- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബർ മാസത്തിൽ മാത്രം നടന്നത് മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങൾ; ജനുവരിയിൽ ഒന്നും ഫെബ്രുവരിയിൽ രണ്ടും കൊലപാതകങ്ങൾ; പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായ ശേഷം ആകെ നടന്നത് 50 രാഷ്ട്രീയ കൊലപാതകങ്ങൾ; കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പ് കണ്ണൂരിലും അരുംകൊല
തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച് കേരളം നമ്പർ വണ്ണാണെന്ന പ്രചരണവും സിപിഎം സൈബർ സഖാക്കൾ തന്നെ നടത്തിയരുന്നു. ഇതിന് പിന്നാലെ യോഗി ചൂണ്ടിക്കാട്ടിയത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യമാണ്. ഈ പ്രസ്താവനക്ക് പിന്നാലെ കേരളത്തിൽ നടന്നതാകട്ടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ. കിഴക്കമ്പലത്ത് ദീപുവെന്ന ട്വന്റി 20 പ്രവർത്തകനെ സിപിഎമ്മുകാർ മർദ്ദിച്ചു കൊന്നപ്പോൾ തലശ്ശേരിയിൽ സിപിഎം പ്രവർത്തകനും കൊല്ലപ്പെട്ടു. ഹരിദാസിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം വന്നതോടെ ബിജെപിയും പ്രതിരോധത്തിലായി.
സംസ്ഥാനത്ത ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം നടന്നത് ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് എന്നതും ഞെട്ടിക്കുന്ന വിവരമാണ്. കാലമേറെ മുന്നോട്ടു പോയിട്ടും രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ കേരളത്തിൽ യാതൊരു മാറ്റവുമില്ലെന്ന തെളിവാണ് ഇത്. ഇന്ന് പുലർച്ചെ ഹരിദാസ് എന്ന സിപിഎം പ്രവർത്തകനാണ് കൊല്ലപ്പെട്ടതെങ്കിൽ കിഴക്കമ്പലത്ത് ദീപുവെന്ന ദളിതനായി ട്വന്റി20 പ്രവർത്തകനായിരുന്നു. ജനുവരിയിൽ ഇടുക്കി എൻജിനീയറിങ് കോളേജിൽ വെച്ച് എസ്എഫ്‌ഐ പ്രവർത്തകനായ ധീരജും കുത്തേറ്റു മരിച്ചു. ഇതിൽ പ്രതിസ്ഥാനത്തുള്ളത് കോൺഗ്രസ് പ്രവർത്തകരാണ്.
ഡിസംബറിലാണ് കേരളത്തെ നടുക്കുന്ന ആലപ്പുഴയിലെ ഇരട്ടകൊലപാതകങ്ങൾ അരങ്ങേറിയതും. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഇതുവരെ നടന്നത് 50 രാഷ്ട്രീയ കൊലപാതകങ്ങളെന്ന് കണക്കുകൾ. 2016 മെയ് 25 മുതൽ 2021 ഡിസംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം ഇത് 47 ആയിരുന്നങ്കിൽ അതിന് ശേഷം മൂന്ന് കൊലപാതകങ്ങൾ കൂടി നടന്നതോടെ അത് അമ്പതിലേക്ക് എത്തി.
കഴിഞ്ഞ വർഷം മാത്രം എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കാലയളവിൽ 19 ആർഎസ്എസ് / ബിജെപി പ്രവർത്തകരും 14 സിപിഎം/ ഡിവൈഎഫ്‌ഐ പ്രവർത്തകരും കൊല്ലപ്പെട്ടു. കോൺഗ്രസ്/ യൂത്ത് കോൺഗ്രസ്-4, മുസ്സിം ലീഗ്/ യൂത്ത് ലീഗ്- 6, എസ്.ഡി.പി.ഐ- 2, ഐഎൻടിയുസി- 1, ഐഎൻഎൽ- 1, ട്വന്റി 20-1 എന്നിങ്ങനെയാണ് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ കൊല്ലപ്പെട്ടവരുടെ കണക്ക്.
എറണാകുളം മഹാരാജാസ് കോളജിൽ കാംപസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവും ഈരാറ്റുപേട്ടയിൽ കൊല്ലപ്പെട്ട സിപിഎം വിമതൻ കെ എം നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ പട്ടികയിലുണ്ട്. ഇക്കാലയളവിൽ ഏറ്റവുമധികം കൊലപാതകം നടന്ന ജില്ലാ കണ്ണൂരാണ്-11. തൊട്ടുപിന്നിൽ തൃശൂർ-എട്ട്. ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിൽ പൊലീസിനും സ്‌പെഷൽ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കാനിടയാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ തട്ടകത്തിൽ വെച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെടുമ്പോഴും ആഭ്യന്തര വകുപ്പാണ് വിമർശനം കേൾക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് നന്ദു കൃഷ്ണ എന്ന ആർഎസ്എസ് നേതാവിനെ ചേർത്തലയിൽ വെട്ടിക്കൊന്നു. എസ്ഡിപിഐ പ്രവർത്തകർക്ക് എതിരെയാണ് കേസ്. പാർട്ടിയുമായി ബന്ധപ്പെട്ട 37 പേരാണ് അറസ്റ്റിലായത്. ഇതിന് തിരിച്ചടി എന്ന നിലയിലാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ ആലപ്പുഴയിൽ കൊലപ്പെടുത്തിയത്. അടിക്ക് തിരിച്ചടി എന്നോണം തുടർന്ന് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലെ വീട്ടിനുള്ളിൽ വെട്ടിക്കൊന്നു. രണ്ട് കേസിലെയും പ്രതികളെ ഇനിയും പിടികൂടാനുമുണ്ട്.
ഡിസംബർ രണ്ടിന് പത്തനംതിട്ട പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ അഞ്ചംഗ ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആരോപിക്കുന്നു. എന്നാൽ വ്യക്തിപരമായ വിരോധമാണ് കൊലയിലേക്ക് നയിച്ചതെന്നും രാഷ്ട്രീയ കാരണമില്ലെന്നുമാണ് പ്രതികൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത്. നവംബർ 15ന് പാലക്കാട്ട് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ പട്ടാപ്പകൽ ബൈക്കിടിച്ച് വീഴ്‌ത്തി എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
2020 തിരുവോണ നാളിലാണ് കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടന്നത്. ഡിവൈഎഫ് ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി. 2019 ഫെബ്രുവരി 17-നാണ് സിപിഎം പ്രവർത്തകർ പ്രതികളായ കാസർകോട് പെരിയ ഇരട്ടക്കൊലപാതകം നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷുമാണ് കൊല്ലപ്പെട്ടത്. 2019 സെപ്റ്റംബറിൽ അന്വേഷണം സിബിഐക്ക് വിട്ടു. സിപിഎം പ്രാദേശിയ നേതാക്കളും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും ഈ കേസിൽ പ്രതിപട്ടികയിലുണ്ട്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസ് കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞ് മടങ്ങവേ വീടിന് മുന്നിൽ വച്ചാണ് ആക്രമണം. ഞായറാഴ്ച ഉച്ചക്കാണ് ഹരിദാസൻ കടലിൽ പോയത്. മടങ്ങിയെത്തുന്നത് കാത്തിരുന്ന സംഘമാണ് ആക്രമിച്ചത്. ബന്ധുക്കളുടെ മുന്നിൽവച്ചാണ് അക്രമിച്ചത്. ബ്ദം കേട്ടെത്തിയ നാട്ടുകാർ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഒരു കാൽ വെട്ടിയെടുത്ത് ഉപക്ഷേിച്ച നിലയിലായിരുന്നു. ശരീരത്തിലുടനീളം ആഴത്തിലുള്ള മുറിവുകളുണ്ട്.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു.കൃത്യമായ ആസൂത്രണത്തോടെയാണ് കൊലനടത്തിയത്. അരുംകൊല നടത്തിയ പ്രതികൾക്കെതിരെ കർശന നടപടിവേണമെന്നും ആവശ്യപ്പെട്ടു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ