- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണ്ടിവന്നാൽ റോഡിന് കുറുകെ ഞങ്ങൾ കയറുകെട്ടും; പൊട്ടിച്ചാൽ എട്ടിന്റെ പണിയും തരും; സ്വയം അയ്യപ്പൻനായർ പരിവേഷം ഏറ്റെടുത്ത് കേരളപ്പൊലീസ്; ഷോക്കിടയിൽ സൗകര്യപൂർവ്വം മറക്കുന്നത് ഡിജിപിയുടെ ഉത്തരവ്
തിരുവനന്തപുരം: വീണ്ടുമൊരു സമ്പൂർണ്ണ അടച്ചിടലിലേക്ക് സംസ്ഥാനം കടക്കുമ്പോൾ ഏറ്റവും ചർച്ചയാകുന്നത് പൊലീസിന്റെ യാത്രക്കാരോടുള്ള പെരുമാറ്റം തന്നെയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കർശനമായി നിയന്ത്രിക്കണം.അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല.അതേസമയം അതിനൊപ്പം തന്നെ അത്യാവശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവരെ കൃത്യമായി പരിഗണിക്കുന്നതാവണം പൊലീസ് നടപടി എന്നാണ് പൊതുജനാഭിപ്രായം.എങ്കിലും ഒന്നാം ലോക്ഡൗണിലെ ചില ദുരനുഭവങ്ങൾ ഇപ്പോഴും ജനങ്ങൾക്കിടയിൽ ചർച്ചയാണ്.
ഈ കാരണംകൊണ്ടു തന്നെയാവണം സെമിലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ഉന്നത പൊലീസ് മേധാവികളടക്കം പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിലും പെരുമാറ്റത്തിലും സംയമനം വേണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്.അത്യാവശ്യകാര്യങ്ങൾക്ക് പോകുന്നവർക്ക് ഒരു തടസ്സവും ഉണ്ടാകരുതെന്നും യാത്രക്കാർക്കെതിരെ പ്രാകൃത നടപടിയൊന്നും ഉണ്ടാകരുതെന്നും സെമിലോക്ഡൗണിന്റെ തുടക്കത്തിൽ തന്നെ ഉന്നതഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
എന്നാൽ അവയൊക്കെ തന്നെയും കാറ്റിൽപ്പറത്തി പട്ടാപ്പകൽ നടുറോഡിൽ ഷോ ഇറക്കുന്ന പൊലീസ് രീതിക്ക് ഇക്കുറിയും മാറ്റമില്ലെന്നാണ് സെമിലോക്ഡൗണിലെ കാഴ്ച്ചകൾ സൂചിപ്പിക്കുന്നത്.ഇതിൽ ഏറ്റവും വിരോധാഭാസം അത്തരം ഷോകളുടെ വീഡിയോകൾ സിനിമാ ഡയലോഗും കൂടി ചേർത്ത് താരപരിവേഷത്തിൽ പോസ്റ്റു ചെയ്യുന്നുവെന്നുള്ളതാണ്.പൊലീസിന്റെ ഇത്തരം പോസ്റ്റുകൾക്ക് പൊതുവേ നല്ല സ്വീകാര്യതയാണ് ലഭിക്കാറ്.എന്നാൽ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള അവരുടെ തന്നെ ഷോ എന്ത് മാതൃകയാണ് സമൂഹത്തിൽ തീർക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.
ഗതാഗതം നിയന്ത്രിക്കുന്നതിന് ഒരു കാരണവശാലും റോഡിനു കുറുകെ കയറോ വടമോ വലിച്ചുകെട്ടരുതെന്ന ഡിജിപിയുടെ ഉത്തരവ് നിലനിൽക്കെയാണ് മിനി ലോക്ഡൗണിൽ പൊലീസ് കെട്ടിയ കയർ പൊട്ടിച്ച സ്കൂട്ടർ യാത്രികനെക്കൊണ്ട് തിരിച്ചു കെട്ടിച്ച് 'ഹീറോയിസ'വുമായി പൊലീസ് രംഗത്ത് വന്നിരിക്കുന്നത്. അയ്യപ്പനും കോശിയിലെയും അയ്യപ്പൻനായരുടെ മുണ്ടൂർ മാടൻ പരിവേഷത്തെ വർണ്ണിക്കുന്ന സംഭാഷണവും ചേർത്താണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ തന്നെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
റോഡിനു കുറുകെ വലിച്ചുകെട്ടിയിരിക്കുന്ന വള്ളി ഒരു സ്കൂട്ടർ യാത്രികൻ കടന്നുപോകുമ്പോൾ പൊട്ടുന്നതാണ് ആദ്യ ദൃശ്യം. അടുത്ത സെക്കൻഡിൽ 'കണ്ടറിയണം കോശീ, നിനക്കെന്താണ് സംഭവിക്കുക'യെന്ന് എന്ന അയ്യപ്പൻ കോശി സിനിമാ ഡയലോഗ് പ്രത്യക്ഷപ്പെടുന്നു. തുടർന്ന് ഈ യാത്രികനെക്കൊണ്ട് കയർ തിരികെ കെട്ടിക്കുന്നതാണ് വിഡിയോ.
അവസാനം മാസ് ഡയലോഗും 'സാഗർ എന്ന മിത്രത്തിനെ മാത്രമേ നിനക്കറിയൂ, ജാക്കിയെന്ന ശത്രുവിനെ അറിയില്ല'. ഡിജിപിയുടെ ഉത്തരവ് ലംഘിച്ച് പൊലീസ് തന്നെ റോഡിനു കുറുകെ കെട്ടിയ കയറ് പൊതുജനത്തെക്കൊണ്ട് നിർബന്ധപൂർവം കെട്ടിക്കുകയും അതിന്റെ വിഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്ത നടപടിക്കെതിരെ കമന്റുകളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
നിർദ്ദേശത്തിലേക്ക് വഴിവെച്ച അപകടം
നിയമസഭാ നടപടി റിപ്പോർട്ട് ചെയ്യാൻ സഭയിലേക്ക് ഇരുചക്ര വാഹനത്തിൽ പോയ പത്രപ്രവർത്തകൻ അനിൽ രാധാകൃഷ്ണനുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ 2018 സെപ്റ്റംബറിൽ റോഡിന് കുറുകെ കയർകെട്ടാൻ പാടില്ലെന്ന ഉത്തരവിറക്കിയത്. ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസ് റോഡിനു കുറുകെ കെട്ടിയിരുന്ന കയർ അനിലിന്റെ കഴുത്തിൽ കുരുങ്ങി മാരകമായി പരുക്കേൽക്കുകയായിരുന്നു.
ദീർഘനാളത്തെ ചികിൽസ വേണ്ടിവന്നു. ഈ സംഭവം അന്ന് പ്രമുഖ പത്രങ്ങളിൽ വാർത്തയായിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിർദ്ദേശം എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നൽകാനും നിർദ്ദേശമുണ്ടായിരുന്നു.
മനുഷ്യാവകാശ കമ്മീഷന് പിന്നാലെ ഡിജിപി; ലംഘിക്കുന്നത് ഈ ഉത്തരവ്
2018 ഒക്ടോബറിലാണ് റോഡിനു കുറുകെ കയർ വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ സർക്കുലർ ഇറക്കിയത്. ഗതാഗതം നിയന്ത്രിക്കുന്നതിനു കയറും വടവും അശാസ്ത്രീയമായി ഉപയോഗിക്കുന്നതിലൂടെ അപകടം ഉണ്ടാകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിമാർക്കു ബെഹ്റ അന്ന് നിർദ്ദേശം നൽകിയത്.
ഗതാഗതം വഴിതിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനു വളരെ മുൻപേ അക്കാര്യം നിർദ്ദേശിച്ചുള്ള ബോർഡ് സ്ഥാപിക്കണം. സ്ഥലത്ത്് ആവശ്യത്തിനു പൊലീസുകാരെയും നിയോഗിക്കണം. ഗതാഗതം നിയന്ത്രിക്കുന്നതിനു സ്ഥാപിക്കുന്ന ബാരിക്കേഡുകളും അതിലെ റിഫ്ളക്ടറുകളും ഡ്രൈവർമാർക്കു വളരെ ദൂരത്തുനിന്നു തന്നെ കാണാവുന്ന വിധത്തിലായിരിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചു.
ഇവയൊന്നും തന്നെ പ്രസ്തുത വീഡിയോയിൽ പാലിച്ചിട്ടില്ലെന്ന് മാത്രമല്ല, നിർദ്ദേശങ്ങളുടെയൊക്കെ കൃത്യമായ ലംഘനവും നടന്നിട്ടുണ്ട്.ഗതാഗതനിയന്ത്രണത്തിനായി റോഡിന് കുറുകെ കയറുകൾ കെട്ടിയത് മൂലം ജീവഹാനി വരെ സംഭവിച്ച അപകടങ്ങൾക്ക് കേരളം സാക്ഷിയായിട്ടുണ്ട്.ഈ സാഹചര്യത്തിലായിരുന്നു കർശന നിർദ്ദേശം.
സെമിലോക്ഡൗണിന്റെ സമയത്ത് തന്നെ ഇത്തരം സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നെങ്കിൽ ലോക്ഡൗണിലേക്ക് കടക്കുമ്പോൾ വീഡീയോയിൽ പറഞ്ഞത്പോലെ കണ്ടറിയണം കോശി നിനക്ക് എന്താ സംഭവിക്കുക എന്ന സന്ദേശം തന്നെയാണ് മുന്നോട്ട് വെക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ