- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
തോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പ്രതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ്ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്ഡിപിഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; രാഷ്ട്രീയ കേരളം@2021
പിണറായിസത്തിന്റെ വർഷം! 2021ലെ രാഷ്ട്രീയ കേരളത്തെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. ചരിത്രത്തിൽ ആദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം കിട്ടുമ്പോൾ അതിൽ ഉയർന്നുകേട്ടത് കണ്ണൂർ പിണറായിയിൽ മുണ്ടയിൽ കോരൻ എന്ന ചെത്തുതൊഴിലാളിയുടെ മകൻ വിജയന്റെ പേര് മാത്രമാണ്. മനോരമ എഴുതിയപോലെ പിണറായി വീണ്ടും മിന്നൽപ്പിണറായ സമയം. 140ൽ 99 സീറ്റുമായി ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തേരോട്ടത്തിൽ എതിരാളികൾ നിഷ്പ്രഭരായി. പിണറായിസം എന്നൊരു വാക്കും കേരളം പുതുതായി കേട്ടു.
എന്താണ് പിണറായിസം എന്നുചോദിച്ചാൽ സാമൂഹിക നിരീക്ഷകർക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ഉണ്ടാവുക. ഏത് സാഹചര്യത്തിലും കേരളത്തെ രക്ഷിക്കാൻ കഴിയുന്ന അതിശക്തനായ ഭരണാധികാരിയാണെന്ന തോന്നൽ ഉണ്ടാക്കുക. ഒപ്പം നിരവധി സൗജന്യ പദ്ധതികളിലൂടെ പാവങ്ങളെയും ഇടത്തരക്കാരെയും ഒരു പോലെ കൈയിലെടുക്കുക. കേരളത്ത രാഷ്ട്രീയത്തിലെ സാമൂഹിക സാമ്പത്തിക ഘടകങ്ങളെക്കുറിച്ച് പഠിക്കുന്ന, കേരളാ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ അർജുനൻ പുല്ലാട്ട് ഇങ്ങനെ നിരീക്ഷിക്കുന്നു-'' പിണറായി വിജയൻ എന്ന വ്യക്തി കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷം മുമ്പ്വരെയും ജനകീയൻ ആയിരുന്നില്ല. കഴിഞ്ഞതവണ ഇടതുമുന്നണി അധികാരത്തിൽ എത്തിയപ്പോഴും വി.എസിനെ മൂൻ നിർത്തിയായിരുന്നു അവർ പട നയിച്ചത്. പ്രളയം, കോവിഡ് തുടങ്ങിയ മഹാദുരിതങ്ങൾ കേരളത്തിൽ എത്തിയപ്പോൾ അതുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനങ്ങളാണ് പിണറായിയെ ജനപ്രിയനാക്കിയത്. കേരളത്തിലെ വീട്ടമ്മമാരിലും ടീനേജർമാരിലുമൊക്കെ പിണറായിയുടെ ഇമേജ് മാറുന്നത് ശരിക്കും ഈ വാർത്താ സമ്മേളനങ്ങളിലുടെ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും ആത്വിശ്വാസവും, ക്രൈസിസ് മാനേജ്മെന്റിനുള്ള കഴിവുമാണ്. കഷ്ടതകൾ നിറഞ്ഞ ഒരു കാലത്ത് തങ്ങളെ നയിക്കാൻ ശക്തനായ ഒരു നേതാവ് വേണമെന്ന് ജനം തീരുമാനിക്കുന്നു. ലോക ചരിത്രത്തിൽ അങ്ങനെ പല സംഭവങ്ങളുമുണ്ട്. ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞ ഇന്ദിരാഗാന്ധിയുടെ വിജയമൊക്കെ ഇതാണ് സൂചിപ്പിക്കുന്നത്''.
രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കറും ഇക്കാര്യം ശരിവെക്കുന്നു.-'' ഒരു പരിധിവരെ ഏകാധിപതികളെ ഇഷ്ടപ്പെടുന്ന ജനതയാണ് നാം. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിൽ കോൺഗ്രസിനും കെ കരുണാകരനും വൻ വിജയം കിട്ടിയത് ഓർക്കുക. ഈ മഹാമാരിക്കാലത്തും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഒരാൾ നേതൃത്വത്തിൽ വരണമെന്ന് ജനം ചിന്തിക്കുന്നു. പിണറായി ആയതുകൊണ്ട് അദ്ദേഹത്തിന് പാർട്ടിയോടുപോലും ചോദിക്കേണ്ട കാര്യമില്ല. സ്വന്തമായി തീരുമാനിച്ച് നടപ്പാക്കിയാൽ മതി. എന്നാൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും സംബന്ധിച്ച് സ്ഥിതി അതല്ല. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്പോലും മതനേതാക്കളാടും, ജാതിസംഘടനകളോടും ഒക്കെ ചോദിക്കണം. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കണം. ഇവിടെ പിണറായി പറയുന്നു, എല്ലാവരും തലകുലുക്കി അംഗീകരിക്കുന്നു. എല്ലാം വെരി സിമ്പിൾ''.
കേരള മാർക്സിസത്തിന്റെ അന്ത്യം
സായുധ വിപ്ലവപാത ഉപക്ഷേിച്ച് ജനകീയ ജനാധിപത്യ വിപ്ലവം എന്ന അജണ്ടയുമായി ഇറങ്ങിയതോടെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയത്. ഒരു വ്യക്തിയിലേക്ക് അധികാരങ്ങൾ കേന്ദ്രീകരിക്കുന്നത് ഫലത്തിൽ വികേന്ദ്രീകൃത ജനാധിപത്യം എന്ന ഇന്ത്യൻ കമ്യൂണിസ്റ്റുകൾ പിന്തുടരുന്ന രീതിയെ തന്നെ അട്ടിമറിക്കുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. '' ചൈനയിലെ ഷീ ജീൻ പിങിനെപ്പോലെ റെഡ് കാപ്പിറ്റലിസത്തിനാണ് പിണറായി തുടക്കമിടുന്നത്. എല്ലാവിധ മുതലാളത്ത മൂലധന ശക്തികളോടും സന്ധിചെയ്തുകൊണ്ടുള്ള പ്രവർത്തനം. കെ റെയിലിന്റെ കാര്യത്തിലൊക്കെ നാം കാണുന്നത് അതാണ്'- മാർക്സിസ്റ്് സൈദ്ധാന്തികനായ ഡോ ആസാദ് ചൂണ്ടിക്കാട്ടുന്നു.
57ലെ ഇ.എം.എസ് സർക്കാറിന്റെ കാലത്തുതന്നെയുണ്ടായിരുന്ന ആക്ഷേപമായിരുന്നു സെൽ ഭരണം എന്നത്. അതായത് സർക്കാർ അല്ല പാർട്ടിയാണ് തീരുമാനങ്ങൾ എല്ലാം എടുക്കുകയെന്നത്. എന്നാൽ ഇപ്പോഴത് സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിലെപ്പോലെ ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇതായിരുന്നില്ല സിപിഎം നാളിതുവരെ പിന്തുടർന്നിരുന്നത്. ഇ.എം.എസിനെയും എ.കെ.ജിയെയും പോലും ശാസിക്കുകയും തിരുത്തിക്കുകയും ചെയ്ത പാർട്ടിയാണ് അത്. നായനാർക്കും വി.എസിനും ഒന്നും പാർട്ടിയിൽ ഈ രീതിയിൽ സമ്പുർണ്ണ ആധിപത്യം കിട്ടിയിട്ടില്ല. ഫലത്തിൽ പിണറായിസം എന്നു പറയുന്നത് കേരളാ മാർക്സിസത്തിന്റെ അന്ത്യമാണ്.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തന്നെ ഈ എകാധിപത്യപ്രവണത തുടങ്ങിയിരുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഹെഡ്‌മാസ്റ്റും കുട്ടികളും എന്നായിരുന്നു അന്ന് പിണറായി മന്ത്രിസഭയെക്കുറിച്ച് കേട്ട ആക്ഷേപം. ഒരുവേള പാർട്ടി തീരുമാനങ്ങൾ മന്ത്രിസഭയിൽ നടത്തിയെടുക്കാൻ കഴിയാത്തതിന് സിപിഐ സ്വന്തം മന്ത്രിമാരെ ശാസിക്കുകപോലും ചെയ്തിരുന്നു. അതുപോലെ തുടർന്ന് ഈ തെരഞ്ഞെടുപ്പിൽ രണ്ടുതവണ മത്സരിച്ച മുഴുവൻ പേരെയും മാറ്റിനിർത്തുക എന്നതും പിണറായി വിജയന്റെ ഒറ്റ തീരുമാനം ആയിരുന്നവെന്നാണ് അറിയുന്നത്.
ആരോഗ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ദുരന്തം
തോമസ് ഐസക്കിനെുയും ജി സുധാകരെയും പോലുള്ള പരിചയ സമ്പന്നർക്ക് ഇതോടെ മത്സരിക്കാൻ തന്നെ സീറ്റ് ഇല്ലാതായി. ജയിച്ചിട്ടും, നല്ല പേരുണ്ടായിട്ടും കെ.കെ ശൈലജക്ക് മന്ത്രിസഭയിൽ സ്ഥാനവും കിട്ടിയില്ല. എഴുത്തുകാരൻ എൻ.എസ് മാധവൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.- '' കഴിവിന് യാതൊരു പ്രാധാന്യവും നൽകാതെ പാർട്ടി എന്ന യാന്ത്രിക സംവിധാനംപോലെ പ്രവർത്തിക്കുന്നത് വിധി വിശ്വാസം പോലുള്ള ഒരു കാര്യമാണ്. എത്ര നന്നായി പ്രവർത്തിച്ചാലും എല്ലാവരെയും മാറ്റുമെന്ന് പറയുന്നത് അംഗീകരിക്കാൻ ആവില്ല. കെ.കെ ശൈലജയെപ്പോലുള്ള പരിചയ സമ്പന്നയായ ഒരാൾ ഉണ്ടായിരുന്നെങ്കിൽ സർക്കാറിന്റെ ഇമേജ് എത്രയോ മാറുമായിരുന്നു. അടുത്ത തവണ പിണറായി എന്തായാലു മത്സരരംഗത്തുണ്ടാവില്ല. അപ്പോൾ പിന്നെ ആരെ മുന്നിൽവച്ചാണ സിപിഎം തെരഞ്ഞെടുപ്പ് നയിക്കുക.'
പിണറായിക്ക് പകരക്കാരനായി രണ്ടാം നിരം നേതൃത്വമില്ലെന്നതാണ് ഇടതുപക്ഷത്തെയും ആശങ്കപ്പെടുത്തുന്നത്. മന്ത്രിസഭയിൽ തന്നെ മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത്- ടൂറിസം മന്ത്രിയുമായ മുഹമ്മദ് റിയാസിനല്ലാതെ ആർക്കും ഒരു ഇമേജ് സൃഷ്ടിച്ചെടുക്കാൻ ആയില്ല. സിപിഐ മന്ത്രിമാരായ അഡ്വ കെ രാജനും, പി പ്രസാദും മോശമാക്കിയിട്ടില്ലല്ല. ശൈലജ ടീച്ചറുടെ നിഴൽ മാത്രമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാട്ടെ, കൊച്ചകുട്ടികൾക്ക് അറിയുന്ന കാര്യങ്ങൾപോലും തെറ്റിച്ചു പറഞ്ഞുകൊണ്ട് നിരന്തരം പരിഹാസത്തിന് വിധേയമാവുന്നു. മന്ത്രിസഭയുടെ ഇമേജ് കുത്തനെ താഴോട്ടാണെന്ന് ചുരുക്കം.
ഭരണത്തിൽ എന്നപോലെ പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമാണ് കാണുന്നത്. വി എസ് അച്യുതാനന്ദൻ കഴിഞ്ഞാൽ സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവ് ആയിരുന്ന പി ജയരാജൻ ഒതുക്കപ്പെട്ടു. സംഘടനാ രംഗത്ത് സിപിഎമ്മിന് ആശ്വാസമാവുന്നത്്, ഗ്രൂപ്പുകൾക്ക് അന്യമായി എക്കാലവും നിലപാട് എടുക്കുന്ന കോടിയേരി ബാലകൃഷ്ന്റെ പാർട്ടി സെക്രട്ടിറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവാണ്. അനാരോഗ്യവും മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ ആവുകയും ചെയ്തതോടെ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ഇപ്പോൾ അവിടെ തിരിച്ചെത്തിയിരിക്കയാണ്. നാക്കിന് എല്ലിത്താത്ത, നിരന്തരം വിവാദത്തിൽ പെടുന്ന എ വിജയരാഘവൻ സെക്രട്ടറിയായ കാലം സിപിഎമ്മിനും ടെൻഷൻകാലമായിരുന്നു. ഇനി വരാനിരിക്കുന്ന സിപിഎം കണ്ണൂർ സംസ്ഥാന സമ്മേളനത്തിൽ പുതിയ നേതൃത്വം ഉയർന്നുവരുമോ എന്നാണ് കണ്ട് അറിയേണ്ടത്.
തലമുറമാറ്റത്തിലൂടെ മുഖം മിനുക്കി കോൺഗ്രസ്
കോൺഗ്രസ് തോറ്റ് ഞെട്ടിപ്പോയ ഒരു വർഷമായിരുന്നു കടന്നുപോയത്. വോട്ടേണ്ണലിന്റെ ഒരു ഘട്ടത്തിൽ കോൺഗ്രസ് വല്ലാതെ പിറകിലായി പ്രതിപക്ഷ നേതൃസ്ഥാനം മുസ്ലിം ലീഗിന് കിട്ടുമോ എന്നുപോലും ആശങ്ക ഉയർന്നിരുന്നു. കനത്ത തോൽവിയിൽനിന്ന് കോൺഗ്രസും തിരുത്തലിന് തയ്യാറായി.
പിണറായി വിജയനുമായി നേരിട്ട് മുട്ടാനുള്ള കഴിവുള്ള ഒരു നേതാവ് ഉയർന്നുവരണം എന്ന ചിന്തതന്നെയാണ് കെ സുധാകരൻ എന്ന കരുത്തനായ നേതാവിനെ കെപിസിസി പ്രസിഡന്റായി നിയമിച്ചതിലൂടെ കോൺഗ്രസ് ലക്ഷ്യമിട്ടത്്. രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കിക്കൊണ്ട സിപിഎം കാണിച്ച തലമുറമാറ്റവും ഫലത്തിൽ കോൺഗ്രസിൽ സമ്മർദം ഏറ്റി. അതുപോലെ തന്നെ മിക്ക തെരഞ്ഞെടുപ്പ് സർവേകളിലും ഒട്ടും ജനപ്രിയനല്ലെന്ന് കാണിച്ചുതന്ന രമേശ് ചെന്നിത്തലയെ മാറ്റി, ക്ലീൻ ഇമേജുള്ള വി.ഡി സതീശൻ പ്രതിപക്ഷ നേതാവായി.
ഇലക്ഷനിലെ ചെങ്കെടുങ്കാറ്റിൽ തളർന്നുപോയ കോൺഗ്രസ് അണികൾക്ക് ആവേശം പകരാൻ ഈ മാറ്റത്തിനു കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഭരണപക്ഷത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നതിലും, സിപിഎം സൈബർ വിങിന്റെ സംഘടിതമായ പ്രൊപ്പഗാൻഡ തടയുന്നതിനുമുള്ള കരുത്ത് കോൺഗ്രസിന് ഇപ്പോഴുമില്ല. സിപിഎം ബ്രാഞ്ച് തൊട്ടുള്ള അവരുടെ സമ്മേളനങ്ങൾ കൃത്യമായി നടത്തുമ്പോൾ, ഒരു സംഘടനാ തെരഞ്ഞെടുപ്പ് പോലും മരിയാദക്ക് നടത്താൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ജമ്പോ കമ്മറ്റികൾ ഉണ്ടാക്കി, ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനമാനങ്ങൾ വീതിക്കുക എന്ന ലൈനാണ് ഇപ്പോഴും കോൺഗ്രസ് സ്വീകരിക്കുന്നത്.
ഗ്രാസ് റൂട്ടിലെ കമ്മറ്റികൾ തകർന്നു കിടക്കുന്നതാണ് കോൺഗ്രസ് നേരിടുന്ന എറ്റവും വലിയ പ്രശ്നം. സിപിഎമ്മിനെ സംബന്ധിച്ച് കേരളത്തിലെ ഓരോമുക്കിലും മൂലയിലും നേരിട്ട് എത്താൻ കഴിയുമെന്നതാണ്, അവരുടെ ഏറ്റവും വലിയ വിജയവും. ഇത് കണ്ടറിഞ്ഞുകൊണ്ട് കെ സുധാകരൻ നടത്തുന്ന പരിശ്രമങ്ങളിലാണ് ഇനി കോൺഗ്രസിന്റെ ഭാവി.
പക്ഷേ സുധാകരനും പിണറായി വിജയനെപ്പോലെ ഏകാധിപതിയാണെന്ന ആരോപണം കോൺഗ്രസിൽ ഉയന്നിട്ടുണ്ട്. മുല്ലപ്പള്ളിയടക്കമുള്ള നേതാക്കൾ ഇത് പരസ്യമാക്കിക്കഴിഞ്ഞു. അതുപോലെ കോൺഗ്രസിനെ ഒരു സെമി കേഡർ സംഘടനയാക്കി മാറ്റാനുള്ള സുധാകരന്റെ നീക്കം, ഫലത്തിൽ ശാന്തരായ അണികളുള്ള കോൺഗ്രസിനെയും കൂടി അക്രമാസക്തർ ആക്കുമെന്നും ആരോപണമുണ്ട്. കൊച്ചിയിൽ നടൻ ജോജുജോർജിനെ ആക്രമിച്ച സംഭവത്തിലും, കോഴിക്കോട്ട് മാധ്യമ പ്രവർത്തകരെ ആക്രമിച്ച കാര്യത്തിലുമൊക്കെ സുധാകരന്റെ പുതിയ നയം കേഡർ നയമാണ് വില്ലനായതെന്നും ആക്ഷേപമുണ്ട്.
ലീഗിലെ ഹരിത കലാപവും വർഗീയതയും
കോൺഗ്രസിനെപ്പോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ തിരിച്ചടി കിട്ടാതെ പിടിച്ചുനിന്നെങ്കിലും ലീഗിനും അത്രക്ക് സുഖകരമായ വർഷമല്ല കടന്നുപോകുന്നത്. അഴീക്കോട്ടും, ഗുരുവായൂരിലും, കോഴിക്കോട് സൗത്തിലുമൊക്കെയേറ്റ തോൽവികൾ ലീഗിനെയും ഞെട്ടിച്ചിട്ടുണ്ട്. ഹരിത എന്ന വനിതാ വിദ്യാർത്ഥി സംഘടനയും ലീഗുമായുള്ള പ്രശ്നത്തിൽ ആ പാർട്ടിയുടെ തനി നിറം അറിയാതെ പുറത്തുവന്നു. മുസ്ലിം പുരുഷന് ഒപ്പമാണ് തങ്ങൾ എന്നും ഇസ്ലാമിൽ ലിംഗ നീതി അന്യമാണെന്നും അവർ പറയാതെ പറയുന്നത് സ്പഷ്ടമായിരുന്നു.
എസ്.ഡി.പി.ഐ പോലുള്ള സംഘടനകൾ സ്വന്തം സ്പേസ് വല്ലാതെ അപഹരിക്കുന്നതിനാൽ കൂടുതൽ സാമുദായികമായി ചിന്തിക്കുന്ന മുസ്ലിം ലീഗിനെയാണ് 2021ൽ കേരളം കണ്ടത്. വിവാഹ പ്രായം ഉയർത്തുന്ന വിഷയത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെയും, മുഖ്യമന്ത്രിയുടെ മകൾ വീണയുടെയും വിവാഹം വ്യഭിചാരമാണെന്ന് വരെ ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായി പറഞ്ഞു കഴിഞ്ഞു. അതുപോലെ തന്നെ എന്നും മതേതര പക്ഷത്ത് നിൽക്കുന്നുവെന്ന് തോന്നിപ്പിച്ചിരുന്ന കെ.എം ഷാജിയാവട്ടെ ലീഗ് വിടുന്നവർ മതത്തിൽനിന്ന് വിടുകയാണെന്ന് പറഞ്ഞ് പച്ചക്ക് വർഗീയതതാണ് ഉയർത്തിയത്. താരതമ്യേന മിതവാദികളായ ലീഗ്പോലും തീവ്രനിലപാടുകളിലേക്ക് നീങ്ങുന്നത്് കേരളരാഷ്ട്രീയം നേരിടുന്ന മറ്റൊരു ദുസ്സൂചനകൂടിയാണ്.
വോട്ടുയർത്തിയെങ്കിലും ഉള്ള സീറ്റുപോയ ബിജെപി
ബിജെപിക്കും വമ്പൻ ഷോക്കാണ് 2021 സമ്മാനിച്ചത്. നേമം സീറ്റ് കൈയിൽനിന്ന് പോകുമെന്ന് അവർ സ്്വപ്നത്തിൽ കരുതിയതല്ല. ഇ ശ്രീധരൻ അടക്കമുള്ള പ്രമുഖർ വന്നതോടെ പാലക്കാട്, മഞ്ചേശ്വരം, നേമം, കഴക്കൂട്ടം, തിരുവനന്തപുരം, കോന്നി എന്നീ ആറു സീറ്റുകളെങ്കിലും ജയിച്ച് ചരിത്രം കുറിക്കുമെന്നായിരുന്നു പാർട്ടി മുതിർന്ന നേതാക്കൾപോലും വിശ്വസിച്ചിരുന്നത്. ഫലം വന്നപ്പോൾ അവർ ഞെട്ടി. തുറന്ന അക്കൗണ്ട് ക്ലോസ് ചെയ്യിക്കുമെന്ന പിണറായിയുടെ പ്രഖ്യാപനമാണ് ഫലിച്ചത്. പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടു വിഹിതം ഉയർത്തിയതും, 9 ഇടത്ത് രണ്ടാമത് എത്തിയതും ബിജെപിക്ക് ആശ്വാസമായി.
പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് ബിജെപിയെ നാണം കെടുത്തുന്ന സംഭവ പരമ്പകൾ ഉണ്ടായത്. ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനുവിനെ എൻ.ഡി.എയിൽ കൊണ്ടുവരുന്നതിനായി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ വാഗ്ദാനം ചെയ്യുന്ന ഓഡിയോ പുറത്തുവന്നത് പാർട്ടിക്ക് ക്ഷീണമായി.
മുപ്പത് സീറ്റിന്റെയും ഭരണത്തിന്റെയും കണക്ക് പറഞ്ഞ് കേന്ദ്രത്തിൽനിന്ന് വാങ്ങിയ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണവും ബിജെപി നേതൃത്വത്തെ വേട്ടയാടി. കള്ളപ്പണക്കവർച്ച എന്നൊക്കെപ്പറഞ്ഞ് വാർത്തകളിൽ നിറഞ്ഞ ഈ സംഭവങ്ങളുടെ നിജസ്ഥിതി ഇനിയും വെളിപ്പെട്ടിട്ടില്ല.
അതിനിടെ പാർട്ടിയിലും വലിയ പ്രശ്നങ്ങളാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരിട്ടത്. ഒരുവേള കോൺഗ്രസിനെ അതിശയിപ്പിക്കുന്ന ഗ്രൂപ്പിസമാണ് ബിജെപിയിൽ കണ്ടത്. പി.കെ കൃഷ്ണദാസും, ശോഭാ സുരേന്ദ്രനുമൊക്കെ എതിർത്തിട്ടും കെ സുരേന്ദ്രന് തുടരാൻ കഴിയുന്ന് കേന്ദ്ര നേതൃത്വത്തിന്റെയും, കേന്ദ്ര മന്ത്രി വി മുരളീധരന്റെയും ഉറച്ച പിന്തുണ കൊണ്ട് മാത്രമായിരുന്നു. എന്തായാലും കോൺഗ്രസിനെന്നപോലെ പിണറായി ഭരണത്തെ തുറന്നുകാട്ടി ക്രിയാത്മ പ്രതിപക്ഷമാവാൻ ബിജെപിക്കും കഴിയുന്നില്ല. സിപിഎമ്മിന്റെ ഭാഗ്യം അല്ലാതെ എന്തു പറയാൻ.
ആരിഫ് മുഹമ്മദ് ഖാനും സാബു എം ജേക്കബും
പ്രതിപക്ഷം പൊതുവെ പിറകോട്ട് അടിക്കുന്ന കാലത്ത് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന ഫീൽ ഉണ്ടാക്കിയത് ഗവർണർ ആരിഫ് മുഹമ്മദ്ഖാനാണ്. പിണറായിക്കൊത്ത ഇരട്ടച്ചങ്കുള്ള വ്യക്തിതന്നെയാണ് ആരിഫ്. സർവകലാശാലകളിലെ പാർട്ടി നിയമനങ്ങളും സ്വജനപക്ഷപാതിത്വവും അടക്കമുള്ള നിരവധി പ്രശ്നങ്ങൾ പുറത്തുവന്നത് അദ്ദേഹത്തിന്റെ ഒറ്റ ഇടപെടലിലാണ്. ഇപ്പോഴിതാ ചാൻസലർ പദവി ഒഴിഞ്ഞുകൊണ്ട് അദ്ദേഹം സംസ്ഥാന സർക്കാറിനെ വെട്ടിലാക്കി. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ കുപ്രചാരണത്തെ ചെറുക്കാനും ആരിഫ് മുഹമ്മദ് ഖാൻ മുന്നിലുണ്ടായിരുന്നു. ടി.എൻ ശേഷൻ ഇലക്ഷൻ കമ്മീഷണർ ആയതിനുശേഷമാണ് ആ തസ്തികക്ക് ഇത്രയേറെ അധികാരങ്ങൾ ഉണ്ടെന്ന് അറിഞ്ഞത്. അതുപോലെ ഗവർണ്ണർ എന്നത് വെറും റബ്ബർസ്റ്റാമ്പ് ആണെന്നതും തിരുത്തുകയാണ്, ഷബാനുകേസിന്റെ പേരിൽ വെറും 36ാം വയസ്സിൽ കേന്ദ്രമന്ത്രിസ്ഥാനം രാജീവ്ഗാന്ധിയുടെ മുഖത്ത് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയ ഈ നേതാവ്.
അതുപോലെതന്നെ പ്രതിപക്ഷത്തേക്കാൾ സിപിഎമ്മിന് ഇപ്പോൾ തലവേദനയായിരിക്കുന്നത് കിറ്റക്സ് എം.ഡിയും ട്വന്റി-ട്വന്റി എന്ന പാർട്ടിയുടെ സ്ഥാപകനുമായ സാബു എം ജേക്കബാണ്. റെയ്ഡും അടിക്കടി ഉണ്ടായ പരിശോധനക്കും സാബു എം ജേക്കബ് തിരിച്ചടിച്ചത് തന്റെ പുതിയ സംരംഭങ്ങളെ തെലങ്കാനയിലേക്ക് മാറ്റിക്കൊണ്ടാണ്. കേരളത്തിന്റെ വ്യവസായ സൗഹാർദ നയം എന്നത് എത്രമാത്രം വലിയ കോമഡിയാണെന്ന് തെളിയിക്കാനും അദ്ദേഹത്തിനായി. പക്ഷേ സാബുവിതെിരെ സർക്കാറിന് കിട്ടിയ ഏറ്റവും വലിയ പിടിവള്ളിയായി മാറി കിഴക്കമ്പലത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം.
ക്രിസംഘികളും മുസംഘികളും!
പൊതുവെ എല്ലാവുരും വർഗീയ വിരുദ്ധരാണെന്ന് നടിക്കുന്ന കേരളത്തിൽ സടകുടഞ്ഞ് യാതൊരു ഉളുപ്പുമില്ലാതെ വർഗീയത പരസ്യമാവുന്ന കാഴ്ചയാണ് 2021ൽ ഉടനീളം കണ്ടത്. താരമതമ്യേന മോഡറേറ്റ് എന്ന് കരുതിയിരുന്നു കേരളത്തിലെ ക്രിസ്ത്യൻ ജനവിഭാഗംപോലും വളരെ പെട്ടെന്ന് വൈകാരികമായി സ്വാധീനിക്കപ്പെടുന്നവരായി മാറിയിരിക്കുന്നു. 'ഈശോ' സിനിമാ വിവാദമൊക്കെ ഇതിന്റെ തുടർച്ചയാണ്. ഒരു ചലച്ചിത്രത്തിന് പേരിടാൻ പോലും കഴിയാത്ത രീതിയിൽ കേരളം മാറിമറിയുന്നത്, നവോത്ഥാന പ്രസംഗം നടത്തുന്നവരൊക്കെയും ഓർക്കേണ്ട കാര്യമാണ്. നാർക്കോട്ടിക്ക് ജിഹാദ് എന്ന പാലാബിഷപ്പിന്റെ പ്രസ്താവന തൊട്ട്, പി.സി ജോർജിന്റെ പരാമർശങ്ങൾവരെ സാമുദായിക ധ്രുവീകരണത്തിന് വെടിമരുന്നാവുകയാണ്. ക്രിസ്ത്യൻ കമ്യൂണിറ്റിയിൽ സംഘപരിവാറിനുള്ള സ്വാധീനം ഏറി വരുന്നതും, ക്രിസംഘികൾ എന്ന പ്രയോഗം തന്നെ ഉണ്ടായതും പോയ വർഷമായിരുന്നു.
എഴുത്തുകാരൻ ഹമീദ് ചേന്ദമംഗല്ലൂർ ഇങ്ങനെ വിലയിരുത്തുന്നു. ''കേരളത്തിൽ എം.എം അക്‌ബറിന്റെയൊക്കെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സ്നേഹ സംവാദങ്ങൾ എന്നൊക്കെപ്പറഞ്ഞ് മറ്റു മതസ്ഥരെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി, വ്യാപകമായി അപമാനിക്കുന്ന ഒരുകാലം ഉണ്ടായിരുന്നു. സത്യത്തിൽ കേരളത്തിലെ ഇസ്ലാം- ക്രിസ്ത്യൻ സ്പർധയുടെ തുടക്കം അവിടെയാണ്. എന്നാൽ ഇന്ന് കാര്യങ്ങൾ തിരിച്ചാണ്. ഇസ്ലാമിനെയും ഖുർആനെയും പൊളിച്ചടുക്കുന്ന നിരവധി പാസ്റ്റർമാരെ നമുക്ക് കാണാൻ കഴിയും. മാത്രമല്ല തുർക്കിയിലെ ഹാഗിയ സോഫിയ എന്ന മുൻ ക്രിസ്ത്യൻ പള്ളി, മോസ്‌ക്ക് ആക്കാൻ എർദോഗാൻ ഭരണകൂടം തീരുമാനിച്ച സമയത്ത്, കേരളത്തിലെ മുസ്ലിംലീഗ് അടക്കം അതിനെ പിന്തുണക്കുകയായിരുന്നു. ഇങ്ങനെയുള്ള വിവിധ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ്, ന്യൂനപക്ഷം എന്ന് നാം വിളിക്കുന്ന പ്രമുഖരായ രണ്ട് സമുദായങ്ങൾ തമ്മിൽ അകന്നുപോവുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നത് മത നേതൃത്വങ്ങളും ചിന്തിക്കേണ്ടതുണ്ട്. അല്ലാതെ എതിർ അഭിപ്രായം പറയുന്നവരെ ഒക്കെയും സംഘിയെന്ന് ആക്ഷേപിക്കുന്നതിൽ യാതൊരു കഥയുമില്ല''.
ക്രിസംഘികൾ മാത്രമല്ല മുസംഘികളെയും അതായത് മുസ്ലിം മതത്തിൽനിന്നുകൊണ്ട് സംഘപരിവാറിനെ അനുകൂലിക്കുന്നവരെയും അപൂർവമായെങ്കിലും കേരളം കണ്ടു. സംവിധായകൻ അലി അക്‌ബർ ഇസ്ലാം ഉപേക്ഷിച്ച് രാമസിംഹനായതും, എഴുത്തുകാരൻ കമൽ സി നജ്മൽ ഇസ്ലാം ഉപേക്ഷിച്ച് മത രഹിതനായതും പോയ വർഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഒരു ഭാഗത്ത് മതകാലുഷ്യങ്ങൾ ഏറിവരുന്നുണ്ടെങ്കിലും, മറുഭാഗത്ത് മതം ഉപേക്ഷിക്കുന്നവരുടെ എണ്ണവും, കേരളത്തിൽ വർധിച്ചുവരികയാണ്. കേരളത്തിൽ എക്സ്മുസ്ലിം മൂവ്മെന്റിനും നല്ല വേരോട്ടമുണ്ട്.
ഭീഷണി ഉയർത്തി എസ്.ഡി.പി.ഐ
ഇലക്ഷൻ കാലത്തെ ഒരു കൊലപാതകം ഒഴിച്ചാൽ കണ്ണുർ പൊതുവെ ശാന്തമായ വർഷമായിരുന്നു കടന്നുപോയത്. എപ്രിൽ 7ന് പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ സിപിഎമ്മുകാരാൽ കൊല്ലപ്പെട്ടത് മാത്രമാണ് കണ്ണൂരിലുണ്ടായ അപവാദം. പെരിയ ഇരട്ടക്കൊലക്കേസിൽ അത്രമാത്രം ഒറ്റപ്പെട്ടുപോവുകയും, കാസർകോട് ലോക്സഭാ സീറ്റിലെ തോൽവിക്കുപോലും ഒരു കാരണമായി അത് വളരുകളും ചെയ്തതോടെയാണ് സിപിഎം ആയുധം താഴെവെക്കാൻ നിർബന്ധിതരായി.
പക്ഷേ കണ്ണൂരിനുപകരം ഇപ്പോൾ ആലപ്പൂഴ അശാന്തമാവുന്ന കാഴ്ചയാണ് കാണുന്നത്. ഈ വർഷം ഉണ്ടായ അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങളിൽ മൂന്നും സംഭവിച്ചത് ആലപ്പുഴ ജില്ലയിലാണ്. സിപിഎം- എസ്.ഡി.പി.ഐ, സിപിഎം- ബിജെപി എന്നീ സംഘർഷ സമവാക്യങ്ങൾ മാറി പകരം എസ്.ഡി.പി.ഐ- ബിജെപി എന്ന രീതിയിൽ അതിവേഗം വർഗീയവത്ക്കരിക്കാവുന്ന രീതിയിലാണ് സംഘർഷങ്ങളുടെ കിടപ്പ്. ഈ വർഷം ഉണ്ടായ അഞ്ചു രാഷ്ട്രീയ കൊലപാതകങ്ങളിൽ മൂന്നിലും പ്രതികൾ എസ്.ഡി.പി.ഐക്കാർ തന്നെ. കഴിഞ്ഞ ഫെബ്രുവരിയിൽ ആർ.എസ്. എസ് പ്രവർത്തകൻ നന്ദു കൃഷ്ണ ചേർത്തലയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ എസ്.ഡി.പി.ഐ ആയിരുന്നെന്ന് പൊലീസ് പറയുന്നു. പിന്നീട് പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലയിലും ഇതേ സംഘടന ആരോപിതർ ആയി. അതിനശേഷമാണ് ആലപ്പുഴയെ നടുക്കിയ പ്രതികാര കൊലകൾ ഉണ്ടാവുന്നത്. ഡിസംബർ 18ന് എസ്.ഡി.പി.ഐ നേതാവ് ഷാൻ കൊല്ലപ്പെട്ടതിന് പ്രതികാരമായി തൊട്ടടുത്ത ദിവസം തന്നെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന് അവർ ഞെട്ടിച്ചു.
വരും ദിവസങ്ങളിൽ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിരുക്കും, വിവിധ പാർട്ടികളിൽ നുഴഞ്ഞ് കയറി തങ്ങളുടെ ദീർഘകാല അജണ്ട നടപ്പാക്കുന്ന എസ്.ഡി.പി.ഐ എന്നത്. സംസ്ഥാന പൊലീസിൽ പോലും പച്ചവെളിച്ചം എന്നൊക്കെ പേരിൽ ഇവരെ സഹായിക്കുന്ന ഗ്രൂപ്പുകൾ ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. എന്നാൽ വിദേശ ഫണ്ടും നന്നായി ലഭിക്കുന്നതായി പറയുന്ന ഈ നിഗൂഡ സംഘത്തെ വേരറക്കാനുള്ള നീക്കമൊന്നും പിണറായി സർക്കാർ എടുക്കുന്നില്ല.
്അതുപോലെ തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നതും പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നില്ല. തിരുവനന്തപുരം ജില്ലയിൽ മുഖ്യന്റെ മൂക്കിന് താഴെപ്പോലും ഗുണ്ടാ ആക്രമണങ്ങൾ ഉണ്ടായി. കുത്തഴിയുന്ന ക്രമസമാധാനമാണ് കേരളത്തിന്റെത് എന്നത് വെറും പ്രതിപക്ഷ ആരോപണമായി തള്ളിക്കളായാൻ കഴിയുന്നില്ല.
കെ റെയിൽ: ബംഗാൾ പേടിയിൽ ഇടതുപക്ഷവും
ഇനി ഈ പിണറായിസം എന്ന പേരിൽ പ്രവർത്തിച്ച സോഷ്യൽ എഞ്ചിനീറിങ്ങ് ഫാക്ടറിൽ എത്രമാത്രം വസ്തുയുണ്ടായിരുന്നുവെന്നും 2021 പകുതിയോടെ തന്നെ വെളിപ്പെട്ടു. പ്രളയഫണ്ട് വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. പ്രളയത്തിൽ വീട് നഷ്ടമായവരുടെ പുനരധിവാസവും പൂർത്തിയായിട്ടില്ല. അതുപോലെ കോവിഡിൽ കേരളം അതിജീവിച്ചു എന്ന വാഷിങ്്ടൺ പോസ്റ്റ് തള്ളുകളെയൊക്കെ നോക്കി, ഇന്നും കോവിഡ് രോഗികളുടെ ഉയർന്ന കണക്കുകൾ പല്ലിളിക്കുന്നു. കോവിഡ് മരണക്കണക്കുകൾ മറച്ചുവെച്ചും, ടെസ്റ്റുകൾ കുറച്ചും തള്ളിക്കയറ്റിയ നമ്പർ വൺ സ്ഥാനമായിരുന്നു ഇതെല്ലാമെന്ന് ഇപ്പോൾ നിഷ്പക്ഷമതികൾ സമ്മതിക്കുന്നുണ്ട്. പക്ഷേ എന്നിട്ടും തള്ളുകൾക്ക് യാതൊരു കുറവുമില്ല.
2021 അവസാനിക്കുന്നത് ഇനി കേരളത്തിന്റെ വികസന അജണ്ട തീരുമാനിക്കുക, ഒരുലക്ഷം കോടിയോളം മുടക്കുമുതൽ വേണ്ടി വരുന്ന കെ റെയിൽ എന്ന അർധ അതിവേഗ പാതയുടെ പേരിലാണെന്ന് വ്യക്താക്കിക്കൊണ്ടാണ്. ഇത്തരം ഗതാഗത സംവിധാനങ്ങൾ വിദേശ രാജ്യങ്ങളെപ്പോലെ നമുക്കും വേണം എന്ന് വാദിക്കുന്നവർപോലും, ഇതിന്റെ സാമ്പത്തികകാര്യങ്ങളിൽ വ്യക്തതയില്ലാത്തത് ചൂണ്ടിക്കാട്ടുന്നുണ്ട്. കൊച്ചി മെട്രോപോലും കോടികളുടെ പ്രതിദിന നഷ്ടത്തിലേക്ക് നീങ്ങുമ്പോൾ ഈ പാത എങ്ങനെ ലാഭമാവുമെന്ന് ആർക്കും ഉറപ്പില്ല. കൃത്യമായ പഠനങ്ങളില്ല. കുടിയൊഴിപ്പിക്കൽ പാക്കേജിനെക്കുറിച്ച് വ്യക്തതയില്ല. സിപിഐപോലും കെ റെയിലിന്റെ കാര്യത്തിൽ ഇടഞ്ഞു നിൽക്കയാണ്. പക്ഷേ ഒരു മനുഷ്യന് മാത്രമാണ് ഇത് നടപ്പാക്കണമെന്ന് നിർബന്ധബുദ്ധിയുള്ളത്. അത് ശബരിമല വിഷയത്തിലെന്നപോലെ പിണറായി വിജയന് തന്നെയാണ്.
ഇവിടെയാണ് ഏകാധിപത്യത്തിന്റെ പ്രശ്നം. പിണറായി പറയുന്നതിനോട് എതിർപ്പുണ്ടെങ്കിലും അത് ചോദ്യം ചെയ്യാനുള്ള ധൈര്യംപോലും മറ്റുള്ളവർക്കില്ല. നന്ദിഗ്രാമിൽ ബുദ്ധദേവ് ഭട്ടാചാര്യയുടെ വികസനധൃതിയാണ് മൂന്ന് പതിറ്റാണ്ടു നീണ്ട ഇടതുപക്ഷത്തെ ബംഗാളിൽനിന്ന് തുടച്ചുനീക്കിയത്. ഇപ്പോൾ, തൃണമൂലിനും, ബിജെപിക്കും, കോൺഗ്രസിനും പിറകിൽ നാലാമതാണ് അവിടെ സിപിഎം. ഒരുകാലത്ത് സിപിഎം കോട്ടയായ 24 പർഗാന ജില്ലയിലൊക്കെ, പാർട്ടിഓഫീസുകൾ കാവിപൂശി ഒരു പ്രദേശം ഒന്നടങ്കമാണ് ബിജെപിയിലേക്ക് മാറിയത്.
പിണറായിയുടെ പിടിവാശി കേരളത്തെ ഒരു നന്ദിഗ്രാം ആക്കി, അവശേഷിക്കുന്ന കമ്യൂണിസ്റ്റ് തുരത്തിനെ കൂടി ഇല്ലാതാക്കുമോ, കാത്തിരുന്ന് കാണാം.
വാൽക്കഷ്ണം: മതേതര കേരളത്തെ പുളകം കൊള്ളിക്കുന്ന ഒരു രാഷ്ട്രീയ മരണത്തിനും പോയ വർഷം കേരളം സാക്ഷിയായി. ജീവിച്ചിരിക്കെ തന്റെ ശവമഞ്ചഘോഷയാത്ര നടത്തിയവർക്ക് തന്റെ മൃതദേഹം വിട്ടുകൊടുക്കാതെ, ചന്ദ്രകളഭം പാടിക്കൊണ്ട് പി.ടി തോമസ് എന്ന തൃക്കാക്കര എംഎൽഎ വിടവാങ്ങി. പിണറായി ഭരണത്തിന്റെ ഉരകല്ലുകൂടിയാവും ഇനി ഇവിടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ