- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാർ റോബിൻഹുഡ് കേരളാ പൊലീസിനെയും കബളിപ്പിച്ചു മുങ്ങി; ഭീമ ജൂവലറി ഉടമയുടെ വീട്ടിലെ മോഷ്ടാവ് മുഹമ്മദ് ഇർഫാനെ കസ്റ്റഡിയിലെടുക്കുന്നതിൽ കേരള പൊലീസിന് ഗുരുതര വീഴ്ച്ച; ഗോവ പൊലീസിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മ്യൂസിയം പൊലീസ് എത്തിയപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി കടന്നു
തിരുവനന്തപുരം: ഭീമ ജൂവലറി ഉടമ ബി ഗോവിന്ദന്റെ വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് മുഹമ്മദ് ഇർഫാനെ കസ്റ്റഡിയിൽ എടുക്കുന്നതിൽ കേരളാ പൊലീസിന് ഗുരുതര വീഴ്ച്ച. ബിഹാർ റോബിൻഹുഡ് എന്നറിയപ്പെടുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിലാണ് മ്യൂസിയം പൊലീസിന് വീഴ്ച്ച സംഭവിച്ചത്. ഗോവ പൊലീസിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം എത്തിയപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി കടന്നു കളഞ്ഞു. ഇതോടെ മ്യൂസിയം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം വെറുംകൈയോടെ കേരളത്തിലേക്ക് മടങ്ങേണ്ടിയും വന്നു. കൃത്യമായ ആശയവിനിമയം നടത്താത്തതാണ് പ്രതി മുങ്ങാൻ കാരണമെന്ന വിമർശനം ഉയരുന്നുണ്ട്.
വിഷു ദിനത്തിലാണ് കവടിയാറിലെ ഭീമ ജൂവലറി ഉടമ ബി ഗോവിന്ദന്റെ വീട്ടിൽ മോഷണം നടന്നത്. സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം തേടി. ഒടുവിൽ ആന്ധ്രാപ്രദേശ് പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇതിനിടെ ഗോവയിൽ നടന്ന ഒരു കോടി രൂപയുടെ മോഷണവുമായി ബന്ധപ്പെട്ട് ഇർഫാൻ പനാജി പൊലീസിന്റെ പിടിയിലായി. മെയ് ആറിന് ഇക്കാര്യം പനാജി പൊലീസ് കേരള പൊലീസിനെ അറിയിക്കുകയും ചെയ്തു. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് കേരള പൊലീസും വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ഗോവയിൽ എത്തിയത്.
അപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. സംസ്ഥാനത്തെ ലോക്ക് ഡൗണും തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക്ഡൗണുമാണ് യാത്ര വൈകിപ്പിച്ചതെന്നാണ് പൊലീസ് വാദം. എന്നാൽ പ്രമാദമായൊരു കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിൽ വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.
ഏപ്രിൽ ആദ്യമാണ് ഭീമ ജൂവലറി ഉടമ ഡോ ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിൽ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. മൂന്നു ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60000 രൂപയും മോഷണം പോയിരുന്നു. വൻ സുരക്ഷാ സന്നാഹങ്ങൾ മറി കടന്നായിരുന്നു മോഷണമെന്നത് അന്വേഷണ സംഘത്തെയും ആശയക്കുഴപ്പത്തിൽ ആക്കിയിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ വീടിനു പിറകിലുള്ള കോറിഡോർ വഴിയാണ് കള്ളൻ അകത്ത് കയറിയതെന്ന് വ്യക്തമായിരുന്നു. തുറക്കാൻ കഴിയുമായിരുന്നു ജനൽ പാളിയിലൂടെ കള്ളൻ അകത്തു കയറുകയായിരുന്നു.
നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. ഭീമ ഗോവിന്ദന്റെ വസതിയിലെ മോഷണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾക്ക് സംസ്ഥാനം കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് മുഹമ്മദ് ഇർഫാൻ പിടിയിലായ വിവരം ഗോവ പൊലീസ് തിരുവനന്തപുരം മ്യൂസിയം പൊലീസിനെ അറിയിക്കുന്നത്. ഏപ്രിൽ 14ന് പുലർച്ചെയാണ് ജൂവലറി ഉടമ ഗോവിന്ദന്റെ തിരുവനന്തപുരത്തെ വസതിയിൽ കവർച്ച നടന്നത്.
ഭീമ ജൂവലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിൽ ഏപ്രിൽ 14നാണ് മോഷണം നടന്നത്. അതീവ സുരക്ഷാമേഖലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവൽ വളർത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലർച്ചെ ഒന്നരക്കും മൂന്നിനുമിടയിലൂമാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം. ബംഗളൂരുവിലേക്ക് പോകാൻ മകൾ തയ്യാറാക്കി വച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. വീടിന് പുറകിലുള്ള കോറിഡോർ വഴിയാണ് കള്ളൻ അകത്ത് കയറിയതെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരത്തെ ഏറ്റവും സുരക്ഷിതമായ വീടുകളിൽ ഒന്നിലാണ് മോഷണം നടന്നത്്. ഈ കള്ളൻ അതിവിദഗ്ധനാകാൻ പല കാരണങ്ങളാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടിയത്. വീടിന്റെ സുരക്ഷ തന്നെയാണ് ഇതിൽ പ്രധാനമായ ഒരു കാര്യം. രാജ്ഭവൻ അടങ്ങുന്ന കവടിയാറിലെ അതിസുരക്ഷാ മേഖലയിലാണ് ഈ വീടിരിക്കുന്നത്. എങ്ങോട്ടു തിരിഞ്ഞാലും സിസിടിവി ക്യാമറകൾ ഉള്ള പ്രദേശം. ഈ വീട്ടിലേക്ക് ഈച്ചക്ക് പോലും പ്രവേശിക്കണമെങ്കിൽ അതിന് അനുമതി വേണമെന്നാണ് പൊതുവേ പറയാറ്. അത്രയ്ക്ക് സുരക്ഷാ സംവിധാനങ്ങൾ ഈ വീട്ടിലുണ്ട്.
ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും, കാവലിന് ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കളും ഉള്ള വീട്ടിൽ നടന്ന മോഷണം പൊലീസിനെയും കുഴപ്പിക്കുന്നതാണ്. എളുപ്പത്തിൽ ആർക്കും ഈ വീടിന്റെ മതിൽ ചാടിക്കടക്കാൻ സാധിക്കില്ല. അത്രയ്ക്ക ഉയരുമുണ്ട് മതിലിന്. ഇത് കൂടാതെയുമുണ്ട് സുരക്ഷക്കായുള്ള സംവിധാനങ്ങൾ. സദാ റോന്തുചുറ്റാൻ സെക്യൂരിറ്റി ജീവനക്കാരുണ്ട്. പോരാത്തതിന് എല്ലാക്കോണിലും സിസി ടി വി സംവിധാനങ്ങലുമുണ്ട്.
കാവലിനായി മൂന്ന് നായ്ക്കളും ഈ വീട്ടിലുണ്ട്. ഗ്രേറ്റ് ഡെയ്ൻ ഉൾപ്പടെയുള്ള നായ്ക്കളുമാണ് ഇവിടെയുള്ളത്. പുറമേ നിന്നും പരിചിതർ അല്ലാത്തവർ എത്തിയാൽ നായ്ക്കൾ ചാടി വീഴും. അങ്ങനെയുള്ള സ്ഥലത്തേക്ക് മോഷ്ടാവ് എത്തിയത് എങ്ങനെയെന്നത് അടക്കം പൊലീസിന് കുഴപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ