ന്ത്യയുടെ വിദേശകടവും, ജനസംഖ്യയും താരതമ്യം ചെയ്ത്, പിറന്നുവീഴുന്ന ഓരോ കുഞ്ഞും, ആയിരക്കണക്കിന് രൂപ കടക്കാരാണെന്ന് ഘോരഘോരം പ്രസംഗിച്ചവരാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ. 91ൽ നരസിംഹറാവു, ഐഎംഎഫിൽനിന്ന് വായ്പ എടുക്കുമ്പോൾ ഉണ്ടായ ബഹളങ്ങൾ നോക്കുക. നമ്മളെ ഐഎംഎഫ് ജപ്തി ചെയ്യുമെന്നും, തുളസിക്കതിർ പോലും നുള്ളാൻ കഴിയാത്ത സാഹചര്യമാണ് ഇനി ഉണ്ടാവുക എന്നൊക്കെയായിരുന്നു പ്രചാരണം. അതിനുമുമ്പത്തെ ചന്ദ്രശേഖർ സർക്കാർ കരുതൽ സ്വർണം, വിദേശ ബാങ്കുകളിൽ പണയം വെച്ചതും, വളരെ ഭീതിയോടെയാണ് ഇന്ത്യയിലെ ഇടതുപക്ഷം പ്രചരിപ്പിച്ചത്. എന്നാൽ തുടർന്ന് എന്താണ് സംഭവിച്ചത്? പണയം വെച്ച സ്വർണം ഇന്ത്യ 90കളുടെ അവസാനം തന്നെ തിരിച്ചെടുത്തു. വൈകാതെ ഐഎംഎഫ് വായ്‌പ്പയും അടച്ചു തീർത്തു. ലോകബാങ്ക് നമ്മുടെ തുളസിയും വേപ്പും ഒന്നും കൊണ്ടുപോകുന്ന അവസ്ഥ വന്നില്ല. ആഗോളീകരണവും ഉദാരീകരണവും ഇന്ത്യയുടെ ദാരിദ്ര്യ ലഘൂകരണത്തിൽ വലിയ പങ്കുവഹിച്ചു.

പക്ഷേ ഇന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും എന്നപോലെ ഇന്ത്യക്കും വലിയ കടം ഉണ്ട്. പക്ഷേ രാജ്യത്തിന്റെ വളരുന്ന എക്കണോമിക്ക് അത് തിരിച്ച് അടക്കാനുമുള്ള കഴിവുമുണ്ട്. ആരും ഈ ഇന്ത്യാ മഹാരാജ്യം ജപ്തിചെയ്തു കൊണ്ടുപോവുകയൊന്നുമില്ല. എന്നാൽ അന്ന് നരസിംഹറാവുവിന്റെ കാലത്ത് കാണിച്ച കുയുക്തി ഇന്ന് കമ്യൂണിസ്റ്റുകളെയും, തിരിഞ്ഞുകൊത്തുകയാണ്. കണക്ക് അനുസരിച്ച് കേരളത്തിൽ പിറന്നു വീഴുന്ന ഓരോ കുട്ടിക്കും
ഒരുലക്ഷം രൂപക്ക് മുകളിൽ കടം ഉണ്ട്. 2016ൽ ഒരുലക്ഷം കോടിയായിരുന്ന കേരളത്തിന്റെ പൊതു കടം 2022ൽ 3,39,939 കോടിയായി ഉയർന്നു. ഇതുവരെ ഭരിച്ചവർ എല്ലാവും ചേർന്ന് ഉണ്ടാക്കിയ കടത്തിന്റെ 200 ഇരട്ടിയാണ് പിണറായി സർക്കാർ ഒറ്റക്ക് ഉണ്ടാക്കിയത്. ഇപ്പോഴിതാ കേന്ദ്രം ജി.എസ്.ടി. നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റും നിർത്താൻ പോകുകയാണ്. അതുകൊണ്ടുതന്നെ നിത്യനിദാന ചെലവുകൾക്കുപോലും, കടം വാങ്ങേണ്ട അവസ്ഥയാണ് കേരളത്തെ കാത്തിരിക്കുന്നത്.

നോക്കുക, ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും കടം ഉണ്ട്, ഇന്ത്യക്കുമുണ്ട്. പക്ഷേ അത് തിരിച്ചടക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നിടത്താണ് സാമ്പത്തിക ആസൂത്രണത്തിന്റെ മിടുക്ക്. ഇവിടെയാണ് കേരളത്തിന്റെ പരാജയം. കൃഷിയില്ല, വ്യവസായമില്ല, ഉൽപ്പാദനക്ഷമമായി ഒന്നുമില്ല. പക്ഷേ എന്നിട്ടും ഒരുലക്ഷം കോടിരൂപ കടം എടുത്ത് കെ റെയിൽ പോലെയുള്ളവ കൊണ്ടുവരാണ് നാം ശ്രമിക്കുന്നത്. ബീവറേജസ് കോർപ്പറേഷൻ പോലും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് ഓർക്കണം. എത്ര കടം വാങ്ങിയാലും കുഴപ്പമില്ല
എന്ന് പറയുന്ന രീതിയിൽ തോമസ് ഐസ്‌ക്ക് മോഡൽ ആസൂത്രണമാണ് പുതിയ ധനമന്ത്രി ബാലഗോപാലും പിന്തുടരുന്നത്.

ബെവ്ക്കോ പോലും നഷ്ടത്തിലായതെങ്ങനെ?

കഴിഞ്ഞ കാൽനൂറ്റാണ്ടു കൊണ്ട് കേരളത്തിന്റെ കടബാധ്യത 12 മടങ്ങാണ് വർധിച്ചത്. നായനാർ സർക്കാർ അധികാരമൊഴിയുമ്പോൾ 25,754 കോടിയായിരുന്ന പൊതു കടം ഇപ്പോൾ 3,39,939 കോടിയിലേറെയായി. കടബാധ്യത ഇത്രയും റോക്കറ്റുപോലെ കുതിച്ചത് പിണറായി സർക്കാറിന്റെ കാലത്തായിരുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ സാമ്പത്തിക കണക്കുകൂട്ടൽ വരുത്തിയ കട ഭാരമാണ് ഇത്രയും.

2016 വരെ സംസ്ഥാനത്തെ ഒരു വ്യക്തിക്ക് സർക്കാർ വരുത്തിവയ്ച്ച കടം ആളോഹരി 46,078 ആയിരുന്നു. ഇത് ഒരുലക്ഷം ആയി ഉയർന്നിരിക്കയാണ്. ഈ ബാധ്യത വിലക്കയറ്റത്തിലൂടെയും നികുതി വർധനവിലൂടെയും സാധാരണക്കാരിലേയ്ക്ക് അടിച്ചേൽപ്പിക്കപ്പെടും. ഇപ്പോൾ കിറ്റ് കൊടുത്ത് സോപ്പിട്ടവർ ഭാവിയിൽ കേരളത്തിലെ ജനങ്ങളിലേക്ക് എത്തുന്നത് വൻ നികുതി ഭാരം തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്.

നിലവിലുള്ള കടബാധ്യതകളുടെ 63 ശതമാനം കാലവധി തീരുന്നത് അടുത്ത അഞ്ചു വർഷത്തിനിടെയാണ്. അപ്പോൾ കടം വീട്ടാൻ പണമില്ലാതെ നട്ടം തിരിയും, വികസനം ഇല്ലാതാകും, നിയമനങ്ങളും മറ്റും നിർത്തും. ഇപ്പോൾ കടം വാങ്ങുന്നത് നിത്യച്ചെലവുകൾക്കും കടം വീട്ടാനുമാണ്. പലിശ കൊടുക്കാൻ പോലും കടം വാങ്ങുന്ന അവസ്ഥ.

ഇതിനുപുറമേ ബജറ്റിനുപുറത്തുനിന്ന് കിഫ്ബി വഴി ഏതാണ്ട് 11,990 കോടി രൂപ 2021 സെപ്റ്റംബർവരെ കടമെടുത്തു എന്നാണ് സംസ്ഥാന പ്ലാനിങ് ബോർഡിന്റെ ഇക്കണോമിക് റിവ്യൂ പറയുന്നത്. സാമൂഹികക്ഷേമ പെൻഷൻ വിതരണത്തിന് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന സ്ഥാപനം വഴി ജൂൺ 2016 മുതൽ മെയ്‌ 2022 വരെ 32,000 കോടി രൂപ കടമെടുത്തിട്ടുണ്ട്. ഈ കടമെടുപ്പ് ബജറ്റിന് പുറത്തുള്ളതാണെന്ന് സംസ്ഥാനസർക്കാരിന്റെ വാദം കേന്ദ്രസർക്കാരും സി.എ.ജി.യും അംഗീകരിക്കുന്നില്ല. ഇതുകൂടി സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്നാൽ ഭാവിയിൽ സംസ്ഥാനത്തിന് കാര്യമായ വായ്പയെടുക്കാൻ കഴിയാത്ത സ്ഥിതി വരും.

കിട്ടാവുന്നിടത്തുനിന്നൊക്കെ കടം എടുക്കു എന്നതാണ് പിണറായി സർക്കാറിന്റെ രീതി. അങ്ങനെയാണ് ബിവറേജസ് കോർപ്പറേഷൻ പോലും നഷ്ടത്തിലായത്. ബിവറേജസിനെകൊണ്ട് വേറെ ലോൺ എടുപ്പിക്കയാണ് ചെയ്യുന്നത്. ഈ കടമെടുപ്പ് ബജറ്റിന് പുറത്തുള്ളതാണെന്ന് എന്ന് നോക്കണം. ഇതും കിഫ്ബിയും ചേർത്ത് നോക്കുമ്പോൾ ആകെയുള്ള കടത്തിന്റെ അവസ്ഥ എന്താവും?

കിഫ്ബി പാളിയത് എവിടെ?

ജിഡിപിയുടെ മൂന്നു ശതമാനത്തിൽ കൂടുതൽ കടം എടുക്കാൻ കഴിയില്ല എന്ന നിബന്ധന മറികടക്കാനാണ് തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കിഫ്ബി തട്ടിക്കൂട്ടിയത് എന്ന് അത് ഉണ്ടാക്കിയപ്പോൾ തന്നെ വിമർശനം ഉയർന്നിരുന്നു.

ശമ്പളവും പെൻഷനും വിതരണം ചെയ്യാനും മറ്റു ദൈനംദിന ആവശ്യങ്ങൾക്കുമായി സർക്കാറിന്റെ വരുമാനം 75 ശതമാനവും തീരുകയാണ്. ബാക്കിയുള്ള തുക കൊണ്ടുവേണം ബജറ്റിൽ പ്രഖ്യാപിച്ച പാലങ്ങളും റോഡുകളുമൊക്കെ നിർമ്മിക്കാൻ. എന്നാൽ, സാമ്പത്തികവർഷം പകുതി പിന്നിടുമ്പോഴേക്കും സർക്കാർ കടുത്ത ധനപ്രതിസന്ധി നേരിട്ടു തുടങ്ങും. എന്നുവച്ച് ദൈനംദിന ചെലവുകൾ ഒഴിവാക്കാൻ കഴിയില്ലല്ലോ. ഒടുവിൽ വികസനപദ്ധതികൾ പലതും വെട്ടിച്ചുരുക്കും. വൻകിട പദ്ധതികളൊന്നും നടപ്പാക്കാൻ ഇതുകാരണം കഴിയാതെ പോകും. പ്രകടനപത്രിക വെറും പ്രകടനമായി ശേഷിക്കും.

ഒരുവർഷം കടമെടുക്കാവുന്ന തുകയ്ക്കു കേന്ദ്രം പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ തോന്നുംപടി കടമെടുക്കാൻ കഴിയുകയുമില്ല. അങ്ങനെ വികസനപദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കിഫ്ബിയുമായി സർക്കാർ അവതരിച്ചത്. കിഫ്ബിക്കു കടമെടുക്കുന്നതിനു പരിധിയില്ല. ബോണ്ടുകളിറക്കിയും വായ്പയെടുത്തും കിഫ്ബി പണം സമാഹരിച്ചു സർക്കാർ പദ്ധതികൾ നടപ്പാക്കും. 5 വർഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം. പദ്ധതികൾ കൂടിയതോടെ ഇപ്പോൾ 60,000 കോടി രൂപയുടേതായി.

പദ്ധതികൾ അതിവേഗം നീങ്ങുമെന്ന ധാരണയിൽ കിഫ്ബി കിട്ടാവുന്ന ഇടങ്ങളിൽ നിന്നൊക്കെ പണം കടമെടുക്കാൻ ശ്രമിച്ചു. 12,000 കോടിയോളം രൂപയാണ് പലയിടത്തു നിന്നായി സമാഹരിച്ചത്. എന്നാൽ, എന്തു പദ്ധതി കൊണ്ടുവന്നാലും നമ്മുടെ സർക്കാർ വകുപ്പുകൾ പഴയ വേഗത്തിലേ നീങ്ങൂവെന്ന കാര്യം ഓർത്തില്ല. ഗുണനിലവാരം പാലിക്കാത്തതിനാൽ ഒട്ടേറെ പദ്ധതികൾ കിഫ്ബിക്കു തടഞ്ഞുവയ്ക്കേണ്ടിയും വന്നു. അങ്ങനെ വലിയ പലിശ നൽകി കൊണ്ടുവന്ന പണം കിഫ്ബിയുടെ പക്കൽ ചെലവാകാതെയിരുന്നു. അതു ബാങ്കിൽ താൽക്കാലികമായി നിക്ഷേപിച്ചെങ്കിലും കടമെടുത്തതിനു കൊടുക്കേണ്ട അത്രയും പലിശ നിക്ഷേപത്തിൽനിന്നു കിട്ടില്ലല്ലോ.

കിഫ്ബി എടുക്കുന്ന വായ്പകൾ തിരിച്ചടക്കാൻ പണം കണ്ടെത്തുന്നത് പ്രധാനമായും രണ്ടു സ്രോതസ്സിൽ നിന്നാണ്. ഒന്ന്, സംസ്ഥാന സർക്കാർ പിരിക്കുന്ന റോഡ് നികുതിയിൽനിന്ന്. ഇതിന്റെ പകുതി കിഫ്ബിക്കു ലഭിക്കും. രണ്ട്, പെട്രോൾ സെസ്. ഒരു ലീറ്റർ പെട്രോളിന് ഒരു രൂപ സെസ് ജനങ്ങളിൽനിന്നു പിരിക്കുന്നുണ്ട്. ഇതും കിഫ്ബിക്കാണ്. ഈ തുകകൊണ്ട് എല്ലാ വായ്പകളുടെയും മാസത്തവണകൾ അടച്ചുതീർക്കാൻ കഴിയുമെന്ന ഫോർമുലയാണ് കിഫ്ബി സർക്കാരിനു മുന്നിൽ വച്ചിട്ടുള്ളത്. അതിനു കിഫ്ബിക്കു കഴിഞ്ഞില്ലെങ്കിൽ സർക്കാർ തന്നെ തിരിച്ചടയ്ക്കേണ്ടി വരും.

എന്നാൽ സിഎജി കിഫ്ബിയെ ശക്തമായി എതിർക്കയാണ് ചെയ്തത്. സിഎജിയുടെ വിലയിരുത്തൽ പ്രകാരം കിഫ്ബി നടത്തുന്ന കടമെടുപ്പും സംസ്ഥാന സർക്കാരിന്റെ വായ്പയായി വേണം കരുതാൻ. സംസ്ഥാന സർക്കാർ ജിഡിപിയുടെ മൂന്ന് ശതമാനത്തിനു മേൽ കടമെടുക്കാൻ പാടില്ലെന്നാണു ചട്ടം. ഇതു മറികടന്നുള്ള കടമെടുപ്പാണു കിഫ്ബി വഴി സർക്കാർ നടത്തുന്നത്. ഇതു ഭരണഘടനാ ലംഘനമാണ്. രാജ്യത്തിനു പുറത്തു നിന്നുള്ള കടമെടുപ്പും ഭരണഘടനാ ലംഘനമാണെന്നു സിഎജി ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക വിദഗ്ധൻ ഡോ ബി എ പ്രകാശ് ഇങ്ങനെ എഴുതുന്നു. ''സർക്കാരിന്റെ ബജറ്റിന് പുറത്ത് വരുമാനം ഉണ്ടാക്കിയിട്ട് അതിൽ നിന്ന് റിട്ടേൺ ഉണ്ടാക്കി അത് തിരിച്ചടയ്ക്കുന്ന ഒരു സംവിധാനമല്ല കിഫ്ബി. അവിടെയാണതിന്റെ തകരാറ്. 100 കോടി രൂപ കടമെടുത്ത് ഒരു വലിയ പാലം പണിതു. അതിൽനിന്ന് ടോൾ പിരിച്ച് അത് തിരിച്ചടയ്ക്കുക, നല്ല പരിപാടിയാണ്. എന്നാൽ അതല്ല കിഫ്ബി ചെയ്യുന്നത്. സർക്കാർ സാധാരണ വികസനത്തിന് വേണ്ടി ചെലവാക്കുന്ന പരിപാടികൾ, അതൊക്കെ ചെറിയ ചെറിയ പദ്ധതികളാണ്. അതിന് വേണ്ടി പണമില്ലാത്തതുകൊണ്ട് വെളിയിൽനിന്ന് പണമെടുക്കുന്നു, എന്നിട്ട് തിരിച്ചടവ് നടത്തുന്നത് മുഴുവൻ സർക്കാരിന്റെ റവന്യു വരുമാനത്തിൽ നിന്നാണ്.അഞ്ച് വർഷം കൊണ്ട് 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നാണ് കിഫ്ബി തുടങ്ങുമ്പോൾ പറഞ്ഞിരുന്നത്. ഇപ്പോൾ നാലര വർഷം കഴിഞ്ഞപ്പോൾ എടുത്ത കണക്കിൽ ആകെ ചെലവാക്കിയ തുകയെന്നത് 17,000 കോടി മാത്രമാണ്. അതിൽ പോലും പൂർത്തീകരിച്ച പദ്ധതികൾ വെറും 4,400 കോടിയുടേത് മാത്രമാണ്. ഇപ്പോൾ 50,000 എന്നത് 70,000 കോടിയെന്നാക്കി മാറ്റി. എങ്കിലും ആകെ പൂർത്തീകരിച്ച പദ്ധതിയെന്നത് എട്ട് ശതമാനം മാത്രം.''- അതായത് കിഫ്ബിയും മറ്റൊരു വെള്ളാനയായി മാറുകയാണെന്ന്

ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാതാവുമ്പോൾ

സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് പരിതാപകരമാണെന്നാണ് ലഭ്യമായ വസ്തുതകൾ കാണിക്കുന്നത്. 2021-22 സാമ്പത്തികവർഷത്തെ കണക്കുകൾ സിഎജി. പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 2021-22-ൽ 1,16,546 കോടി രൂപയാണ്. ഇതിൽ 30,014 കോടി രൂപ, കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ച റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്, ജി.എസ്.ടി. നഷ്ടപരിഹാരം, മറ്റ് ഗ്രാന്റുകളാണ്. ഇതിന് പുറമേ കേന്ദ്രനികുതി വിഹിതമായി 12,968 കോടിരൂപ ലഭിക്കുന്നു. ചുരുക്കത്തിൽ മൊത്തം വരുമാനത്തിന്റെ 37 ശതമാനം കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നു. മൊത്തം വരുമാനത്തിന്റെ 79 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കുവേണ്ടി ചെലവാക്കുന്നു. കഴിഞ്ഞ വർഷത്തെ ധനക്കമ്മി അഥവാ കടം മേടിച്ച തുക 42,785 കോടി രൂപയാണ്. മൊത്തം ചെലവിൽ 27 ശതമാനവും കടം വാങ്ങുകയാണ്. ഇതിന് പുറമേയാണ് ബജറ്റിന് പുറത്തുനിന്നുള്ള കടമെടുപ്പ്.

സർക്കാരിന്റെ ധനസ്ഥിതി താങ്ങിനിർത്തിയ ഒരു പ്രധാനഘടകമാണ് ജിഎസ്ടി. നഷ്ടപരിഹാരം. കഴിഞ്ഞവർഷം (202122) ജിഎസ്ടി. നഷ്ടപരിഹാരമായി കേന്ദ്രം നൽകിയത് ഏതാണ്ട് 12,878 കോടി രൂപയാണ്. ജിഎസ്ടി. നഷ്ടപരിഹാരം ഈ വർഷം ജൂണോടെ നിർത്തലാക്കും എന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഈ മാറ്റങ്ങൾ സംസ്ഥാനസർക്കാരിനെ ധനകാര്യത്തകർച്ചയിലേക്ക് തള്ളിവിടും എന്നതിന് ഒരു തർക്കവും ഇല്ല.

കേന്ദ്ര സർക്കാരിൽനിന്ന് ലഭിച്ച റവന്യൂ ഗ്രാന്റുകൾ, മറ്റ് ഗ്രാന്റുകൾ, ജിഎസ്ടി നഷ്ടപരിഹാരം തുടങ്ങിയവയിൽ വൻ വർധന വന്നതുകൊണ്ട് ട്രഷറി അടയ്ക്കാതെ നിലനിർത്താൻ കഴിഞ്ഞത്. ഈ ഗ്രാന്റുകൾ 2019-'20ൽ 11,235 കോടി രൂപയായിരുന്നത് 2020-21ൽ 31,068 കോടിരൂപയായി വർധിച്ചു. പതിനഞ്ചാം കേന്ദ്ര ധനകാര്യകമ്മിഷന്റെ വിലയിരുത്തലനുസരിച്ച് ഏറ്റവും ഉയർന്ന റവന്യൂ കമ്മിയുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് പതിനഞ്ചാം കേന്ദ്ര ധനകാര്യകമ്മിഷൻ റവന്യൂ ഗ്രാന്റ് ആയി കേരളത്തിന് ശുപാർശ ചെയ്തത് 37,814 കോടിരൂപയാണ്.

ജി.എസ്.ടി. നഷ്ടപരിഹാരം ഈ വർഷവും റവന്യൂ കമ്മി ഗ്രാന്റ് അടുത്തവർഷവും നിർത്തുമ്പോൾ സംസ്ഥാനം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. മാത്രമല്ല കിഫ്ബി എടുത്ത വായ്പ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ വഴി എടുത്ത വായ്പ തുടങ്ങിയവയും മറ്റും ബജറ്റിലെ വായ്പാ പരിധിക്കുള്ളിൽ വന്നാൽ പുതിയ വായ്പ എടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ധനസ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായി റിസർവ് ബാങ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ പൊതുകടം ഇപ്പോൾത്തന്നെ വളരെ കൂടുതലാണ്. സംസ്ഥാനത്തിന്റെ റവന്യൂ ചെലവുകളിൽ (ശമ്പളം, പെൻഷൻ, പലിശ, മറ്റു ഭരണച്ചെലവുകൾ) ഗണ്യമായ കുറവുണ്ടാക്കണമെന്നും റിസർവ് ബാങ്ക് ശുപാർശ ചെയ്തിട്ടുണ്ട്.

എന്നിട്ടും എവിടെയും ധൂർത്ത് മാത്രം

എന്നാൽ റിസർവ് ബാങ്കിന്റെയും സാമ്പത്തിക വിദഗ്ധരുടെയുമൊക്കെ നിർദ്ദേശങ്ങൾക്ക് പുല്ലുവിലയാണ്, പിണറായി സർക്കാർ നൽകാറുള്ളത്. ചെലവുചുരുക്കാനുള്ള യാതൊരു നടപടിയുമില്ല. ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്ക് ആഡംബരവാഹനം വാങ്ങിത് ഓർക്കുക. പേഴസ്ൺ സ്റ്റാഫിന്റെ നിയമനവും, അനാവശ്യ തസ്തികകളും, മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കലും അടക്കം അടക്കം ധൂർത്തുകൾ എത്ര.

സർക്കാരിന്റെ റവന്യൂ ചെലവുകൾ പരിശോധിച്ചാൽ ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നതായി കാണാം. സർക്കാർ പ്രസിൽ നോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന ലാഘവത്തോടെയാണ് ചെലവുകൾ നടത്തുന്നത്. ഉദാഹരണമായി 2020-21ൽ ശമ്പളച്ചെലവ് 28,763 കോടി രൂപയായിരുന്നത് 2021-22-ൽ 45,585 കോടി രൂപയായി വർധിച്ചു. വർധന 58 ശതമാനം. പെൻഷൻ 18,943 കോടി രൂപയിൽനിന്ന് 26,898 കോടി രൂപയായി വർധിച്ചു. അതായത് 42 ശതമാനം വർധന. ഇത്തരത്തിലുള്ള വർധന ഉണ്ടായാൽ ധനസ്ഥിതി തകർന്ന് തരിപ്പണമാകും.

സാമ്പത്തിക വിദഗ്ധനും, അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാനായിരുന്നു ഡോ ബി എ പ്രകാശ് ഇങ്ങനെ എഴുതുന്നു. ''പതിനൊന്നാം ശമ്പളപരിഷ്‌കരണത്തിന്റെ അധികബാധ്യത സംസ്ഥാന ട്രഷറിക്ക് താങ്ങാൻ കഴിയാത്തതാണ്. അഞ്ചുവർഷത്തിലുള്ള ശമ്പളപെൻഷൻ പരിഷ്‌കരണം സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതിയുടെ അടിത്തറ ഇളക്കിയിരിക്കുന്നു. ഈ ധനപ്രതിസന്ധി കാരണം ഭരണം, വികസനം, ജനക്ഷേമ പരിപാടികൾ എന്നിവ നടത്താൻ പണമില്ലാത്ത സ്ഥിതിയിൽ എത്തിയിരിക്കുന്നു. ശമ്പളം, പെൻഷൻ, മറ്റു നിത്യനിദാന ചെലവുകൾ ഒഴിച്ച് ഒന്നിനും പണമില്ലാത്ത സ്ഥിതിയിലാണ് കേരളം എത്തിനിൽക്കുന്നത്. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ആർ.ബി.എ.യുടെ വിലയിരുത്തലിൽ ശമ്പളം, പെൻഷൻ, പലിശ, ഭരണച്ചെലവ് എന്നിവ വളരെ ഉയർന്നതാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അയൽരാജ്യമായ ശ്രീലങ്കയിൽ ഉണ്ടായ സാമ്പത്തികപ്രതിസന്ധി ഒരു പാഠമാണെന്നും പൊതുകടം നിശ്ചിതക്രമത്തിൽ നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ആർ.ബി.ഐ. യുടെ പഠനം ചൂണ്ടിക്കാണിക്കുന്നു.''- ബി എ പ്രകാശ് വ്യക്തമാക്കി.

കെ റെയിലിന്റെ കടം ആരുവീട്ടും

ഇങ്ങനെ ട്രഷറി എപ്പോൾ പൂട്ടുമെന്ന് പോലും പറയാൻ കഴിയാത്ത ഒരു സംസ്ഥാനമാണ് ഒരുലക്ഷം കോടി മുടക്കി, കേന്ദ്ര അനുമതിപോലും ഇല്ലാതെ കെ റെയിൽ കൊണ്ടുവരുന്നത് എന്നോർക്കണം. കെ റെയിലിന്റെ തന്നെ കണക്ക് പ്രകാരം, 63,941 കോടി രൂപയാണ് പ്രതീക്ഷിത പദ്ധതിച്ചെലവ്. ഇതിൽ 33,700 കോടി രൂപ വിദേശ വായ്പ. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽനിന്നു (ജൈക്ക - 0.2%, എ.ഡി.ബി & എ.ഐ.ഐ.ബി - 1-1.5 %) വായ്പയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. സിൽവർലൈനിൽനിന്നു ലഭിക്കുന്ന വരുമാനത്തിൽനിന്നുതന്നെ വായ്പ തിരിച്ചടക്കാൻ സാധിക്കും എന്നാണ് കെ റെയിൽ അവകാശപ്പെടുന്നത്.

എന്നാൽ പദ്ധതി പൂർത്തിയാക്കാൻ 1,26,081 കോടി രൂപ വേണ്ടിവരുമെന്നാണ് നീതി ആയോഗ് പറയുന്നത്. സിസ്ട്ര എന്ന വിദേശ കൺസൾട്ടൻസി തയ്യാറാക്കിയ വിശദ പദ്ധതിരേഖ പ്രകാരം ഒരു കിലോമീറ്റർ സിൽവർലൈൻ നിർമ്മാണ ചെലവ് 121 കോടി രൂപയാണ്. അതേസമയം യഥാർത്ഥ ചെലവായി നീതി ആയോഗ് കണ്ടെത്തുന്നത് കിലോമീറ്റിറിന് 238 കോടി രൂപയാണ്. ഇന്ത്യയിൽ സാധാരണ ബ്രോഡ്ഗേജ് റെയിൽവേക്ക് ഒരു കിലോമീറ്റർ നിർമ്മാണത്തിന് 20 മുതൽ 30 വരെ കോടി രൂപ ചെലവ് വരുമ്പോൾ അതിന്റെ ആറിരട്ടിയിലധികമാണ് സിൽവർലൈനിനുവേണ്ടി ഉദ്ദേശിക്കുന്ന സ്റ്റാന്റേർഡ് ഗേജിന്റെ ഒരു കിലോമീറ്ററിനു വേണ്ടിവരുന്ന ചെലവ്. ഭൂമി ഏറ്റെടുക്കലിനു നീതി ആയോഗ് കണക്കുകൂട്ടുന്നത് 28,157 കോടി രൂപയാണ്.

രണ്ടരക്കോടി ജനസംഖ്യയുള്ള നഗരങ്ങൾ കടന്നുപോകുന്ന മുംബൈ, സൂററ്റ്, അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിലെ പ്രതീക്ഷിത യാത്ര ദിവസവും 37,500 പേർ മാത്രമാണ്. അതേസമയം 50 ലക്ഷം മാത്രം ജനസംഖ്യയുള്ള 11 ജില്ലാ തലസ്ഥാനങ്ങൾ കടന്നുപോകുന്ന സിൽവർലൈൻ 80000 യാത്രക്കാരെ പ്രതീക്ഷിക്കുന്നവെന്നത് എങ്ങനെ ശരിയാവും. കെ റെയിൽ അവകാശപ്പെടുന്നതുപോലെ അതിന്റെ മുഴുവൻ ശേഷിയും ഉപയോഗിച്ച് 675 യാത്രക്കാരുമായി 37 തവണ സർവ്വീസ് നടത്തിയാലും 24975 യാത്രകൾ മാത്രമാണ് സാധ്യമാവുക.

വിദേശ വായ്പയാണ് മറ്റൊരു സംശയമായി ഉന്നയിക്കുന്നത്. 10 വർഷം തിരിച്ചടവിന് അവധിയും 25 വർഷം തിരിച്ചടവിന് കാലാവധിയും നൽകുന്ന വായ്പ ഇന്ത്യയിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് ലഭിക്കില്ല. 4.5 ശതമാനം പലിശനിരക്കിലാണ് ഇത്തരം വായ്പ വിദേശ ഏജൻസികൾ നൽകുന്നത്. ഇന്ത്യൻ ഏജൻസിയിൽനിന്നുള്ള വായ്പയ്ക്ക് 8.5 ശതമാനമെങ്കിലുമാകും പലിശ. ജപ്പാൻ ഏജൻസിയായ ജെയ്ക്കയിൽനിന്ന് വായ്പയെടുക്കുമ്പോൾ ജപ്പാൻ സാങ്കേതികതയും ഉപകരണങ്ങളും സ്വീകരിക്കണമെന്ന് വ്യവസ്ഥവെക്കുന്നുണ്ട്.

അതായത് ഇത്രയും പലിശ കൊടുത്ത്, ഇത്രയും വലിയ തുക മുടക്കിയുണ്ടാക്കുന്ന കെ റെയിലിന്, ആ കടം വീട്ടാൻ കഴിയത്തക്ക രീതിയിൽ പാസഞ്ചേഴ്സ് ഉണ്ടാവില്ലെന്ന് പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ 'അന്നം തിന്നുന്ന ആർക്കും' മനസ്സിലാവുന്ന കാര്യമാണ്. അപ്പോൾ ഈ കടം ആരുവീട്ടും. ഇപ്പോൾ കൊച്ചി മെട്രോ കോടികളുടെ കടത്തിലേക്ക് നീങ്ങുകയാണ്. കെ റെയിൽ പ്രായോഗികമായാൽ അത് മറ്റൊരു കെഎസ്ആർടിസിയാവുമെന്ന് പ്രാഥമിക കണക്കൂകൂട്ടലിൽനിന്ന് തന്നെ വ്യക്തമാണ്. ഇപ്പോൾ തന്നെ നിത്യച്ചെലവുകൾ നിർവഹിക്കാൻ കഴിയാത്ത കേരള സർക്കാറിന് ഭാവിയിൽ കെ റെയിലിന്റെ ഭാരിച്ച കടം കൂടി വരുമ്പോൾ, തകർച്ച പൂർത്തിയാവുകയായി.

ഒന്നാം പ്രതി ഐസക്കിസം

കേരളത്തെ ഈ കടക്കണെയിലേക്ക് കൊണ്ടെത്തിച്ചതിൽ ഒന്നാം പ്രതി ആരാണെന്ന് ചോദിച്ചാൽ അത് മൂൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പേര് പറയേണ്ടിവരും.. 'ഐസക്കിസം' എന്ന പേരിൽ തങ്ക ലിപികളിൽ അത് എഴുതിവെക്കേണ്ട സാമ്പത്തിക ശാസ്ത്രമാണത്. ഒരാളിൽ നിന്ന് കടം വാങ്ങുക, അത് വീട്ടാൻ അടുത്തയാളിൽ നിന്ന് കടം, അത് വീട്ടാൽ മൂന്നാമനിൽ നിന്ന്. അങ്ങനെ കടത്തിൻ മേൽ കടം പെരുക്കുക. എന്നിട്ട് അത് പരിഹരിക്കാൻ 'ഡാമിൽ നിന്ന് മണൽ വാരി വിൽക്കും' എന്നൊക്കെയുള്ള നടക്കാത്ത പദ്ധതികൾ പ്രഖ്യാപിച്ച് വെറുതെ ഇരിക്കുക.

അതുപോലെ ധുർത്തും ആസൂത്രണമില്ലായ്മയുമായി പിണറായിയും ഇതിൽ നന്നായി മുതൽക്കൂട്ടി. കിറ്റും ശമ്പളവർധനവുമടക്കമുള്ള കാര്യങ്ങൾക്ക് കൈയടി കിട്ടും. പക്ഷേ ഖജനാവിന്റെ അവസ്ഥ നോക്കണം. ഇതേ ലൈനാണ് ലങ്കയെ പാപ്പരാക്കിയത് എന്ന് നാം മറക്കരുത്. പുതിയ പ്രസിഡന്റ് ഗോതബായ രാജപക്സേ നികുതി കുത്തനെ വെട്ടിക്കുറക്കയാണ് ചെയ്തത്. ഫലമോ ആകെ തകർത്ത്, ഒരു ചായ കുടിക്കാൻ നാനൂറ് രൂപ വേണ്ട അവസ്ഥയാവുന്നു!

കേരള സർക്കാരിന് വൻ വരുമാനം നേടിക്കൊടുക്കുന്ന ബിവറേജസ് കോർപറേഷൻ 608.17 കോടി രൂപ നഷ്ടമാണ് ഇപ്പോൾ ഉണ്ടാക്കിയത്. നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ ബെവ്കോ മൂന്നാമതാണ്. 1976.03 കോടി രൂപ നഷ്ടമുണ്ടാക്കിയ കെ എസ് ആർ ടി സിയാണ് ഇക്കാര്യത്തിൽ ഒന്നാമത്. 1822.35 കോടി നഷ്ടമുള്ള കെ എസ് ഇ ബി രണ്ടാമതാണ്. ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളുടെ പട്ടികയിൽ കെ എസ് എഫ് ഇയാണ് ഒന്നാമത്. 146.41 കോടി രൂപയാണ് കെ എസ് എഫ് ഇയുടെ ലാഭം. നോക്കുക, ബെവ്ക്കോപോലും ലാഭത്തിൽ ആയില്ലെങ്കിൽ പിന്നെ കേരളത്തിൽ എന്താണ് ലാഭത്തിൽ അവുക.

ഇവിടെയാണ് ശ്രീലങ്കൻ മോഡൽ എന്ന വിശേഷണം ഉയർന്ന് വരിക. കടം വീട്ടാനുള്ള യാതൊരു ശ്രമങ്ങളും വർഷങ്ങളായി ശ്രീലങ്കയിൽ നടന്നിട്ടില്ല. കേരളത്തെപ്പോലെ ഉപ്പുതൊട്ട് കർപ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന നാടാണ് ലങ്ക. എന്നിട്ടും അവർ കയറ്റുമതി വർധിപ്പിക്കാനുള്ള യാതൊരു ശ്രമങ്ങളും നടത്തിയില്ല. ബഹുരാഷ്ട്ര കമ്പനികൾ വരുന്നതിനോട് ഈ സോഷ്യലിസ്റ്റ് വിഭ്രാന്തിമൂലം ലങ്കയിലെ ഭരണാധികാരികൾക്ക് ആദ്യഘട്ടത്തിൽ ഇഷ്ടം ഉണ്ടായിരുന്നില്ല. പക്ഷേ അവർ ആഗോളീകരണത്തിലേക്ക് വന്നപ്പോഴേക്കും കാലം ഒരുപാട് മാറിയിരുന്നു. അതുപോലെ ജൈവകൃഷി ഭ്രാന്ത്, സോഷ്യലിസ്റ്റ് പ്രേമം തുടങ്ങിയ പലകാര്യങ്ങളിലും കേരളവും ശ്രീലങ്കയും തമ്മിൽ സാമ്യമുണ്ട്.

ശ്രീലങ്കയും കേരളവും താരമ്യപ്പെടുത്തമ്പോഴുള്ള മറ്റൊരു പ്രധാന കാര്യം രണ്ടിടത്തുമുള്ള മെറിറ്റിനെ പരിഹസിക്കുന്ന സമീപനമാണ്. രാജപക്സെമാരുടെ ഭരണത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ എല്ലാം തിരുകിക്കയറ്റിയത് ബന്ധുക്കളെയാണ്. ചേട്ടൻ പ്രസിഡന്റ്, അനിയൻ പ്രധാനമന്ത്രി, മറ്റൊരു സഹോദരൻ ധനമന്ത്രി, കസിൻ ടൂറിസം മന്ത്രി ഇങ്ങനെ പോകുന്നു.... ശ്രീലങ്കൻ എയർലൈൻസ് തൊട്ട് ഉന്നതസ്ഥാനങ്ങളിൽ എല്ലാം കുടുംബത്തിലെ അംഗങ്ങളോ സ്വന്തക്കാരോ ആണ്. കേരളത്തിൽ പ്രത്യക്ഷ ബന്ധുത്വം ഒരു മരുമകനിൽ ഒതുങ്ങി നിൽക്കുന്നവെങ്കിലും സകലയിടത്തും പാർട്ടിക്കാരെ തിരുകിക്കയറ്റുക എന്നത് ഈ ഗവൺമെന്റിന്റെ 'നയ'മാണ്. അതുപോലെ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും രണ്ടിടത്തും കുറവില്ല. മെറിറ്റിനെ പരിഹസിക്കുന്ന ഒരു സമൂഹമായി മാറുന്ന കേരളവും ഭാവിയിൽ ഇതുപോലെ ആയിക്കുടെന്നില്ല.

വാൽക്കഷ്ണം: കേരളം മറ്റൊരു ശ്രീലങ്കയാവുമോ എന്ന ചോദ്യം സത്യത്തിൽ തെറ്റായ താരതമ്യമാണ്. അത് കേരളത്തിന്റെ മിടുക്കുകൊണ്ടല്ല, കേരളം ഇന്ത്യൻ യൂണിയന്റെ ഭാഗം ആയതുകൊണ്ടാണ്. വിദേശ കരുതൽ ധന ശേഖരം, വെറും രണ്ട് മില്യൺ ഡോളറായി താഴ്ന്നപ്പോഴാണ് ശ്രീലങ്കയിൽ കലാപം തുടങ്ങിയത്. എന്നാൽ ഇന്ത്യയൂടെ കരുതൽ ധനശേഖരം ഏതാണ്ട് 550 ബില്യൻ ഡോളറാണ്. ഇന്ത്യൻ യൂണിയന്റെ ഭാഗമല്ലായിരുന്നെങ്കിൽ ഒരുകിലോ അരിക്ക് ഇന്ന് നൂറുരൂപയിൽ അധികം ആവുമായിരുന്നു.'ഖേരളം' ഒറ്റക്ക് ഒരു രാജ്യമായിരുന്നെങ്കിൽ കളി കാണാമായിരുന്നു.