കാസർഗോഡ് : സംസ്ഥാനത്ത് ധാരാളം രാഷ്ട്രീയ കൊലപാതകങ്ങൾ ദിവസേനെ അരങ്ങേറുമ്പോഴും കതിരൂർ മനോജ് കൊലക്കേസ് സിബിഐയെ ഏൽപ്പിക്കാൻ ആഭ്യന്തര മന്ത്രി എടുത്ത തീരുമാനത്തിന് പിറകിൽ ബിജെപി സഖ്യമാണെന്ന ആരോപണം നിലനിൽക്കെ കൊല്ലപ്പെട്ട സിപിഎമ്മുകാരനെതിരെ കേസ് എടുത്ത് വീണ്ടും പൊലീസ് 'നിക്ഷപക്ഷത' തെളിയിക്കുന്നു.

കാഞ്ഞങ്ങാട് കായക്കുന്നിൽ ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐ എം പ്രവർത്തകൻ സി നാരായണന്റെ പേരിൽ വിചിത്രമായ വധശ്രമത്തിന് കേസെടുത്തതോടെ പൊലീസ്-ബിജെപി കള്ളക്കളി പുറത്തുവന്നെന്ന ആക്ഷേപവുമായി സിപിഐ(എം). സംസ്ഥാന പൊലീസ് ബിജെപിക്ക് ചെയതു കൊടുക്കുന്ന ഒത്താശയുടെ അവസാന ഉദാഹരണമാണ് ഈ വിചിത്രമായ വധശ്രമ കേസെന്ന ആക്ഷേപമാണ് സിപിഐ(എം) ഉന്നയിക്കുക. രാഷ്ട്രീയമായി മലബാറിൽ സിപിഎമ്മിനെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്നാണ് ആരോപണം. എന്നാൽ കിട്ടിയ പരാതിയിൽ കൗണ്ടർ കേസ് എടുക്കുകയാണ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം. എന്നാൽ ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല എത്തിയതുമുതലുള്ള കള്ളക്കളിയാണ് കൊല്ലപ്പെട്ട നാരായണനെതിരായ കേസെന്നാണ് സിപിഐ(എം) നിലപാട്.

പൊലീസിലെ ഒരു വിഭാഗം ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതായാണ് അവരുടെ കേന്ദ്രത്തിലെ ബിജെപി സർക്കാരിൽ നിന്ന് സഹായം പ്രതീക്ഷിച്ചാണിതെന്നും പറയുന്നു. കണക്കുകളും തെളിവുകളും നിരത്തിയാണ് ഇത് സമർത്ഥിക്കുന്നതും. ഈ നീക്കങ്ങളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പിന്തുണയ്ക്കുന്നു. രാഷ്ട്രീയമായി സിപിഎമ്മിനെ തളർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസിന്റേയും രമേശ് ചെന്നിത്തലയുടേയും നീക്കം. ഇതാണ് ഇപ്പോഴത്തെ ഒത്തുകളിക്ക് കാരണമെന്നാണ് ആക്ഷേപം. ബിജെപി ആർ.എസ്.എസ് സംഘം ക്രൂരമായി കൊലപ്പെടുത്തിയ നാരായണന്റെയും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരൻ അരവിന്ദന്റെയും പേരിൽ കൊലപാതകിയുടെ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർചെയ്തിരിക്കുന്നത്. .

പ്രധാന പ്രതി എരളാലിലെ പുഷ്പരാജിന്റെ പരാതിയിലാണ് വിചിത്രമായ വധശ്രമക്കേസ് രജിസ്റ്റർചെയ്ത്. ഇതിന് പിന്നിൽ ആർഎസ്എസ് സ്വാധീനമാണെന്നാണ് ആരോപണം. തിരുവോണ നാളിലാണ് ആർഎസ്എസ് ബിജെപി ക്രിമിനലുകൾ നാരായണനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അരവിന്ദൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. യുഡിഎഫ് ഭരണത്തിൽ കാസർകോട് ജില്ലയിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഐ എം പ്രവർത്തകനാണ് കായക്കുന്നിലെ നാരായണൻ. നേരത്തെ കതിരൂർ മനോജ് കൊല്ലപ്പെട്ടപ്പോൾ ദേശീയ ഭീകര വിരുദ്ധ നിയമം ചുമത്തുകയും കേസ് അന്വേഷണം സിബിഐയ്ക്ക് വിടുകയും ചെയ്തിരുന്നു. ബിജെപിക്ക് വേണ്ടിയാണ് ഇതെന്നെ വാദം അന്നു തന്നെ ഉയർന്നിരുന്നു. ആഭ്യന്തര മന്ത്രിയ്‌ക്കൊപ്പം ചില പൊലീസ് ഉന്നതരും ഇപ്പോൾ ബിജെപിയോട് അടുക്കുന്നുവെന്നാണ് ആക്ഷേപം.

ഡി.ജി.പിമാരുടെ എണ്ണം നാലിൽനിന്ന് എട്ടാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ശിപാർശ കേന്ദ്ര ആഭ്യന്തരവകുപ്പ് നേരത്തെ തള്ളിയിരുന്നു. കാര്യക്ഷമത പ്രകടിപ്പിക്കുന്ന കാര്യത്തിൽ കേരളത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥർ പിൻനിരയിലാണെന്ന വാദം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരവകുപ്പ് ഡി.ജി.പിമാരുടെ എണ്ണം നാലിൽനിന്ന് എട്ടാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ശിപാർശ തള്ളിയത്. കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ഐ.പി.എസ്. ഉദ്യോഗസ്ഥർ അതൃപ്തരാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി തീരുമാനം മരവപ്പാക്കാനും ചിലർ ശ്രമം ആരംഭിച്ചതായും ഇതിനായി ബിജെപി നേതൃത്വുമായി ചിലർ രഹസ്യചർച്ചകൾ നടത്തിയതായുമായി വാർത്തയുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിനെതിരെ സിപിഐ(എം) രംഗത്ത് വരുന്നത്. കണ്ണൂരിലും കാസർഗോഡു ഒത്തുകളി സജീവമാണെന്നാണ് ആക്ഷേപം.

എന്നാൽ ആരോപണങ്ങളെ ബിജെപി തള്ളിക്കളയുന്നു. ബിജെപിയെ തകർക്കാൻ സിപിഎമ്മിനൊപ്പമാണ് പൊലീസെന്നാണ് അവരുടെ വാദം. കതിരൂർ മനോജിന്റെ കൊലപാതക വാർഷിക ദിവസം പട്ടികളെ കൊന്ന് കെട്ടിതൂക്കിയ സംഭവം അവർ ഉയർത്തിക്കാട്ടുന്നു. കണ്ണൂരിൽ സംഘർഷമെന്ന് പറയുന്ന പൊലീസ്, കതിരൂർ മനോജിന്റെ കൊലക്കേസ് നടന്ന സ്ഥലത്ത് ഇന്ന് വാർഷിക ദിനത്തിൽ പൊലീസിനെ പോലും വിന്യസിച്ചില്ല. പുഷ്പാർച്ചന നടത്താൻ രാവിലെ ആർഎസ്എസ് നേതാക്കളെത്തുമെന്ന് മുൻകൂട്ടി അറിയാം. അതുകൊണ്ട് തന്നെ ഇവിടെ ശക്തമായ നിരീക്ഷണം നടത്തേണ്ടതായിരുന്നു. എന്നാൽ അതൊന്നും സംഭവിച്ചില്ലെന്നതിന്റെ സൂചനയാണ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കൽ. പൊലീസിന്റെ മൗന സമ്മതമില്ലാതെ ഇത് നടക്കില്ലെന്നാണ് ബിജെപിക്കാരുടെ വാദം. ആർഎസ്എസ് പ്രവർത്തകർക്കെതിരെ നിരന്തര ആക്രമങ്ങൾ നടക്കുന്നതിന് പിന്നിലും പൊലീസിന്റെ ഒത്തുകളിയാണെന്നാണ് ആക്ഷേപം.

സിപിഐ എം പ്രവർത്തകന്റെ എട്ടു വയസ്സുള്ള മകനെ ആർഎസ്എസ് ക്രിമിനൽ പൈശാചികമായി വെട്ടിക്കൊന്നത് രണ്ടുമാസം മുമ്പാണ്. മൂന്നുപേരെ വെട്ടിക്കൊന്നത് ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്നാണ് ആക്ഷേപം. കോൺഗ്രസും മുസ്ലിംലീഗുമാണ് രണ്ടുപേരുടെ ജീവനെടുത്തത്.സിപിഐ എം പ്രവർത്തകനായിരുന്ന ടി മനോജിനെ ബൈക്കിലെത്തിയ ലീഗുകാർ ചവിട്ടിക്കൊന്നത് 2012 ഓഗസ്ത് രണ്ടിനാണ്. തൊട്ടടുത്ത വർഷം സെപ്റ്റംബർ 16ന് ഓണനാളിൽ ഉദുമ മാങ്ങാട്ടെ സിപിഐ എം പ്രവർത്തകൻ എം ബി ബാലകൃഷ്ണനെ കോൺഗ്രസ് ക്രിമിനൽസംഘം സ്‌കൂട്ടർ തടഞ്ഞുനിർത്തി കുത്തിക്കൊന്നു. പാണത്തൂരിലെ സിപിഐ എം പ്രവർത്തകൻ അബ്ദുൾ ഷെരീഫിനെ ബിജെപിക്കാർ കൊലപ്പെടുത്തിയത് രണ്ടുവർഷം മുമ്പാണ്.

കുമ്പളയിലെ ഉശിരനായ സിപിഐ എം പ്രവർത്തകൻ പി മുരളിയെ ആർഎസ്എസ് ബിജെപി സംഘം കൊലപ്പെടുത്തിയത് 2014 ഒക്ടോബറിലാണ്. രണ്ടുമാസം മുമ്പാണ് പെരിയ കല്ല്യോട്ട് അഞ്ചാംക്ലാസ് വിദ്യാർത്ഥി ഫഹദിനെ കൊലപ്പെടുത്തിയത്. സിപിഐ എം പ്രവർത്തകൻ കണ്ണോത്തെ ബഷീറിന്റെ മകനാണ് ഫഹദ്. ഇതെല്ലാം ഉയർത്തിയാണ് സിപിഐ(എം) പൊലീസിനെതിരെ ആരോപണവുമായെത്തുന്നത്.