തിരുവനന്തപുരം: വാഹനത്തിന് മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പൊലീസ് പിഴ ചുമത്തിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ സംഭവത്തിൽ വിശദീകരണവുമായി കേരളാ പൊലീസ് രംഗത്തുവന്നു. കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സംഭവത്തിന്റെ പിന്നിലെ വസ്തുത ഇതാണെന്ന് പറഞ്ഞ കേരള പൊലീസ് കുറിപ്പ് പങ്കുവെച്ചത്.

സംഭവം ഒരു പൊലീസുകാരന് പറ്റിയ അബദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. പിഴയിട്ടത് അമിതപ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിച്ചു വൺവേ തെറ്റിച്ചു വന്നതിനാണെന്നും പൊലീസ് വിശദീകരിക്കുന്നു.

വിഷയത്തിലെ കേരള പൊലീസിന്റെ വിശദീകരണം ഇങ്ങനെ:

എറണാകുളം ഇടത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കുമായി വൺവേ തെറ്റിച്ചു വന്ന യുവാവിനെ പൊലീസ് തടയുകയും പിഴ അടക്കാൻ നിർദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ(അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) ഒടുക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട് ചെയ്തപ്പോൾ പൊലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷൻ 46(2)e സെലക്ട് ആവുകയും ചെയ്തു.

പിഴ അടച്ച ചലാനിൽ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ് ഈ ചലാൻ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത് ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ പൊലീസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചലാൻ നൽകുകയും ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച പുതിയ അറിവ് കിട്ടിയതിലും തന്റെ അനുഭവം വൈറൽ ആയതിലും യുവാവ് ഇപ്പോൾ ഹാപ്പിയാണെന്നും കേരള പൊലീസ് പറഞ്ഞു.

Kerala Motor Vehicle Rules സെക്ഷൻ 46(2)e ൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം

പ്രസ്തുത നിയമപ്രകാരം പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന (ടാക്സി ഉൾപ്പെടെയുള്ള) വാഹനങ്ങളിൽ മതിയായ ഇന്ധനം കരുതാതിരിക്കുകയോ, യാത്രാക്കാരുമായി ഇന്ധനമോ സി.എൻ.ജിയോ നിറയ്ക്കാൻ ഫ്യുവൽ സ്റ്റേഷനിലേക്ക് വാഹനങ്ങൾ കൊണ്ടുപോകുന്നതും [46(2)q ] തെറ്റാണ്. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ നിയമം.