കോഴിക്കോട്: വിദ്യാർത്ഥികൾ വിളിച്ച മുദ്രാവാക്യം, 'ഡൗൺ ഡൗൺ ഹിന്ദുത്വ. എന്നാൽ നമ്മുടെ പൊലീസ് കേസെടുത്തതാകട്ടെ 'ഡൗൺ ഡൗൺ ഹിന്ദുസ്ഥാൻ' എന്ന് വിളിച്ചുവെന്ന് പറഞ്ഞും. ഹൈദരാബാദിൽ കേന്ദ്ര സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് പൊലീസ് വിദ്യാർത്ഥികളെ അറസ്റ്റുചെയ്തത് ജെ.എൻ.യു മോഡലിൽ കള്ളം പറഞ്ഞുകൊണ്ടാണെന്ന് വ്യക്തമാകുന്നു. ഇതിനെതിരെ സിപിഎമ്മും ഡോ. കെ.എൻ. പണിക്കർ, കെ.ജി. ശങ്കരപ്പിള്ള, കെ. സച്ചിദാനന്ദൻ, ശശികുമാർ, സാറാ ജോസഫ്, എന്നിവരടങ്ങുന്ന സാംസ്കാരിക പ്രവർത്തകരും രംഗത്തത്തെിയിട്ടുണ്ട്.

ഇതിനിടെ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട് റിമാൻഡിലായ 17 പേർക്കും ജാമ്യം ലഭിച്ചു. പൊലീസിന്റെ കള്ളക്കഥ കോടതിയിൽ പൊളിഞ്ഞതിനാലാണ് ജാമ്യം ലഭിച്ചത്. പ്രതിഷേധം റെക്കോഡ് ചെയ്ത സീഡി വിശദമായി കണ്ടശേഷമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളവരടക്കം പ്രവർത്തകർക്ക് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബിജുമേനോൻ ഉപാധികളോടെ ജാമ്യമനുവദിച്ചത്. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ട 25 പേരും ജാമ്യത്തിലിറങ്ങി. മൂന്നു വിദ്യാർത്ഥിനികൾക്കും പ്രായപൂർത്തിയാകാത്ത മൂന്നുപേർക്കും നേരത്തേ കോടതി ജാമ്യമനുവദിച്ചിരുന്നു. 'ഡൗൺ ഡൗൺ ഹിന്ദുസ്ഥാൻ' എന്ന് മുദ്രാവാക്യം വിളിച്ചുവെന്ന് പ്രഥമവിവര റിപ്പോർട്ടിൽ പരാമർശിച്ചതിനെപ്പറ്റി വിശദീകരണം നൽകാൻ കഴിഞ്ഞദിവസം കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതോടെ ഗത്യന്തരമില്ലാതായ പൊലീസ് ഡൗൺ ഡൗൺ ഹിന്ദുത്വ എന്നാണ് പ്രവർത്തകർ വിളിച്ചതെന്നും റിപ്പോർട്ടിൽ തെറ്റായി രേഖപ്പെടുത്തിയതാണെന്നും പൊലീസ് ചൊവ്വാഴ്ച കോടതിയെ അറിയിച്ചു.

മതസ്പർധ വളർത്തുംവിധം പ്രവർത്തിച്ചുവെന്നതിന് ഇന്ത്യൻ ശിക്ഷാനിയമം 153 എ വകുപ്പ് ചുമത്താൻ ഉദ്ദേശ്യമില്‌ളെന്നും അറിയിച്ചു. ഇതേതുടർന്ന് പ്രതിഭാഗം ഹാജരാക്കിയ സീഡി കോടതി ലാപ്‌ടോപ്പിൽ വിശദമായി കണ്ടതിനുശേഷമാണ് ജാമ്യം നൽകാൻ തീരുമാനിച്ചത്. പ്രതിഷേധപ്രകടനത്തിനിടെ അന്യായമായി പ്രതിചേർക്കുകയായിരുന്നെന്നും വിദ്യാർത്ഥികളെന്ന പരിഗണന നൽകണമെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. അഡ്വ. ആർ.എം. സുബൈർ പ്രതിഭാഗത്തിനായി ഹാജരായി. ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ടൗൺ സ്റ്റേഷനിൽ പ്രതിചേർക്കപ്പെട്ടവർ ഒപ്പിടണമെന്നും പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും സമാനമായ കേസുകളിൽ വീണ്ടും ഉൾപ്പെടരുതെന്നുമുള്ള നിർദേശത്തോടെയാണ് ജാമ്യം. പ്രകടനം തുടങ്ങി മിനിറ്റുകൾക്കകം പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്ത് രാത്രി വൈകുംവരെ കസ്റ്റഡിയിൽവച്ചത് ഏറെ വിവാദമായിരുന്നു.

രാജ്യവ്യാപകമായി ആർ.എസ്.എസും സംഘ്പരിവാറും ഉയർത്തിവിടുന്ന ഭീതിയുടെയും വിദ്വേഷത്തിന്റെയും ഏജൻസിയായി കേരള പൊലീസും പ്രവർത്തിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് എസ്.ഐ.ഒ പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് നടപടിയെന്ന് സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഹിന്ദുത്വത്തിനെതിരെ വിളിച്ച മുദ്രാവാക്യങ്ങൾ രാജ്യത്തിനെതിരായ മുദ്രാവാക്യമായി ചിത്രീകരിച്ച് പ്രഥമാന്വേഷണ റിപ്പോർട്ട് തയാറാക്കിയ പൊലീസ് നടപടി ബോധപൂർവമാണ്. ഹൈദരാബാദ് സംഭവത്തിൽ ഐക്യപ്പെട്ടുകൊണ്ട് രാജ്യത്തുടനീളം വിദ്യാർത്ഥികൾ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട്ടും എസ്.ഐ.ഒ പ്രവർത്തകർ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ പങ്കെടുത്ത കുട്ടികളെപ്പോലും ക്രൂരമായി മർദിക്കുകയും പൊലീസ് സ്റ്റേഷനിൽ രാപ്പകൽ ഭക്ഷണവും വെള്ളവും നൽകാതെ പീഡിപ്പിക്കുകയുമാണ് പൊലീസ് ചെയ്തത്. കടുത്ത മനുഷ്യാവകാശലംഘനമാണ് പെൺകുട്ടികളുടെ കാര്യത്തിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.ഡോ. കെ.എൻ. പണിക്കർ, കെ.ജി. ശങ്കരപ്പിള്ള, കെ. സച്ചിദാനന്ദൻ, ശശികുമാർ, സാറാ ജോസഫ്, കെ.കെ. കൊച്ച്, ബി. രാജീവൻ, കെ.ആർ. മീര, അഡ്വ. സെബാസ്റ്റ്യൻ പോൾ, പി. സുരേന്ദ്രൻ, കെ.കെ. ബാബുരാജ്, കെ.ഇ.എൻ, ഒ. അബ്ദുറഹ്മാൻ, പി.കെ. പാറക്കടവ്, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. എ.കെ. രാമകൃഷ്ണൻ, ഡോ. ഇ.വി. രാമകൃഷ്ണൻ, ഡോ. പി.കെ. പോക്കർ, ടി.ഡി. രാമകൃഷ്ണൻ, ഡോ. ഗോപാൽ മേനോൻ, ബാലചന്ദ്രൻ വടക്കേടത്ത്, കെ.പി. ശശി, ഡോ. ടി.ടി. ശ്രീകുമാർ, ഡോ. സുനിൽ പി. ഇളയിടം, ജെനി റൊവീന, എൻ.പി. ചേക്കുട്ടി, ഡോ. അജയ് ശേഖർ, കെ.കെ. ഷാഹിന, ഭാസുരേന്ദ്രബാബു, സണ്ണി എം. കപിക്കാട്, ടി. ശാക്കിർ, ഡോ. എം.ബി. മനോജ്, നഹാസ് മാള, മുസ്തഫ തൻവീർ, ഹാസിൽ മുട്ടിൽ, സി.എ. റഊഫ്, എൻ.എം. മശ്ഹൂദ്, അഡ്വ. ഷമീർ പയ്യനങ്ങാടി എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്കെതിരെ വർഗീയതാൽപര്യത്തോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

153ാം വകുപ്പ് ചുമത്തുകയും അതിന് തെളിവിനായി 'ഡൗൺ ഡൗൺ ഹിന്ദുസ്ഥാൻ' എന്ന മുദ്രാവാക്യം സമരക്കാർ വിളിച്ചുവെന്ന് എഫ്.ഐ.ആറിൽ എഴുതിച്ചേർക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം. എഫ്.ഐ.ആറിൽ തെറ്റുപറ്റിയെന്ന് കോടതിയിൽ പൊലീസ് തന്നെ സമ്മതിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയാണ് വേണ്ടത്. എഫ്.ഐ.ആറിൽ ഇത്തരമൊരു മുദ്രാവാക്യം എഴുതിച്ചേർത്തത് സാധാരണ പൊലീസ് ഓഫിസറുടെ കുബുദ്ധിമാത്രമാണെന്ന് കരുതാനാവില്ല. വിദ്യാർത്ഥിസമരങ്ങളെ വേട്ടയാടുന്ന സംഘ്പരിവാർ താൽപര്യമാണ് അതിനു പിന്നിൽ. സംസ്ഥാന പൊലീസ് സമീപകാലത്ത് സമാനരീതിയിൽ പ്രവർത്തിച്ചതിന് ഒട്ടേറെ തെളിവുകളുണ്ട്.

പേരാമ്പ്രയിൽ കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഡ്രൈവറെയും ജോലിക്കാരനെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകരെ സ്റ്റേഷനിൽ കയറി ഇറക്കിക്കൊണ്ടുവരുകയുണ്ടായി. പൊലീസ് സ്റ്റേഷനിൽ കയറി നിയമം കൈയിലെടുത്തവർക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ നടന്ന ആർ.എസ്.എസ് അഴിഞ്ഞാട്ടത്തിന്റെ അലയൊലി കെട്ടടങ്ങും മുമ്പാണ് ഈ സംഭവം.

മറ്റുവിഭാഗങ്ങളെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നതാണ് ആർ.എസ്.എസുകാരെ താലോലിക്കുന്ന ആഭ്യന്തരമന്ത്രിയുടെ നിലപാട്്. പ്രവീൺ തൊഗാഡിയക്കെതിരെ കോഴിക്കോട്ടെ പൊലീസ് ചാർജ് ചെയ്ത എല്ലാ കേസും ഉമ്മൻ ചാണ്ടി സർക്കാർ പിൻവലിച്ചത് ആരും മറന്നിട്ടില്ല. സ്വതന്ത്രവും മതനിരപേക്ഷവുമായി പ്രവർത്തിക്കേണ്ട പൊലീസ് സേനയെ സംഘ്പരിവാറിന്റെ ഇഷ്ടമനുസരിച്ച് തുള്ളിക്കുന്നവർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. ഇത്തരം ഹീനമായ നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യവാദികളും പ്രതിഷേധിക്കണമെന്നും സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.