തിരുവനന്തപുരം: എങ്ങും ക്ലബ്ല് ഹൗസ് തരംഗമാണ്. സംസാരം കലയാക്കിയവർക്ക് ഷൈൻ ചെയ്യാൻ പറ്റിയ ഇടം. എന്നാൽ, ഇതിനിടയിൽ ചിവ വിരുതന്മാരുടെ ചെയ്തികൾ സൂക്ഷിച്ചില്ലെങ്കിൽ പണം കിട്ടുമെന്ന് ഉറപ്പായി. ക്ലബ് ഹൗസിൽ നടന്ന ചർച്ചയുടെ ഓഡിയോ റെക്കോഡ് ചെയ്ത് അപകീർത്തികരമായ വിധത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കേൾവിക്കാരായി റൂമിൽ കയറിയവരുടേത് ഉൾപ്പെടെ സ്‌ക്രീൻ ഷോട്ട് പ്രദർശിപ്പിച്ച് ഓഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തെന്നാണ് വയനാട് സ്വദേശിനിയുടെ പരാതിയിൽ പറയുന്നത്. ലൈംഗികതയെക്കുറിച്ച് നടന്ന ചർച്ചയിൽ പങ്കെടുത്തുവെന്ന് അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് പരാതി.

ഇക്കാര്യത്തിൽ കേരള പൊലീസ് കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പ് ഇങ്ങനെയാണ്.

സൂക്ഷിച്ചില്ലെങ്കിൽ വൈറൽ ആകും

സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ല എന്നോർക്കുക. തരംഗമാകുന്ന പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക.

ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന 'സ്പീക്കർ'മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല. ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‌ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാനും കഴിയും.
.
സ്‌ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വിഡിയോയിൽ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്‌സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളുകളുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണുന്നതുകൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ സെൻസറിങ്' ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നു.

ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്‌ക്രീൻഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്. അതിനാൽ ശ്രദ്ധിക്കുക, സൂക്ഷിക്കുക