- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയിൽ നിന്നും കേരള ജ്യോതിയും കേരള പ്രഭയും കേരള ശ്രീയും ഏറ്റുവാങ്ങാൻ പ്രമുഖർക്ക് മടിയോ? കേരളത്തിന്റെ 'പത്മ പുരസ്കാരത്തിന്' കിട്ടിയത് വെറും 128 നാമനിർദ്ദേശം; 'കേരള പുരസ്‌കാരങ്ങൾ' സ്വീകരിക്കാൻ തയ്യറാകുന്നവരെ കണ്ടെത്താൻ സർച്ച് കമ്മറ്റിയെ നിയോഗിച്ച് സർക്കാർ; ഓൺലൈൻ നാമനിർദ്ദേശം പൊളിയുമ്പോൾ ബദൽ ചിന്ത ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ കേരള പുരസ്‌കാരങ്ങൾക്കു കിട്ടിയ നാമനിർദ്ദേശം തീരെ കുറവ്. 128 നാമനിർദ്ദേശം മാത്രമാണ് ലഭിച്ചത്. 3 മാസത്തെ സമയപരിധി ജൂൺ 30ന് അവസാനിച്ചപ്പോഴാണ് കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ പുരസ്‌കാരങ്ങൾക്കായി ഇത്രയും നാമനിർദ്ദേശങ്ങൾ ലഭിച്ചത്. ഇവ സൂക്ഷ്മപരിശോധനയ്ക്കു ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രാഥമിക പരിശോധനാ സമിതിക്കു കൈമാറും.
ഇതോടെ 'കേരള പുരസ്‌കാരങ്ങൾ'എന്ന പേരിൽ പരമോന്നത പുരസ്‌കാരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് സെർച് കമ്മിറ്റിയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരങ്ങൾക്ക് ഓൺലൈനായി ലഭിച്ച നാമനിർദ്ദേശങ്ങൾക്കൊപ്പം വിവിധ വിഭാഗങ്ങളിൽനിന്ന് അർഹരായവരെ കണ്ടെത്തി നാമനിർദ്ദേശം സമർപ്പിക്കുന്നതിനായി ഈ വർഷത്തേക്കു മാത്രമായാണ് പ്രാഥമിക പരിശോധന സമിതിയെ (സെക്രട്ടറിതല സമിതി) സെർച് കമ്മിറ്റിയായിക്കൂടി ചുമതലപ്പെടുത്തിയത്. ഇവർ പ്രമുഖരുമായി സംസാരിച്ച് അവർ അവാർഡ് വാങ്ങാനെത്തുമെന്ന് ഉറപ്പാക്കിയാകും ശുപാർശ നൽകുക. നിലവിൽ ഓൺലൈൻ വഴി കിട്ടിയ 128 നാമനിർദ്ദേശങ്ങളും വിലയിരുത്തലുകൾക്ക് വിധേയമാക്കുകയും ചെയ്യും.
സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതി ഒരാൾക്കും, കേരള പ്രഭ 2 പേർക്കും, കേരള ശ്രീ 5 പേർക്കും വീതമാണ് എല്ലാ വർഷവും നൽകുക. കീർത്തിമുദ്രയും സാക്ഷ്യപത്രവുമല്ലാതെ പുരസ്‌കാരത്തുകയില്ല. പത്മ പുരസ്‌കാരം ലഭിച്ചവർ പലരും പേരിനു മുൻപിൽ അതു ബഹുമതിയായി ചേർക്കാറുണ്ടെങ്കിലും കേരള പുരസ്‌കാരം പേരിനൊപ്പം ചേർത്ത് ഉപയോഗിക്കരുതെന്നാണു നിബന്ധന. ഇതു കൊണ്ട് തന്നെ പലർക്കും ഇതിനോട് താൽപ്പര്യക്കുറവുണ്ട്. ഇതാണ് 128 നാമനിർദ്ദേശങ്ങൾ മാത്രം കിട്ടാൻ കാരണം. ഇതു മനസ്സിലാക്കിയാണ് കൂടുതൽ പേരെ നിയോഗിക്കാൻ സർക്കാർ തന്നെ സമിതിയെ നിയോഗിച്ചത്.
കല, സാംസ്‌കാരികം, കായികം, ശാസ്ത്രം, സാമൂഹിക പ്രവർത്തനം, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലുള്ളവരെ പൊതുജനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, കലക്ടർമാർ, വകുപ്പു മേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവരാണു നാമനിർദ്ദേശം ചെയ്തത്. സ്വയം നാമനിർദ്ദേശം ചെയ്യുന്നതിനും ബന്ധുക്കളെ നിർദ്ദേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. എങ്കിലും ആയിരക്കണക്കിന് നാമനിർദ്ദേശം സർക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതു സംഭവിച്ചില്ലെന്നതാണ് വസ്തുത. മൂന്നു തലത്തിലെ വിലയിരുത്തലുകൾക്കു ശേഷമാണു കേരളപ്പിറവി ദിനത്തിൽ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക.
പത്മശ്രീ പുരസ്‌കാരം നേടിയിട്ടുള്ളവരെ കേരളശ്രീ പുരസ്‌കാരത്തിനും പത്മഭൂഷൺ നേടിയിട്ടുള്ളവരെ കേരളശ്രീ, കേരളപ്രഭ പുരസ്‌കാരങ്ങൾക്കും പത്മവിഭൂഷൺ നേടിയിട്ടുള്ളവരെ കേരള പുരസ്‌കാരങ്ങൾക്കും പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ഓൺലൈനായി അല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ പരിഗണിക്കില്ലെന്നതായിരുന്നു മുൻ തീരുമാനം. എന്നാൽ നാമനിർദ്ദേശം കുറഞ്ഞപ്പോൾ നേരിട്ട് നിർദ്ദേശം സമർപ്പിക്കാൻ സർക്കാർ തന്നെ സമിതിയെ നിയോഗിക്കുകയും ചെയ്തു.
ആർക്കും മറ്റുള്ളവരെ നാമനിർദ്ദേശം ചെയ്യാമായിരുന്നു. മൂന്നു സമ്മാനങ്ങൾക്കായി പരമാവധി മൂന്നു നിർദ്ദേശങ്ങളേ ഒരാൾക്കു ചെയ്യാനാകൂ എന്നതായിരുന്നു വ്യവസ്ഥ. പുരസ്‌കാരങ്ങൾ മരണാനന്തര ബഹുമതിയായി നൽകില്ല. ഡോക്ടർ, ശാസ്ത്രജ്ഞർ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ അവാർഡിന് അർഹരല്ല. ഉദ്യോഗസ്ഥരെ ജോലിയിൽനിന്ന് വിരമിച്ചശേഷം പുരസ്‌കാരത്തിനായി പരിഗണിക്കും. പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി, നാമനിർദ്ദേശത്തിനായി വ്യക്തിപരമായ ശുപാർശ നൽകിയിട്ടില്ലെന്ന സാക്ഷ്യപത്രം നാമനിർദ്ദേശം ചെയ്യുന്നവർ നൽകണമായിരുന്നു.
ഇത്തരം നൂലാമാലകളാണ് നാമനിർദ്ദേശകരുടെ എണ്ണം കുറച്ചത്. ഇതിനൊപ്പം പിണറായിയിൽ നിന്ന് സമ്മാനം വാങ്ങാനുള്ള പ്രമുഖരുടെ വിസ്സമ്മതവും ഇതിന് കാരണമായോ എന്ന സംശയവും സർക്കാരിനുണ്ട്. വർണം, വർഗം, ലിംഗം, തൊഴിൽ, പദവിഭേദമന്യേ കല, സാമൂഹിക സേവനം, പൊതുകാര്യം, സയൻസ് ആൻഡ് എൻജിനീയറിങ്, വ്യവസായവാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവിൽ സർവീസ്, കായികം, മറ്റ് മേഖലകൾ തുടങ്ങിയവയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. പുരസ്‌കാരത്തിനു പരിഗണിക്കുന്നവർക്കു പ്രത്യേക അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ