തിരുവനന്തപുരം: സംസ്ഥാനത്ത് ഓമിക്രോൺ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങൾക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പുതുവർഷത്തോടനുബന്ധിച്ച് ജനുവരി 2 വരെ രാത്രി നിയന്ത്രണങ്ങളുണ്ട്. പുതുവർഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കവെ രസകരമായ മുന്നറിയിപ്പ് സന്ദേശവുമായി കേരള പൊലീസും രംഗത്തെത്തി. ഔദ്യോഗിക പേജിൽ ട്രോളായാണ് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. കല്ല്യാണ രാമനിലെ പ്രസിദ്ധമായ 'MELCOW' മീമിലാണ് ട്രോൾ തയ്യാറാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാതെ 'അലമ്പുണ്ടാക്കുന്നവർക്ക് ലോക്കപ്പിനുള്ളിൽ ഡിജെ പാർട്ടിയും കേക്ക് മുറിക്കലും സൗജന്യം' കേരള പൊലീസ് പറയുന്നു.

ഓമിക്രോൺ 63 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന ദിവസങ്ങളിൽ രാത്രി പത്ത് മണിക്ക് ശേഷം മത, സാമൂഹിക, രാഷ്ട്രീയ പരിപാടികൾ പാടില്ലെന്നാണ് നിർദ്ദേശം.

മാസ്‌ക്, വായൂ സഞ്ചാരമുള്ള മുറി, വാക്സിനേഷൻ എന്നിവ ഓമിക്രോൺ പ്രതിരോധത്തിൽ വളരെ പ്രധാനമാണ്. എൻ 95 മാസ്‌ക് ഒമിക്രോണിനെതിരെ ഫലപ്രദമായ പ്രതിരോധമൊരുക്കുന്നു. പൊതുയിടങ്ങളിൽ എവിടെ പോകുമ്പോഴും എൻ 95 മാസ്‌ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്. അകലം പാലിക്കാതെയിരുന്ന് ഭക്ഷണം കഴിക്കരുത്.