- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വർഷത്തോളമായി മഴ കനിഞ്ഞതും കോവിഡ് കാലവും; വൈദ്യുതി വിൽപ്പനയിൽ റെക്കോർഡിട്ട് കേരളം; കഴിഞ്ഞ സാമ്പത്തിക വർഷം പുറത്ത് വിറ്റത് ആയിരം കോടിയുടെ വൈദ്യുതി; എന്നിട്ടും 90 പൈസയുടെ വർധന ആവശ്യപ്പെട്ട് ബോർഡ്
തിരുവനന്തപുരം: മഴ കനിഞ്ഞതിനാൽ കേരളത്തിനുപുറത്ത് വൈദ്യുതി വിറ്റ് കെഎസ്.ഇ.ബി.ക്ക് റെക്കോഡ്. മാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷം 1000 കോടിരൂപയ്ക്കാണ് വൈദ്യുതി ബോർഡ് പവർ എക്സ്ചേഞ്ചിലൂടെ വൈദ്യുതി വിറ്റത്.വൈദ്യുതി വാങ്ങാനും വിൽക്കാനും താത്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാനുള്ള ഇലക്ട്രോണിക് സംവിധാനമാണ് പവർ എക്സ്ചേഞ്ച് അഥവാ സ്പോട്ട് മാർക്കറ്റ്. ഇത് കേന്ദ്ര ൈവദ്യുതി റെഗുലേറ്ററി കമ്മിഷൻ നിയന്ത്രിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സംവിധാനമാണ്.
പവർ എക്സ്ചേഞ്ചിൽ ചില സമയങ്ങളിൽ യൂണിറ്റിന് 20 രൂപവരെ വിലയുണ്ടായിരുന്നു. രാത്രിയിലെ ആവശ്യത്തിന് കേരളം പുറത്തുനിന്ന് വാങ്ങുന്നത് ഇതിലും കുറഞ്ഞ തുകയ്ക്കാണ്. പവർ എക്സ്ചേഞ്ചിൽ വില കുറയുമ്പോൾ ആ വൈദ്യുതി കേരളത്തിൽത്തന്നെ ഉപയോഗിക്കുകയും വില ഉയർന്നുനിൽക്കുമ്പോൾ വിൽക്കുകയും ചെയ്തു.കാലവർഷം സാധാരണ തോതിലാണെങ്കിൽ ഒരു വർഷം ഡാമുകളിൽ ഒഴുകിയെത്തുന്നത് 700 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്. എന്നാൽ, 2021-'22-ൽ കിട്ടിയത് 900 കോടി യൂണിറ്റിനുള്ള വെള്ളം.
മൂന്നുവർഷമായി നല്ല മഴകിട്ടിയതിനാലാണ് ഇത്രയധികം വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്ത് വിൽക്കാനായതെന്ന് ബോർഡ് ചെയർമാൻ ഡോ. ബി. അശോക് പറഞ്ഞു.കോവിഡ് കാരണം കടകളും വ്യവസായ സ്ഥാപനങ്ങളും പ്രവർത്തനം നിയന്ത്രിച്ചതോടെ സംസ്ഥാനത്തിനകത്ത് വൈദ്യുതിയുപയോഗം കുറഞ്ഞിരുന്നു. കൽക്കരി പ്രതിസന്ധി കാരണം രാജ്യത്ത് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായതിനാൽ പവർ എക്സ്ചേഞ്ചിൽ മികച്ച വിലയും ലഭിച്ചു.
വൈദ്യുതിനിരക്ക് വർധിപ്പിക്കാൻ ബോർഡ് റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയപ്പോൾ ഈ ആയിരം കോടിരൂപ സഞ്ചിത നഷ്ടത്തിൽ തട്ടിക്കിഴിച്ചു. ഇതുകഴിഞ്ഞുള്ള നഷ്ടം നിരക്കുവർധനയിലൂടെ ഈടാക്കാനാണ് തീരുമാനിച്ചതെന്ന് ബോർഡ് വൃത്തങ്ങൾ പറഞ്ഞു. എന്നിട്ടും ശരാശരി 90 പൈസ യൂണിറ്റിന് കൂട്ടണമെന്നാണ് ബോർഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടത്.
അതേസമയം രാജ്യത്ത് വൈദ്യുതിക്കമ്മിയുള്ളതിനാൽ പവർ എക്സ്ചേഞ്ചിലെ പരമാവധി വിലയ്ക്ക് കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ കഴിഞ്ഞദിവസം പരിധി നിശ്ചയിച്ചു. 20 രൂപവരെ പരമാവധി വില കിട്ടിയ സ്ഥാനത്ത് ഇനി കിട്ടുക 12 രൂപയാണ്.