തിരുവനന്തപുരം: കേരളത്തിൽ മദ്യനിരോധനവും പുതിയ മദ്യനയവുമൊക്കെ ചർച്ചയാകുമ്പോൾ ബിബിസിയുടെ ഏഷ്യൻ സെക്ഷനിലും പ്രധാന വാർത്തകളിലൊന്നായി കേരളത്തിൽ ബാറുകൾ പൂട്ടുന്ന വാർത്തയും ഇടം നേടി. ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ മദ്യവില്പന നിരോധിക്കുന്നു എന്ന തലക്കെട്ടിൽ 'വൈകിട്ടെന്താ പരിപാടി'യെന്ന് ഒരു മദ്യ ബ്രാൻഡിന്റെ പരസ്യത്തിൽ ലാലേട്ടൻ ചോദിക്കുന്ന ചിത്രമാണ് വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്നത്. കേരളത്തിൽ പത്തു വർഷത്തിനുള്ളിൽ പൂർണമായും മദ്യം നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് ബിബിസി വളരെ പ്രാധാന്യേത്തോടെ നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ ചിത്രം വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്നതിനെതിരേ ചിലർ ഫേസ്‌ബുക്കിലൂടെയും മറ്റും രംഗത്തുവന്നിട്ടുണ്ട്.

ഇന്ത്യയിലെ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ പത്തു വർഷത്തിനുള്ളിൽ പൂർണമായും മദ്യം നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടിന്റെ രത്‌നച്ചുരുക്കം. എഴുന്നൂറിലധികം ബാറുകൾ പൂട്ടുന്നതാണ് ആദ്യ ഘട്ടമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ മദ്യഉപഭോഗം കേരളത്തിലാണെന്നും ഒരാൾ പ്രതിവർഷം ശരാശരി എട്ടു ലിറ്ററോളം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമാണ് ഇതെന്നും റിപ്പോർട്ട് പറയുന്നു. കേരളത്തിലെ റോഡപകടങ്ങൾ അടക്കമുള്ള പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ കാരണം മദ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ വരുമാനത്തിൽ 20 ശതമാനത്തിലധികം മദ്യം വിൽക്കുന്നതിലൂടെ ആണെന്നും സർക്കാർ ഇത് വേണ്ടെന്നു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബിബിസിയുടെ റിപ്പോർട്ട് പറയുന്നു. 

ബിബിസിക്ക് പുറമെ റേഡിയോ ഓസ്‌ട്രേലിയ, ലണ്ടനിൽ നിന്നുള്ള ദി ടെലിഗ്രാഫ്, റോയിട്ടേഴ്‌സ്, ഫ്രഞ്ച് ഏജൻസിയായ എഎഫ്‌പി, ഇന്റർനാഷണൽ ബിസിനസ് ടൈംസ്, ദി വാൾ സ്ട്രീറ്റ് ജേണൽ, അമേരിക്കയിലെ എബിസി ന്യൂസ്, റഷ്യൻ പ്രസിദ്ധീകരണമായ റിയനിവോസ്റ്റി, മലേഷ്യൻ ദേശീയ വാർത്ത ഏജൻസിയായ ബെർനാമ, മലേഷ്യൻ ഡൈജസ്റ്റ്, ന്യൂ സ്‌ട്രൈറ്റ്‌സ് ടൈംസ്, ദ ഡ്രിങ്ക് ബിസിനസ് തുടങ്ങി രാജ്യാന്തര മാദ്ധ്യമങ്ങൾക്കും കേരളത്തിലെ മദ്യനിരോധനം വാർത്തയായിരുന്നു. മദ്യവുമായി ബന്ധപ്പെട്ട വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഹോങ്കോങിൽ നിന്നുള്ള അന്താരാഷ്ട്ര മാഗസിനായ ദി ഡ്രിങ്ക് ബിസിനസ് ഓൺലൈൻ പതിപ്പിൽ ആദ്യ വാർത്തയായാണ് കേരള സർക്കാർ തീരുമാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ബിബിസി വാർത്തയ്ക്ക് 260 കമന്റുകളും ലഭിച്ചിട്ടുണ്ടെന്നതാണ് കൗതുകകരം. മുമ്പ് കേരളത്തിലെ മദ്യഉപഭോഗത്തെക്കുറിച്ചുള്ള വാർത്തയിലും ബിബിസി ഇതേ ചിത്രം തന്നെ ഉപയോഗിച്ചിരുന്നു.