്യമാണ് ചർച്ചയാകുന്നത്. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും പറയപ്പെടുന്നു. ചില പൊലീസ് സംഘടനകളുടെ അക്കൗണ്ടും എച്ച് ഡി എഫ് സിയിലാലാണത്രേ.

ഈ സംഘടനയിലെ പ്രധാനികളും എച്ച് ഡി എഫ് സിയുമായുണ്ടാക്കിയ രഹസ്യ ധാരണയാണ് ഈ നീക്കത്തിന് പിന്നിലെന്നും സൂചനകളുണ്ട്. പൊലീസ് അസോസിയേഷനിലേക്ക് മാസവരി അടക്കം നൽകുക എന്നത് പൊലീസുകാരുടെ വ്യക്തിപരമായ തീരുമാനമാണ്. ഇവിടെ നിർബന്ധപൂർവ്വമാണ് പിരിവുകൾ. എസ് ബി ഐ പോലുള്ള ബാങ്കുകൾ ഇടപാടുകാരുടെ അനുമതിയുണ്ടെങ്കിലെ ഇങ്ങനെ പണം അവരുടെ അക്കൗണ്ടിൽ നിന്ന് മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റൂ. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് സർക്കാരിനും നേരിട്ട് ഈ തുക പിടിക്കാനാകില്ല.

അതുകൊണ്ടാണ് ബാങ്കിൽ നിന്ന് പണം പിടിപ്പിച്ച് അക്കൗണ്ടിലേക്ക് മാറ്റുന്നത്. ജീവനക്കാരുടെ സമ്മത പത്രം എല്ലാ വർഷവും എസ് ബി ഐ പോലുള്ള ബാങ്കുകൾക്ക് കിട്ടിയാൽ അവരത് ചെയ്യും. സമ്മത പത്രം നിർബന്ധമാക്കിയാൽ പൊലീസുകാരിൽ ഒരു വിഭാഗം സംഘടനാ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നത് അവസാനിപ്പിക്കുമെന്നാണ് സംഘടനകളുടെ ഭയം. അതുകൊണ്ടാണ് എച്ച് ഡി എഫ് സിയിലേക്ക് ശമ്പളം മാറ്റാനുള്ള നീക്കം.