- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും കുഞ്ഞാമനും പുരസ്‌കാരം; മികച്ച കവി അൻവർ അലി; പ്രൊഫ. ടി ജെ ജോസഫിന്റെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥയ്ക്ക് പുരസ്‌കാരം
തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ആർ. രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്‌കാരം അൻവർ അലിയും ചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വി.എമ്മും നേടി. മുതിർന്ന എഴുത്തുകാരായ വൈശാഖൻ, പ്രൊഫ. കെ.പി. ശങ്കരൻ എന്നിവർക്ക് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.
25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങൾ. കവി അൻവർ അലിയുടെ 'മെഹ്ബൂബ് എക്സ്പ്രസ്' എന്ന കൃതിക്കാണ് പുരസ്‌കാരം. പ്രൊഫ. ടി ജെ ജോസഫും പുരസ്‌കാരത്തിന് അർഹനായി. 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. എതിര് എന്ന ആത്മകഥയ്ക്ക് ജീവചരിത്രം വിഭാഗത്തിൽ എം കുഞ്ഞാമനും അവാർഡിന് അർഹനായി.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലാണ് ആർ. രാജശ്രീയെ പുരസ്‌കാരത്തിനർഹയാക്കിയത്. പുറ്റ് എന്ന നോവലിനാണ് വിനോയ് തോമസിന് പുരസ്‌കാരം. മെഹബൂബ് എക്സ്പ്രസ് എന്ന കവിതയ്ക്ക് അൻവർ അലിയും വഴി കണ്ടുപിടിക്കുന്നവർ എന്ന കഥയ്ക്ക് ദേവദാസ് വി.എമ്മും പുരസ്‌കാരത്തിന് അർഹരായി.
പ്രതീപ് മണ്ടൂറിന്റെ 'നമുക്ക് ജീവിതം പറയാം' ആണ് മികച്ച നാടകം. യാത്രാവിവരണത്തിനുള്ള പുരസ്‌കാരം വേണുവിന് ലഭിച്ചു. രഘുനാഥ് പലേരിയുടെ 'അവർ മൂവരും ഒരു മഴവില്ലും' ആണ് മികച്ച ബാലസാഹിത്യം.
നാടകം- പ്രദീപ് മണ്ടൂർ, സാഹിത്യ വിമർശനം- എൻ. അജയകുമാർ, വൈജ്ഞാനിക സാഹിത്യം- ഡോ. ഗോപകുമാർ ചോലയിൽ, ആത്മകഥ- പ്രൊ. ടി.ജെ ജോസഫ്, എം. കുഞ്ഞാമൻ, യാത്രാവിവരണം- വേണു, വിവർത്തനം- അയ്മനം ജോൺ, ബാലസാഹിത്യം- രഘുനാഥ് പലേരി, ഹാസസാഹിത്യം- ആൻ പാലി എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങൾ. ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും ഉൾകൊള്ളുന്നതാണ് പുരസ്‌കാരം. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഡോ. കെ. ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ. ജയശീലൻ എന്നിവരും അർഹരായി. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം.
2018 ലെ വിലാസിനി പുരസ്‌കാരത്തിന് ഇ.വി. രാമകൃഷ്ണൻ രചിച്ച മലയാള നോവലിന്റെ ദേശകാലങ്ങൾ എന്ന പുസ്തകം അർഹമായി. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
എൻഡോവ്മെന്റ് അവാർഡുകൾ
ഐ.സി. ചാക്കോ അവാർഡ്- വൈക്കം മധു, സി.ബി. കുമാർ അവാർഡ്- അജയ് പി. മങ്ങാട്ട്, കെ.ആർ. നമ്പൂതിരി അവാർഡ്- പ്രൊഫ.പി.ആർ. ഹരികുമാർ, കനകശ്രീ അവാർഡ്- കിങ് ജോൺസ്, ഗീതാ ഹിരണ്യൻ അവാർഡ്- വിവേക് ചന്ദ്രൻ, ജി.എൻ. പിള്ള അവാർഡ്- ഡോ. പി.കെ. രാജശേഖരൻ, ഡോ. കവിത ബാലകൃഷ്ണൻ, തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം- എൻ.കെ. ഷീല.
മറുനാടന് മലയാളി ബ്യൂറോ