കൊച്ചി: ലോൺ ബോളിലും മെഡൽ ഉറപ്പിച്ച് കേരളം സെമി ഫൈനലിൽ എത്തി. നെടുമ്പാശ്ശേരി സിയാൽ ഗോൾഫ് കോഴ്‌സിലാണ് ലോൺ ബോൾ മത്സരങ്ങൾ നടക്കുന്നത്.

പുരുഷന്മാരുടെ ഫോർസ് വിഭാഗത്തിലാണ് കേരളം മെഡൽ ഉറപ്പിച്ചത്. അവസാന പൂൾ മത്സരത്തിൽ വിജയിച്ചാൽ സെമിഫൈനൽ ഉറപ്പിച്ചിരുന്ന കേരളം ഡൽഹിയെ 22-7നു പരാജയപ്പെടുത്തിയാണ് സെമിബർത്തും മെഡലും ഉറപ്പിച്ചത്.

പൂൾ തലത്തിൽ ആദ്യ മത്സരത്തിൽ രാജസ്ഥാനെ തോൽപ്പിച്ച കേരളം ഇന്നലെ നടന്ന മത്സരത്തിൽ ഝാർഖണ്ഡിനോട് പരാജയപ്പെട്ടിരുന്നു. ഇന്നു നടന്ന മത്സരം ജയിച്ചാൽ സെമി കേരളത്തിന് ഉറപ്പായിരുന്നു.

കൊച്ചിയിലെ ബിസിനസ്‌കാരനായ ഗോപിനാഥ പൈ, തിരുവനന്തപുരം നാലാഞ്ചിറ മാർ തിയോഫിലോസ് ട്രെയിനിങ് കോളജ് ഫിസിക്കൽ എജ്യുക്കേഷൻ പ്രൊഫസർ ടി പി ജോസ്, പെരുമ്പാവൂർ മാർ തോമ കോളജ് ഓഫ് വിമെൻ ഫിസിക്കൽ എജ്യുക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിമൽകുമാർ, എറണാകുളം സെന്റ് ആൽബർട്‌സ് കോളജ് വിദ്യാർത്ഥി അഡ്രിൻ മാത്യു ലൂവിസ് എന്നിവരടങ്ങിയ ടീം വിജയം കൈവരിച്ചതോടെ കേരളം സെമിയിലേക്കു കുതിക്കുകയായിരുന്നു.

നാളെ രാവിലെ 8.30 മുതലാണ് സെമി ഫൈനൽ. ഫൈനൽ മത്സരങ്ങൾ ഉച്ചയ്ക്കു ശേഷം രണ്ടിന് ആരംഭിക്കും.