- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ പി.എസ്.സി പരീക്ഷകൾക്ക് ഇനിമുതൽ പുതിയമുഖം; ആദ്യ ഘട്ട സ്ക്രീനിംഗ് ടെസ്റ്റ് പാസായാൽ മാത്രം രണ്ടാം ഘട്ട പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാം; മെയിൻ പരീക്ഷയ്ക്ക് ചോദിക്കുക തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങൾ; ചട്ടങ്ങൾ ഭേദഗതി ചെയ്തതായി പിഎസ്സി ചെയർമാൻ എം കെ സക്കീർ
തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടങ്ങളായി. ഇതിനായി ചട്ടങ്ങൾ ഭേദഗതി ചെയ്തതായി പിഎസ്സി ചെയർമാൻ എം കെ സക്കീർ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്നും പി.എസ്.സി ചെയർമാൻ വ്യക്തമാക്കി. ആദ്യ ഘട്ടമെന്ന നിലയിൽ ഡിസംബറിൽ പുതിയ രീതിയിലുള്ള പരീക്ഷകൾ നടത്തും.
പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. സ്ക്രീനിങ് ടെസ്റ്റിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിൻ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങൾ ഉണ്ടാകും. അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക. പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവർ മികവുള്ളവരാകുമെന്നും കഴിവുള്ളവർ നിയമനത്തിന് യോഗ്യത നേടുമെന്നും പി.എസ്.സി ചെയർമാൻ പറഞ്ഞു.
നിലവിൽ ഭൂരിഭാഗം പിഎസ്സി നിയമനങ്ങൾക്കും ഒരു പരീക്ഷയാണ് നടത്തുന്നത്. ഇത് രണ്ടുഘട്ടങ്ങളിലായി നടത്താനാണ് പിഎസ്സി ചട്ടം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി നിലവിൽ വന്നതായി എം കെ സക്കീർ അറിയിച്ചു. റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ആദ്യ ഘട്ടമെന്ന നിലയിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ അന്തിമ പരീക്ഷയ്ക്ക് ഇരുത്തുന്ന തരത്തിലാണ് പരീക്ഷാ രീതി പരിഷ്കരിച്ചത്. ആദ്യ ഘട്ടമെന്ന നിലയിൽ ഡിസംബറിൽ പുതിയ രീതിയിലുള്ള പരീക്ഷകൾ നടത്തുമെന്നും സക്കീർ അറിയിച്ചു.
സ്ക്രീനിങ് ടെസ്റ്റിന് ലഭിക്കുന്ന മാർക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്ക്രീനിങ് പരീക്ഷ നടത്തുന്നത്. ഇന്റർവ്യൂ വേണ്ട പരീക്ഷകൾക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അല്ലാത്ത പക്ഷം അന്തിമ പരീക്ഷ നടത്തി വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നും പിഎസ്സി ചെയർമാൻ അറിയിച്ചു.
യോഗ്യതയുള്ള ഉദ്യോഗാർഥികളെ എളുപ്പം കണ്ടെത്താൻ ഇതുവഴി സാധിക്കും. സ്്ക്രീനിങ് ടെസ്റ്റിലൂടെ തന്നെ ഉദ്യോഗാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ കഴിയും. തെരഞ്ഞെടുക്കുന്ന കുറച്ചുപേർ മാത്രമാണ് അന്തിമ പരീക്ഷ എഴുതുക. അതിനാൽ വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിക്കും. യുപിഎസ്സി പോലെ അഖിലേന്ത്യാ അടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്ന സംവിധാനങ്ങളുടെ മാതൃക പിന്തുടർന്നാണ് ചട്ടത്തിൽ ഭേഗഗതി കൊണ്ടുവന്നതെന്നും എം കെ സക്കീർ അറിയിച്ചു.
നീട്ടിവെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും. നേരത്തെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നൽകിയിട്ടുണ്ട്. കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.
മറുനാടന് ഡെസ്ക്