തിരുവനന്തപുരം: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുമ്പോൾ അവർക്ക് വേണ്ടി കൂട്ടായ്മയൊരുക്കി എറണാകുളത്തെ ഒരുകൂട്ടം വനിതകൾ. സ്വന്തം വീട്ടിലും ഭർതൃഭവനത്തിലും തൊഴിലിടത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ സ്ത്രീകൾക്കുണ്ടാകുന്ന അരക്ഷിതാവസ്ഥയിൽ താങ്ങാവുക എന്നതാണ് പുതിയ കൂട്ടായ്മയുടെ ലക്ഷ്യം.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലടക്കം പല മേഖലകളിലും ഉന്നത നിലവാരം പുലർത്തുന്ന കേരളത്തിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല. ഓരോ ദിവസവും പുറത്തു വരുന്ന നൂറുകണക്ക് വാർത്തകളും, പുറത്തു വരാത്ത ലക്ഷക്കണക്കിന് സംഭവങ്ങളും സ്ത്രീകളുടെ സുരക്ഷിതത്തെ ഒരു വലിയ ചോദ്യചിഹ്നമാക്കുന്നു. ഈ അവസരത്തിലാണ് കേരള സോഷ്യൽ നെസ്റ്റിങ് എന്ന സംഘടനയുമായി അഡ്വ. സജിത തറ്റിയോട്ടിന്റെ നേതൃത്വത്തിൽ ഒരുപറ്റം സ്ത്രീകൾ മുന്നോട്ടുവരുന്നത്.

സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും കൂടി സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കുക, ഹജീവികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, സ്ത്രീകളെ സംഘടിപ്പിക്കുകയും അവർക്കാവശ്യമുള്ള സൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുക, തന്റെ ഇടമുള്ള, തന്റെടമുള്ള, സ്ത്രീകളുടെ ഒരു സമൂഹം ഇവിടെ രൂപപ്പെടുത്തിയെടുക്കുക, മാന്യമായി അധ്വാനിച്ചു ജീവിക്കുന്ന, സ്വന്തം സ്വപ്നങ്ങളുടെ പിന്നാലെ സ്വതന്ത്രമായി സഞ്ചരിക്കുന്ന സ്ത്രീകളുടെ ഒരു സമൂഹം സൃഷ്ടിക്കുക, ഒരു സ്ത്രീക്ക് പോലും ശാരീരികമായോ മാനസീകമായോ ഉള്ള യാതൊരു അതിക്രമങ്ങൾക്കും ഇരയാകേണ്ടി വരില്ല എന്ന് നമുക്ക് ഉറപ്പാക്കുക എന്നിവയൊക്കെയാണ് പുതിയ സംഘടനയുടെ ലക്ഷ്യങ്ങൾ.

ഗാർഹിക പീഡനങ്ങൾക്കും മറ്റ് അടിച്ചമർത്തലുകൾക്കുമെതിരെ നിയമസഹായമടക്കം ചെയ്യാനാണ് ഇവർ ഉദ്ദേശിക്കുന്നത്. കേരളീയ സമൂഹത്തെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും കൂടി സുരക്ഷിതമായ ഒരിടമാക്കി മാറ്റാനാണ് കേരള സോഷ്യൽ നെസ്റ്റിംഗിന്റെ പ്രവർത്തനങ്ങളെന്ന് സംഘടനയുടെ സ്ഥാപകർ പറയുന്നു.