തിരുവനന്തപുരം: ഏതൊരു സർക്കാറിന് എതിരായ വികാരവും ആദ്യം അറിയുക പൊലീസ് സംവിധാനങ്ങൾ തന്നെയാണ്. തെരഞ്ഞെടുപ്പ് ഇന്ന കക്ഷികൾ വിജയിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോർട്ടുണ്ടെന്ന വിധത്തിലുള്ള വാർത്തകളും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. എന്നാൽ, അരുവിക്കരയിലെ വിജയത്തോടെ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്ന സംശയം രേഖപ്പെടുത്തുന്നവരും കുറവല്ല. എന്നാൽ, ഇതൊക്കെ വെറും ഊഹാപോഹമായി നിലനിൽക്കുമ്പോൾ തന്നെ ഭരണമാറ്റം ഉറപ്പാണെന്ന അഭിപ്രായക്കാരാണ് ഒരു വിഭാഗം. അത് മറ്റാരുമല്ല, എല്ലാ രഹസ്യങ്ങളും കണ്ടുപിടിക്കുന്ന നമ്മുടെ പൊലീസുകാർ തന്നെയാണ്. അരുവിക്കര തെരഞ്ഞെടുപ്പിൽ എം വിജയകുമാർ വിജയിക്കുമെന്നും, ശബരീനാഥൻ വിജയിക്കുമെന്നും ഒരുപോലെ റിപ്പോർട്ട് നൽകിയ ഇന്റലിജന്റ്‌സ് വിഭാഗമൊക്കെയുള്ള പൊലീസിലെ ബഹുഭൂരിപക്ഷം പേരും ഇപ്പോൾ ഭരണമാറ്റം സ്വപ്നം കണ്ടു തുടങ്ങി.

അടുത്ത അഞ്ചുവർഷത്തേക്കുകൂടി സ്വന്തം നാട്ടിൽതന്നെ നിൽക്കാനാണോ, അതോ അടുത്ത ഭരണത്തിൽ ഏതെങ്കിലും മന്ത്രിമാരുടേയും എംഎൽഎമാരുടേയും സ്റ്റാഫിൽ കയറിക്കൂടാനാണോ എന്നുറപ്പില്ല, എന്തായാലും ഇടതുവശത്തേയ്ക്കു ചാടുന്നവരുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവിധ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ഗൺമാന്മാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരുൾപ്പെടെ നൂറോളം പേർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രഹസ്യയോഗം ചേർന്ന് ഭാവിപരിപാടികൾ തീരുമാനിച്ചു.

പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ തങ്ങളുടെ പക്ഷത്തിലേക്ക് കൊണ്ടുവരാൻ യോഗം തീരുമാനമെടുത്തു. കഴിഞ്ഞതവണ നേതാക്കളുടെ സുരക്ഷാചുമതലയുണ്ടായിരുന്നവർക്കാണ് ആളുകളെ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം. അഞ്ചുവർഷത്തിനിടയിൽ സേനയിൽ അംഗങ്ങളായ 2500 ഓളം പുതിയ ചെറുപ്പക്കാരെ ഇപ്പുറത്തെത്തിക്കുകയാണ് ഇവരുടെ ആദ്യചുമതല.

അടുത്ത ഘട്ടമായി എറണാകുളം തൃശൂർ, കണ്ണൂർ ജില്ലകളിലാണ് യോഗം ചേരുന്നത്. സിപിഐ(എം)യുടെ കേന്ദ്രകമ്മിറ്റിയംഗത്തിനാണ് പൊലീസുകാരെ സംഘടിപ്പിക്കാനുള്ള ചുമതല. കഴിഞ്ഞതവണ എൽഡിഎഫ് അധികാരത്തിലിരുന്നപ്പോഴും ഈ നേതാവ് തന്നെയാണ് പൊലീസ് അസോസിയേഷൻ നിയന്ത്രിച്ചത്. രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന പൊലീസിന്, മാറുന്ന സർക്കാരുകളുടെ നയം പോലെ തന്നെയാണ് സ്വഭാവം. അവസരംപോലെ കമ്മ്യൂണിസ്റ്റാകാനും കോൺഗ്രസ് ആകാനും ഭൂരിപക്ഷം പേർക്കും ഒരുമടിയുമില്ല. അതുകൊണ്ടു തന്നെ എന്തു ചെയ്താലും സംരക്ഷിക്കാൻ ഇരുമുന്നണിയിലും അവർക്ക് ഒരുപാട് ആളുണ്ടാകും.