തിരുവനന്തപുരം: കേരള പ്രസ് അക്കാദമിയുടെ 2013ലെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മാദ്ധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖലകളിലായി ആറ് അവാർഡുകളാണ് അക്കാദമി പ്രഖ്യാപിച്ചത്. മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരൻ നമ്പ്യാർ അവാർഡിന് മലയാള മനോരമ കോട്ടയം യൂണിറ്റിലെ അസിസ്റ്റന്റ് എഡിറ്റർ കെ. ഹരികൃഷ്ണൻ അർഹനായി. മലയാളമനോരമയിൽ പ്രസിദ്ധീകരിച്ച 'മലാല, നീ പ്രതീകം: പ്രകാശവും' എന്ന എഡിറ്റോറിയലാണ് ഹരികൃഷ്ണനെ അവാർഡിന് അർഹനാക്കിയത്. മികച്ച പ്രാദേശിക ലേഖകനുള്ള ഡോ:മൂർക്കന്നൂർ നാരായണൻ അവാർഡിന് ദീപിക ദിനപത്രത്തിന്റെ കണ്ണൂർ ഇരിട്ടി പ്രാദേശിക ലേഖകനായ സി.ആർ.സന്തോഷ് അർഹനായി.

ദീപിക ദിനപത്രത്തിൽ എഴുതിയ 'വേലിതന്നെ വിളവുതിന്നുമ്പോൾ' എന്ന പരമ്പരയാണ് സന്തോഷിനെ അവാർഡിന് അർഹനാക്കിയത്. മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ.സത്യവ്രതൻ അവാർഡിന് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ സീനിയർ സബ് എഡിറ്ററായ വിനോദ് പായം അർഹനായി.

ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'ദാനത്തിൽ മാവേലി' എന്ന ഫീച്ചറാണ് വിനോദിനെ ഈ അവാർഡിന് അർഹനാക്കിയത്. മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് രാഷ്ട്രദീപിക തൃശൂർ യൂണിറ്റിലെ ന്യൂസ് എഡിറ്റർ ഡേവിസ് പൈനാടത്തിന് ലഭിച്ചു. ദീപിക ദിനപത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ 'വികസനവഴിയിലെ വിജയശ്രീ' എന്ന പരമ്പരയാണ് ഡേവിസിനെ അവാർഡിന് അർഹനാക്കിയത്. മികച്ച ഫോട്ടോഗ്രഫിക്കുള്ള പ്രസ് അക്കാദമി അവാർഡിന് മലയാള മനോരമ കോട്ടയം യൂണിറ്റിലെ ഫോട്ടോഗ്രാഫർ റിജോ ജോസഫ് അർഹനായി.

കോട്ടയം താഴത്തങ്ങാടി കുമ്മനത്ത് മീനച്ചിലാറിന് കുറുകെ കെട്ടിയ താത്ക്കാലിക തടയണ, കനത്ത മഴയിൽ നിറഞ്ഞു കവിഞ്ഞപ്പോൾ ഒഴുക്കിനെതിരെ കുതിച്ചു ചാടിയ മത്സ്യത്തെ വലയിലാക്കുന്ന രംഗം ചിത്രീകരിച്ച 'ആയുഷ്മാൻഭവ' എന്ന ചിത്രമാണ് റിജോക്ക് അവാർഡ് നേടിക്കൊടുത്തത്. മികച്ച മാദ്ധ്യമ പ്രവർത്തനത്തിനുള്ള കേരള പ്രസ് അക്കാദമി അവാർഡിന് മാതൃഭൂമി ചാനൽ ന്യൂസ് എഡിറ്റർ എം.എസ് ശ്രീകല. അർഹയായി. മാതൃഭൂമി ചാനൽ സംപ്രേഷണം ചെയ്ത പ്ലൈറ്റ് ഇൻ മുത്തങ്ങ (മുത്തങ്ങയിലെ ദുരിതക്കാഴ്ചകൾ) എന്ന വാർത്തയാണ് ശ്രീകലയെ അവാർഡിന് അർഹയാക്കിയത്. എല്ലാ അവാർഡുകളും 25000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ്.