പാലക്കാട്: ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് നഗരസഭയിലെ 48-ാം വാർഡ് കൗൺസിലറും ബിജെപി നേതാവുമായ പ്രിയ ശിവഗിരി (35) കടുത്ത വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നതായി പൊലീസ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി മെന്റൽ ഡിപ്രഷന് മരുന്ന് കഴിച്ചു വരികയാണെന്നും പെട്ടെന്ന് മാനസിക നിലതെറ്റിയതാകാം ആത്മഹത്യക്കു കാരണമെന്നുമാണ് പാലക്കാട് നോർത്ത് പൊലീസിന്റെ പ്രഥമിക കണ്ടെത്തൽ. പ്രിയ ശിവഗിരി സ്ഥിരമായി കഴിച്ചു വന്നിരുന്ന മരുന്നുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മരണ കാരണം പോസ്‌റ്റോമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമെ അന്തിമമായി അറിയാൻ സാധിക്കുകയുള്ളൂ.

ഇന്നലെ നാലു മണിയോടെയാണ് പ്രിയ ശിവഗിരിയെ ഭർതൃവീട്ടിൽ മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുടുംബവുമായി ബന്ധപ്പെട്ട് ചില മാനസിക പ്രശ്‌നം പ്രിയശിവഗിരിയെ അലട്ടിയിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ കൗൺസിലർ എന്ന നിലയിൽ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ വാർഡിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടെയുള്ള പ്രിയശിവഗിരിയുടെ വിയോഗം നാട്ടുകാർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. തുടർന്നുള്ള അന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കാത്തിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.

രാവിലെ വടക്കന്തറ ദേവീ ക്ഷേത്ര ദർശനം നടത്തി അന്നദാനവും കഴിഞ്ഞ് വീട്ടിലെത്തിയ പ്രിയ ശിവഗിരിയെ വീടിനകത്തെ കിടപ്പുമുറിയിലെ ഫാനിൽ ഷാൾകുരുക്കി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.ഇൻക്വസ്റ്റിന് ശേഷമേ മരണകാരണത്തെക്കുറിച്ച് വ്യക്തമാക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. സമയം വൈകിയതിനാൽ ഇൻക്വസ്റ്റ് നടപടികൾ ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്. ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

ബിജെപി പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനോടൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായിരുന്നു. മഹിളാ ഐക്യവേദി സംസ്ഥാന കമ്മറ്റി അംഗം, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കറുകോടി മന്ദം സമ്പൂർണ്ണ നിവാസിൽ ശിവഗിരിയാണ് ഭർത്താവ്. അമ്മ: ലക്ഷ്മി അമ്മ. മക്കൾ: വിഘ്‌നേഷ്, ശ്രീരാഗ്.