- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് ലീഗോ എന്ന് പിണറായിയുടെ പോസ്റ്റ് വന്നതോടെ അപകടം മണത്തു; തർക്കം നീണ്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുക എൽഡിഎഫ്; കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്ന് പറഞ്ഞ് തലയൂരി കുഞ്ഞാലിക്കുട്ടി; മുഖ്യമന്ത്രിയുടെ പോസ്റ്റ് ഏറ്റെടുത്ത് വിവാദം വിടാതെ ബിജെപിയും
കോഴിക്കോട്: 'യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?- കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെ യുഡിഎഫിന്റെ കാര്യം യുഡിഎഫ് നോക്കി നോക്കാളാമെന്നും മറ്റും പ്രതികരണങ്ങൾ വന്നെങ്കിലും മുസ്ലിം ലീഗിന്റെ പിന്മാറ്റം ശ്രദ്ധേയമായി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ടുള്ള പരസ്യവിവാദങ്ങളിൽ നിന്ന്‌ലീഗ് പതിയെ തലയൂരുകയാണ്.
കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്നും ജനകീയ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പിണറായിയുടെ വിമർശനത്തിന് പിന്നാലെയാണ് ലീഗിന്റെ വിശദീകരണം.
കോൺഗ്രസിലെ നേതൃമാറ്റമായിരുന്നു ലീഗിന്റെ മനസ്സിലെങ്കിലും ഇനി അക്കാര്യം ഉന്നയിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നിയമസഭാതെരഞ്ഞെടുപ്പിലേക്ക് തർക്കം നീട്ടിക്കൊണ്ട് പോകുന്നത് എൽഡിഎഫിന് നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ പിന്മാറ്റം. വിവാദങ്ങൾ മൂർച്ഛിപ്പിക്കാനില്ല.
വെൽഫയർ അടക്കമുള്ള വിഷയങ്ങളിൽ ഇനിയും തർക്കത്തിനുമില്ല. എൽഡിഎഫ് ജയിച്ചത് പൊതുജനതാല്പര്യമുള്ള സേവനകാര്യങ്ങളിലൂന്നിയാണെന്ന് വ്യക്തമായതിനാൽ ഇനിയതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ശ്രമിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തർക്കം വിവാദമാക്കുക തന്നെയായിരുന്നു പിണറായിയുടെ ലക്ഷ്യം. ഒന്നാന്തരം കുത്തിത്തിരിപ്പ് പോസ്റ്റ് എന്നാണ് സോഷ്യൽ മീഡിയ മുഖ്യമന്ത്രിയുടെ പോസ്റ്റിനെ വിശേഷിപ്പിച്ചത്.ഏതായാലും മുഖ്യമന്ത്രിയുടെ പോസ്റ്റ് വന്നത് പരോക്ഷമായി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഗുണകരമായി.
ഏതായാലും ബിജെപി പിണറായിയുടെ പോസ്റ്റ് ഏറ്റെടുത്തതും ശ്രദ്ധേയമായി. മുസ്ലിം ലീഗിന് മേധാവിത്വമുള്ള മുന്നണിയാണ് യുഡിഎഫ് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഫേസ്‌ബുക്കിൽ ഒതുങ്ങുമോ? ആത്മാർഥമെങ്കിൽ സപ്തകക്ഷിപങ്കാളിത്തം മുഖ്യമന്ത്രി തള്ളിപ്പറയണമെന്നും വി.മുരളീധരൻ പറഞ്ഞു.
ലീഗ് ഈ സ്ഥിതിയിൽ എത്തിയതിന് സിപിഎമ്മിനും ഉത്തരവാദിത്തമുണ്ട്. ലീഗിന്റെ വളർച്ചയിൽ ബിജെപിക്ക് ആശങ്ക ഉണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ:
ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദ്ദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്.
കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? ഈ തെരഞ്ഞടുപ്പിനു മുൻപ് തന്നെ ഇത്തരം സൂചനകൾ പുറത്തു വന്നിരുന്നു. അതിന് ഇപ്പോൾ ആക്കം കൂടിയിരിക്കുന്നു. കോൺഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോൺഗ്രസിനെക്കൊണ്ട് മതവർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോൺഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്.
ജമാ അത്തെ ഇസ്ലാമി അടക്കമുള്ള വർഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരിൽ ദുർഗന്ധപൂരിതമായ ചർച്ചകളാണ് ആ മുന്നണിയിൽ നിന്ന് പുറത്തുവരുന്നത്. അതിന്റെ തുടർച്ചയായി സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാർത്ത. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ്സ് ദുർബലപ്പെട്ടു എന്ന് തെളിയിക്കുന്ന അവസ്ഥയാണിത്.
നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യു ഡി എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫിൽനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാനാവുക
മറുനാടന് മലയാളി ബ്യൂറോ