- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് കേസുകളിൽ പകുതിയിലേറെ കേരളത്തിൽ: ആരോഗ്യമന്ത്രി വീണ ജോർജിന്റെ വാദം തള്ളി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിലെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം 30,000നും 40,000നും ഇടയിലാണ് രോഗികളുടെ എണ്ണം. ഇതിൽ പകുതിയും കേരളത്തിൽ നിന്നാണെന്ന് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളിൽ ശരാശരി 51.51 ശതമാനവും കേരളത്തിൽ നിന്നെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകളിൽ പറയുന്നു. തിങ്കളാഴ്ച രാജ്യത്ത് 28,204 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 13,049 പേരും കേരളത്തിൽ നിന്നാണ്. ഞായറാഴ്ച അവധി ദിവസമായതിനാൽ പരിശോധനകളുടെ എണ്ണം കുറവായിരുന്നു. അതിനാലാണ് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ പ്രതിദിനം 20,000ൽപ്പരം രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. 13 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയ ആറംഗ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നു.
പത്തനംതിട്ട ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമല്ല എന്ന സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം കേന്ദ്രസർക്കാർ തള്ളി. പത്തനംതിട്ട ജില്ലയിൽ രണ്ടാമതും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്രസംഘത്തെ നയിച്ച എൻസിഡിസി ഡയറക്ടർ ഡോ എസ്് കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ രണ്ടാമതും പത്തനംതിട്ട ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നു എന്ന വാദം ആരോഗ്യമന്ത്രി തള്ളിയിരുന്നു. എന്നാൽ സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയടക്കം മൂന്ന് ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്ന് എസ് കെ സിങ് പറയുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് മറ്റു രണ്ടെണ്ണം. സംസ്ഥാനത്തെ പത്തിലധികം ജില്ലകളിൽ കോവിഡ് വ്യാപനം തുടരുകയാണ്. മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെ കേരളത്തിലും ഡെൽറ്റ വകഭേദമാണ് 80 ശതമാനം കേസുകളിലും കണ്ടെത്തിയതെന്നും ഡോ എസ്് കെ സിങ് മാധ്യമങ്ങളോട് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ