- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ കേസിനായി കേരളം ചെലവഴിക്കുന്നത് കോടികൾ; അഭിഭാഷക ഫീസിനായി ചെവഴിച്ചത് 6.34 കോടി; ഏറ്റവും ഉയർന്ന ഫീസായ 1.82 കോടി നൽകിയത് ഹരീഷ് സാൽവെക്ക്; രണ്ടാമത് മോഹൻ വി കട്ടാർക്കിയും മൂന്നാമത് രാജീവ് ധവാനും
കൊച്ചി: മുല്ലപ്പെരിയാർ മരംമുറി വിഷയത്തിൽ സർക്കാർ വാദം പൊളിഞ്ഞിരിക്കുകയാണ്. മരംമുറിക്ക് അനുമതി നൽകിയതായി സുപ്രീംകോടതിയിലും സർക്കാർ അറിയിച്ചിരുന്നതിന്റെ രേഖകൾ പുറത്തുവന്നു കഴിഞ്ഞു. അതേസമയം, സുപ്രീംകോടതിയിൽ കേരളത്തിനുവേണ്ടി വാദിക്കാൻ അഭിഭാഷക ഫീസും മറ്റുമായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 6.34 കോടി യെന്ന് വിവരാവകാശ രേഖ. പ്രമുഖ അഭിഭാഷകനും മുൻ ഇന്ത്യൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവേക്കാണ് ഏറ്റവും ഉയർന്ന ഫീസ് നൽകിയത് -1.82 കോടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
2009 മുതൽ ഇതുവരെ പത്തുപേരാണ് മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനുവേണ്ടി വാദിച്ചത്. ഇവരുടെ ഫീസിനത്തിൽ 5.03 കോടി രൂപയും യാത്രബത്ത ഇനത്തിൽ 56 ലക്ഷം രൂപയും ചെലവഴിച്ചു. എംപവേഡ് കമ്മിറ്റിയുടെ സന്ദർശനത്തിനായി 58 ലക്ഷം രൂപ ചെലവഴിച്ചപ്പോൾ ഓണറേറിയമായി 16 ലക്ഷം രൂപയും വിനിയോഗിക്കേണ്ടിവന്നു.
മോഹൻ വി. കട്ടാർക്കിയാണ് ഫീസിനത്തിൽ രണ്ടാമത്തെ ഉയർന്ന തുക വാങ്ങിയത് -1.09 കോടി രൂപ. രാജീവ് ധവാൻ -82.65 ലക്ഷം, ജയദീപ് ഗുപ്ത -51.7 ലക്ഷം, പി. ഗിരി -27.6 ലക്ഷം, രമേഷ് ബാബു -22.76 ലക്ഷം, ജി. പ്രകാശ് -13.3 ലക്ഷം, അപരാജിത സിങ് -6.05 ലക്ഷം, ഗായത്രി ഗോസ്വാമി -4.5 ലക്ഷം, പി.വി. റാവു -2.75 ലക്ഷം എന്നിങ്ങനെയാണ് മറ്റു അഭിഭാഷകർക്ക് നൽകിയ തുക. ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡ് ചീഫ് എൻജിനീയറുടെ ഓഫിസിൽനിന്നാണ് 2009 മുതൽ അന്തർസംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട ചെലവുകൾ വഹിച്ചത്.
മറുനാടന് മലയാളി ബ്യൂറോ