- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ വികസനത്തിനായി വീണ്ടും കൈകോർത്ത് നിതിൻ ഗഡ്കരിയും പിണറായി വിജയനും; കേരളത്തിലെ പതിനൊന്ന് റോഡുകൾ ഭാരത് മാലാ പ്രോജക്ടിൽ; വിഴിഞ്ഞം തുറമുഖത്തിന് പിന്നാലെ തലസ്ഥാന നഗരവികനവും ലക്ഷ്യം; പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ റിങ് റോഡ്; ഭൂമി ഏറ്റെടുക്കലിന്റെ അമ്പത് ശതമാനം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ റോഡ് വികസനത്തിനായി വീണ്ടും കൈകോർത്ത് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും. സംസ്ഥാനത്തെ പതിനൊന്ന് റോഡുകൾ ഭാരത് മാലാ പ്രോജക്ടിൽ ഉൾപ്പെടുത്താൻ തീരുമാനം. നിതിൻ ഗഡ്കരിയുമായി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് പുതിയ തീരുമാനം.
കണ്ണൂർ വിമാനത്താവള വഴിയുള്ള ദേശീയ പാതയ്ക്കും കേന്ദ്രാനുമതി ലഭിച്ചു. തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റർ റിങ് റോഡ് നിർമ്മിക്കുന്നതിനും തത്വത്തിൽ അംഗീകാരമായി.
ആലപ്പുഴ (എൻ.എച്ച് 47) മുതൽ ചങ്ങനാശ്ശേരി വാഴൂർ പതിനാലാം മൈൽ (എൻ.എച്ച് 220) വരെ 50 കി.മീ, കായംകുളം (എൻ.എച്ച് 47) മുതൽ തിരുവല്ല ജംഗ്ഷൻ (എൻ.എച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജംഗ്ഷൻ (എൻ. എച്ച് 183) മുതൽ ഊന്നുക്കലിനടുത്തുള്ള ജംഗ്ഷൻ വരെ (എൻ. എച്ച് 85 ) 45 കി.മീ, പുതിയ നാഷണൽ ഹൈവേയായ കൽപ്പറ്റയ്ക്കടുത്തുള്ള ജംഗഷൻ (എൻ. എച്ച് 766 ) മുതൽ മാനന്തവാടി വരെ 50 കി.മീ, എൻ.എച്ച് 183 അ യുടെ ദീർഘിപ്പിക്കൽ ടൈറ്റാനിയം, ചവറ വരെ (എൻ.എച്ച് 66 ) 17 കി.മീ, എൻ. എച്ച് 183 അ യെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻ.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലിൽ 21.6 കി.മീ, തിരുവനന്തപുരം തെന്മലയെ ബന്ധിപ്പിക്കുന്ന 72. കിമീ, ഹോസ്ദുർഗ് പനത്തൂർ ഭാഗമണ്ഡലം മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ, ചേർക്കല കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ, വടക്കാഞ്ചേരി പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ് , തിരുവനന്തപുരം ഇന്റർനാഷണൽ സീ പോർട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം കരമന കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാലാ പദ്ധതി രണ്ടാം ഘട്ടത്തിൽ പെടുത്തി അപ്‌ഗ്രേഡ് ചെയ്യുന്നത്.
കണ്ണൂർ എയർ പോർട്ടിനോടു ചേർന്ന് ചൊവ്വ മുതൽ മട്ടന്നൂർ കൂട്ടും പുഴ വളവുപാറ മാക്കൂട്ടം വിരാജ്‌പേട്ട- മടിക്കേരി വഴി മൈസൂർ വരെയുള്ള റോഡിന്റെ കേരളത്തിലുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്തും. ഇത് കേരളത്തിലെ റോഡ് ഗതാഗത വികസനത്തിന് കുതിപ്പു നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തൽ ആവശ്യമായ നടപടികൾ ഉടനടി കൈക്കൊള്ളുമെന്ന് നിതിൻ ഗഡ്കരി ഉറപ്പു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കി.മീ. റിങ് റോഡ് നിർമ്മിക്കുന്നതിനും തത്വത്തിൽ അംഗീകാരമായി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാദ്ധ്യതകൾ കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി വികസിപ്പിക്കുക. 4500 കോടി രൂപയാണ് പദ്ധതി തുക പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി തിരുവനന്തപുരം നഗരത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറും. ഈ പദ്ധതി നാഷണൽ ഹൈവേ അഥോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കും.
ന്യൂസ് ഡെസ്ക്