- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചോദ്യം ചെയ്യാൻ ഭയപ്പെടാതിരിക്കിൻ, പടയൊരുക്കുക, നാളെയാകിൽ ഏറെ വൈകിടും''; സിൽവർ ലൈൻ പദ്ധതിക്കെതിരെ നാടകയാത്രയുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്; കെ റെയിൽ മുൻഗണന പദ്ധതിയല്ലെന്ന തുറന്ന പറച്ചിലിനൊപ്പം സിപിഎമ്മിനെ വെട്ടിലാക്കി പരിഷിത്തിന്റെ നാടകയാത്ര; നാടകവണ്ടി സമരക്കാർക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന വിലയിരുത്തലിൽ പാർട്ടിയും
തിരുവനന്തപുരം: കെ റെയിലിൽ വിവാദം കൊഴുക്കുന്നതിനിടെ സർക്കാറിനും പാർട്ടിക്കും തലവേദനയായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടകവണ്ടി പ്രയാണം. പ്രകൃതിനാശത്തിനും വികസനത്തിനായി പ്രകൃതിയെ മാന്തിക്കീറിയും കുത്തിപൊളിച്ചുമുള്ള നീക്കങ്ങൾക്ക് മുന്നറിയിപ്പും താക്കീതുമായാണ് ശാസ്ത്രസാഹിത്യപരിഷത്ത് ആരംഭിച്ച നാടകയാത്ര പ്രയാണം തുടരുന്നത്.ജനങ്ങൾക്കുള്ള ബോധവൽക്കരണമാണെങ്കിലും നാടകവണ്ടി പാർട്ടിക്കുള്ള പണിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ സംശയവും വിമർശനവും.
സിപിഎമ്മുകാരായ പരിഷത്തുകാർ സിൽവർലൈനിൽ സംഘടന സ്വീകരിക്കുന്ന നിലപാടിനോട് പൂർണമായി യോജിക്കുന്നില്ലെന്നാണ് വിവരം എന്നാൽ, ഇപ്പോഴും മനസിൽ തീയുള്ള ചിലരാണ് പദ്ധതിയുണ്ടാക്കാൻ പോകുന്ന വൻസാമ്പത്തിക, സാമൂഹിക, പരിസ്ഥിതി പ്രത്യാഘാതത്തെക്കുറിച്ച് സംസാരിക്കുന്നതും സന്ദേശം കൈമാറുന്നതും.അവർ നേരത്തേയെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയുമാണ്.
ഒരു വട്ടത്തോണിയിലെ യാത്രക്കാരായി മനുഷ്യകുലത്തെ സങ്കൽപ്പിച്ചാണ് നാടകം. നീളുന്ന തലമുറകളാണ് അതിൽ ജീവിക്കുന്നത്. പ്രളയം, പ്രകൃതിദുരന്തങ്ങൾ, മഹാമാരിക്കാലം, രാഷ്ട്രീയത്തിന്റെ രോഗാതുര മുഖങ്ങൾ എന്നിവ കാണികൾക്ക് അനുഭവപ്പെടുന്ന വിധത്തിലാണ് അവതരണം. തനിക്കുവേണ്ടതെല്ലാം ചേർത്ത് പിടിച്ച് നൽകിയ പ്രകൃതിയെ വെട്ടിയുംകുത്തിയും മാന്തിയും പൊയ്മുഖം കാട്ടിയും ഒരു കൂട്ടർ ചവിട്ടിമെതിക്കുന്നത് കണ്ടു മനംനൊന്ത് പിടഞ്ഞുമരിക്കുന്നവർ, തിരിഞ്ഞുകുത്തുന്നവരോട് മനുഷ്യനാകാൻ പറയുകയാണ്. കഥാപാത്രങ്ങൾ കാണികളോട്, നാട്ടുകാരോട് കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെയാണ് ഈ ആഹ്വാനം നൽകുന്നത്.
ഒരുമയുടെ രാഷ്ട്രീയ പാഠം പാടിപ്പറഞ്ഞൊരു നാടകയാത്ര എന്നാണ് 'ഒന്നി'നെ പരിഷത്ത് വിശേഷിപ്പിക്കുന്നത്.ജിനോ ജോസഫാണ് രചനയും സംവിധാനവും. കവി എം.എം.സചീന്ദ്രന്റെ വരികൾക്ക് കോട്ടയ്ക്കൽ മുരളിയുടേതാണ് സംഗീതം.''പ്രകൃതിയാണ് എറ്റവും വലിയ ശക്തി, ചോദ്യം ചെയ്യാൻ ഭയപ്പെടാതിരിക്കിൻ,പടയൊരുക്കുക, നാളെയാകിൽ ഏറെ വൈകിടും'' തുടങ്ങി പോസ്റ്ററുകളിലെ വാക്കുകളൊക്കെ നിലവിലുള്ള പ്രതിഷേധങ്ങൾക്ക് ഉശിരുപകരില്ലേ എന്നാണ് ഒരു വിഭാഗത്തിന്റെ സംശയവും നിരീക്ഷണവും.''വിണ്ടുകീറിയവയലുകൾ, നെഞ്ചുപൊട്ടി വിളവുകൾ, സങ്കടങ്ങൾ കണ്ണുനീര് പോലെ ഒഴുകി പുഴകളിൽ,ഈ ഭൂമി, ആരുടേത്, ആകാശം ആരുടേത്, ഈ പുഴകൾ,ഈമലകൾ ഈ കടൽ, ഈ കാടും ആരുടേത്,വരുമൊരു തലമുറയുടേത്'' എന്നിങ്ങനെയാണ് നാടകയാത്രയിലെ വരികൾ.
പദ്ധതിക്കെതിരെയുള്ള സമരക്കാർക്ക് വരികൾ ഊർജം പകരുമെന്നുവരെ അഭിപ്രായമുയരുന്നുണ്ട്. സിൽവർലൈനിനെക്കുറിച്ചൊന്നും ഇന്നിൽ നേരിട്ടോ അല്ലാതെയോ സൂചനപോലുമില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനെ സിൽവർലൈനുമായി കൂട്ടിവായിക്കുമെന്നു പാർട്ടിപ്രവർത്തകർ പറയുന്നു. എന്നാൽ, വിവാദത്തിന്റെ ആവശ്യമില്ലെന്നും സംഘടന എക്കാലത്തും നടത്തുന്ന ശാസ്ത്ര, പരിസ്ഥിതി ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് 'ഒന്ന്' എന്ന നാടകയാത്രയെന്നാണ് സംഘടനാ നേതൃത്വം വ്യക്തമാക്കുന്നത്. മറിച്ചുള്ള നിരീക്ഷണവും വ്യാഖ്യാനവും തികച്ചും രാഷ്ട്രീയമാണ്.
കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാനുള്ളതല്ല ശാസ്ത്ര, പരിസ്ഥിതി ജാഥകളെന്നാണ് പരിഷത്ത് പ്രവർത്തകരുടെ നിലപാട്. എല്ലാവർക്കും വേണ്ടിയാണ് ഈ യാത്ര. കോവിഡ് കാലത്ത് പലതരത്തിൽ അകന്നുപോയവരെ ഒരുമയിലേക്ക് എത്തിക്കുന്ന സന്ദേശം മാത്രമാണ് അതു നൽകുന്നതെന്നൊക്കെ വ്യക്തമാക്കുമ്പോഴും ഫലത്തിൽ ഇത് പാർട്ടിക്കുള്ള പണിയല്ലെ എന്നാണ് പാർട്ടിയിലെ പലരും ചോദിക്കുന്നത്.കോവിഡിനുശേഷമുള്ള സാമൂഹിക അന്തരീക്ഷത്തിന് ഊന്നൽ നൽകി 'ഏകലോകം, ഏകാരോഗ്യം' എന്ന മുദ്രാവാക്യത്തോടെയുള്ള നാടകത്തിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട വ്യക്തികളും സംഘടനകളും അധികാരികളുമൊന്നും കടന്നുവരുന്നില്ല.
കഴിഞ്ഞ മാസം 30 ന് മധ്യമേഖലയിലും തെക്കൻ മേഖലയിലും വടക്കൻ മേഖലയിലുമായാണ് യാത്ര ആരംഭിച്ചത്. നാടിനെ ഇളക്കിമറിച്ച, നാട്ടുകാർ കേൾക്കാൻ ചെവികൂർപ്പിച്ചിരുന്ന, അവരുടെ വരവ് കാത്തിരുന്ന എത്രയോ കലാജാഥകൾ ഇതിന് മുൻപും ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് അതിന്റെ വ്യാപനം കുറഞ്ഞപ്പോൾ 'വീട്ടുമുറ്റം' എന്നപേരിൽ ആരോഗ്യപരിപാലനവും രോഗപ്രതിരോധവും വിഷയമാക്കി സംഘടന നാടകയാത്ര അവതരിപ്പിച്ചിരുന്നു. അതു പ്രാദേശിക തലത്തിൽ ഫലപ്രദമായി നടക്കുകയും ചെയ്തു.
ഇപ്പോഴത്തെ'ഒന്ന്' എന്ന നാടകയാത്ര സംസ്ഥാനതല പരിപാടിയാണ്. വിശ്വമാനവികത, ഏകപ്രകൃതി, മനുഷ്യസ്‌നേഹം, ചരാചരങ്ങളോടുള്ള കരുണ, ശാസ്ത്രത്തിന് സമൂഹിക ജീവിതത്തിലുള്ള പ്രധാന്യം, സമാകാലിക രാഷ്ട്രീയത്തിന്റെ ജീർണമുഖം തുടങ്ങിയ വിഷയങ്ങളെ ഒന്നിൽ ഒതുക്കി പറയുന്നതിൽ നാടകമൊരുക്കിയവർ മിടുക്കുകാട്ടിയെന്നാണ് പരിഷത്ത് പ്രവർത്തകരുടെ വിലയിരുത്തൽ.
''മണ്ണെടുത്ത് മണ്ണടിഞ്ഞ പുഴകൾ തന്റെ നിലവിളിയിലും കുന്നുകൾ പിളർന്ന യന്ത്രഭീകരന്റെ കൊലവിളിയിലേയ്ക്കും കടൽനികത്തി കടവുപണിയുന്നവരുടെ'' ക്രൂരതയിലേക്കും ശ്രദ്ധയും ജാഗ്രതയും ക്ഷണിച്ചു മുന്നേറുന്ന 'ഒന്ന്' ഈ മാസം 13 ന് സമാപിക്കും.
മറുനാടന് മലയാളി ബ്യൂറോ