ന്യൂഡൽഹി: ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. എന്നാൽ ശുചിത്വത്തിൽ ഈ പേരും പെരുമയുമൊന്നും കേരളത്തിന് അവകാശപ്പെടാനില്ല. ഇന്ത്യയിലെ മികച്ച 250 നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഒരു സ്ഥലവുമില്ല, 254ാം സ്ഥാനത്തുള്ള കോഴിക്കോടാണു കേരളത്തിലെ ഏറ്റവും മികച്ച ശുചിത്വ നഗരം. രണ്ടുവർഷം മുൻപു നാലാംസ്ഥാനത്തായിരുന്ന കൊച്ചി ഇത്തവണ 271ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

434 നഗരങ്ങളിലെ ശുചിത്വ നിലവാരത്തെക്കുറിച്ചു നടത്തിയ സർവേയിലാണ് (സ്വച്ഛ സർവേക്ഷൺ 2017) ഈ വിവരങ്ങളുള്ളത്. ഈ റിപ്പോർട്ട് പ്രകാരം ഏറ്റവും ശുചിത്വമുള്ള നഗരമായത് മധ്യപ്രദേശിലെ ഇൻഡോറാണ്. ഭോപ്പാലിനു രണ്ടാംസ്ഥാനം. വിശാഖപട്ടണം, സൂറത്ത്, മൈസൂരു, തിരുച്ചിറപ്പള്ളി, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, നവിമുംബൈ, തിരുപ്പതി, വഡോദര എന്നിവയാണ് ആദ്യ പത്തു റാങ്കിൽ ഇടം നേടിയ നഗരങ്ങൾ. കഴിഞ്ഞ രണ്ടു സർവേകളിൽ മൈസൂരു ആയിരുന്നു ഒന്നാമത്.

കേരളത്തിൽ പാലക്കാട് (286), ഗുരുവായൂർ (306), തൃശൂർ (324), കൊല്ലം (365), കണ്ണൂർ (366), തിരുവനന്തപുരം (372), ആലപ്പുഴ (380) എന്നിങ്ങനെയാണു മറ്റു നഗരങ്ങളുടെ സ്ഥാനം. ശുചിത്വമുള്ള സംസ്ഥാനമാണു കേരളമെന്നാണു സങ്കൽപമെങ്കിലും നഗരങ്ങളുടെ സ്ഥിതി ശോച്യമാണെന്നു ശുചിത്വ സർവേയിൽ കണ്ടെത്തിയതായി കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

ലക്ഷദ്വീപിലെ കവറത്തി 416ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം തിരുവനന്തപുരം (40), കോഴിക്കോട് (44), കൊച്ചി (55) എന്നിങ്ങനെയായിരുന്നു കേരള നഗരങ്ങളുടെ സ്ഥാനം.