- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര ഏജൻസികൾ കഴുകൻകണ്ണുമായി വട്ടമിട്ട് പറക്കുന്നതിനിടെ പിണറായി സർക്കാരിന് ഇടിത്തീയായി കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ്; ഗൂഢാലോചനയെന്നും മറുപടി പറയേണ്ടത് മുഖ്യമന്ത്രിയെന്നും സ്വരം കടുപ്പിച്ച് ആനത്തലവട്ടം ആനന്ദൻ; വിഷയം പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന് പ്രഖ്യാപിച്ച് എ.വിജയരാഘവൻ; ആഭ്യന്തര വകുപ്പിൽ പിണറായിയുടെ പിടി അയയുന്നതിൽ സിപിഎമ്മിലെ അതൃപ്തി മറനീക്കി പുറത്ത്
തിരുവനന്തപുരം കേന്ദ്ര അന്വേഷണ ഏജൻസികൾ സർക്കാരിനെ വട്ടമിട്ട് പറക്കുകയാണ്. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചത് വഴി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരെ അന്വേഷണം എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള വിജിലൻസ് തന്നെ കെഎസ്എഫ്ഇയിൽ നടത്തിയത് സർക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കി. റെയ്ഡിന് ഉത്തരവിട്ടയാൾക്ക് വട്ടാണെന്ന തരത്തിൽ ധനമന്ത്രി തോമസ് ഐസക് എങ്ങും തൊടാതെ പ്രതികരിച്ചുവെങ്കിലും പാർട്ടിയിൽ അമർഷം ഉയരുന്നുവെന്നാണ് മറ്റുചില പ്രതികരണങ്ങൾ സൂചുപ്പിക്കുന്നത്. ഭരണത്തിൽ മുഖ്യമന്ത്രിയുടെ പിടി അയയുന്നുവെന്ന തരത്തിൽ വ്യാഖ്യാനങ്ങളും വന്നുതുടങ്ങി.
കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ് സി പി എം ചർച്ചചെയ്യുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. അതിനുശേഷം പാർട്ടി അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് റെയ്ഡിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരുമിച്ചിരുന്നുള്ള ചർച്ചകൾ നടക്കേണ്ടതുണ്ട്. അതിനുശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായം ഞങ്ങൾ പറയും. കെ എസ് എഫ് ഇ നല്ല രീതിയിൽ കൊണ്ടുപോകാനാണ് ശ്രമം. പ്രതിപക്ഷനേതാവ് പലതും പറയും. അദ്ദേഹത്തിന് നേരെയാണ് വിജിലൻസ് അന്വേഷണമെങ്കിൽ വിജിലൻസ് മോശമാണ്. അല്ലെങ്കിൽ നല്ലതാവും. ഇരട്ടത്താപ്പ് അദ്ദേഹത്തിന്റെ സഹജ സ്വഭാവമാണ്-വിജയരാഘവൻ പറഞ്ഞു.
നേരത്തേ വിജിലൻസ് പരിശോധനയ്ക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ രംഗത്തെത്തിയിരുന്നു. റെയ്ഡിന് പിന്നിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാകാമെന്ന് സംശയിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കെ എസ് എഫ് ഇ വിശ്വാസ്യതയും സൽപ്പേരുമുള്ള സ്ഥാപനമാണ്. റെയ്ഡ് അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ ഔദ്യോഗിക മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ്. ആരാണ് പരാതിക്കാരെന്ന് വിജിലൻസ് വ്യക്തമാക്കണം. സർക്കാർ താൽപര്യമാണ് വിജിലൻസ് സംരക്ഷിക്കേണ്ടത്. വിജിലൻസ് റെയ്ഡ് വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിജിലൻസിനെ തള്ളി ധനമന്ത്രി താേമസ് ഐസക്കും രംഗത്തെത്തിയിരന്നു.
മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം രൂക്ഷമായ ഭാഷയിൽ പരസ്യവിമർശനമുന്നയിച്ചത്. ഇതോടെ ഈ വിഷയം ചർച്ച ചെയ്യാതെ മുന്നോട്ടുപോകാനാവില്ലെന്ന സ്ഥിതിയായി.
ധനമനന്ത്രി പരസ്യമായി മുഖ്യമന്ത്രിയെ ന്യായീകരിച്ചെങ്കിലും ഇക്കാര്യത്തിൽ കാര്യങ്ങൾ കൈവിട്ടുപോയെന്ന് വ്യക്തമാണ്. കെഎസ്എഫ്ഇയിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന ഇമേജ് വരാനും ഇതിടയാക്കി.
വിജിലൻസ് അല്പംകൂടി ഔചിത്യത്തോടെ പെരുമാറണമെന്നും സംസ്ഥാന സർക്കാർ പറയുന്നതുപോലെ വിജിലൻസ് പ്രവർത്തിക്കും എന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ അറിവില്ല. അല്പംകൂടി ഔചിത്യത്തോടെ വിജിലൻസ് പെരുമാറണം. ഒരു സർക്കാർ സ്ഥാപനത്തെ എതിരാളികൾക്ക് താറടിക്കാനുള്ള സന്ദർഭമാണ് അന്വേഷണം. കെ എസ് എഫ് ഇ തകർന്നാൽ അതിന്റെ ലാഭം സ്വകാര്യ സ്ഥാപനങ്ങൾക്കാണ്. വിജിലസ് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നു. ആവശ്യമെങ്കിൽ സർക്കാർ നടപടി സ്വീകരിക്കും. ഇതൊക്കെ സ്വാഭാവിക നടപടിക്രമങ്ങൾ. എന്നാൽ ഇത് ഓരാേന്നും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതാണ് അസ്വാഭാവിക നടപടി- ധനമന്ത്രി പറഞ്ഞു.
കോടിയേരിക്ക് പകരം എ.വിജയരാഘവൻ താൽക്കാലിക സെക്രട്ടറി ആയതിന് പിന്നാലെ ഇതുരണ്ടാം വട്ടമാണ് പാർട്ടിക്കും സർക്കാരിനും ക്ഷീണമുണ്ടാക്കിയ സംഭവങ്ങൾ ആവർത്തിക്കുന്നത്. പൊലീസ് നിയമഭേദഗതി ഓർഡിനൻസ് പിൻവലിച്ചതാണ് നേരത്തെ ഉണ്ടായ സംഭവം. സിപിഎംകേന്ദ്ര നേതൃത്വം ഇടപെട്ടതോടെയാണ് വേണ്ടത്ര ആലോചനയില്ലാതെ കൊണ്ടുവന്ന ഓർഡിനൻസ് പിൻവലിക്കേണ്ടി വന്നത്. ആഭ്യന്തര വകുപ്പിൽ തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകൾ മുഖ്യമന്ത്രിയുടെ പിടി അയയുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം.
മറുനാടന് മലയാളി ബ്യൂറോ