കോഴിക്കോട്: വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ, അവാർഡിനുവന്ന ചലച്ചിത്രങ്ങളെ വിലയിരുത്തി റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ അത് കോടതി കയറുമെന്ന് നമ്മുടെ ചലച്ചിത്ര അക്കാദമി അധികൃതർ സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല. 2006ൽ ലാൽജോസിന്റെ'ക്‌ളാസ്‌മേറ്റ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് നൽകിയപ്പോഴുള്ള പരാമർശങ്ങളാണ് വിവാദമായത

എന്നാൽ, ജൂറി റിപ്പോർട്ടിലും പ്രശസ്തി പത്രത്തിലും 'ഒടുക്കംവരെ ജുഗുപ്‌സ നിലനിർത്തുന്നതിൽ വിജയം വരിച്ചിരിക്കുന്നു ഈ ചിത്രം' എന്നാണ് പറഞ്ഞിരുന്നത്.ജുഗുപ്‌സ എന്ന വാക്കിന് നിന്ദ, ആക്ഷേപം, അസൂയ, തെറി, ഭീഭത്സ ഭാവത്തിന്റെ സ്ഥായിഭാവം എന്നിവയാണ് ശബ്ദതാരാവലി നൽകുന്ന അർഥം. ജൂറി റിപ്പോർട്ടിലെ ഈ പ്രതികൂല പരാമർശം അവാർഡ് നിർദേശത്തിന്റെ മാർഗനിർദേശങ്ങൾക്ക് കടകവിരുദ്ധമായതിനാൽ ഈ അവാർഡുകൾ പിൻവലിച്ച് അക്കാദമി പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനും ഹ്യൂമൻ റൈറ്റ്‌സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറിയുമായ അഡ്വ. ഡി.ബി. ബിനുവാണ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് അയച്ചത്.

ഇതോടെയാണ് തെറ്റിന് ചലച്ചിത്ര അക്കാദമി ഖേദം പ്രകടിപ്പിച്ചത്. ജിജ്ഞാസ എന്ന വാക്കിനുപകരം ജുഗുപ്‌സ എന്ന വാക്ക് തെറ്റായി വന്നുപോയി. ഇത് കേട്ടെഴുതിയപ്പോൾ സംഭവിച്ചതാണ്. ജൂറി റിപ്പോർട്ടിൽ ഇത്ര ഗൗരവമായ ഒരു അക്ഷരത്തെറ്റ് വന്നതിൽ അക്കാദമി ഖേദിക്കുന്നു എന്ന മറുപടിയാണ് ഇപ്പോൾ അഡ്വ.ഡി.ബി ബിനുവിനെ തേടിയത്തെിയത്. എന്നാൽ ഇതിനെ കേവലം അക്ഷരപ്പിശകായി കാണാനവില്ലെന്നും ,കഴിഞ്ഞ കുറെക്കാലമായി ജൂറി റിപ്പോർട്ടെന്നപേരിൽ എന്തെങ്കിലും എഴുതി വിടുന്നത് അവസാനിപ്പിക്കാനാണ് നോട്ടീസ് അയച്ചതെന്നും അഡ്വ.ഡി.ബി ബിനു പറഞ്ഞു.

സംഭവം വാർത്തയായതോടെ സോഷ്യൽ മീഡിയയിലും രൂക്ഷമായ പ്രതികരണങ്ങൾ വന്നുതുടങ്ങി. ഇത്തവണത്തെ അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് ജൂറി ചെയർമാൻ ജോൺപോൾ എഴുതി വിട്ട ഗരുഡൻ മലയാളത്തിനെതിരെ ആരുകേസുകൊടുക്കുമെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.'ചാരുനേരു നമ്പി' തുടങ്ങിയ വാചകൾങ്ങൾവച്ച് ജോൺപോൾ സിനിമയെ വിലയിരുത്തിയതിനെ കഥാകൃത്തും നോവലിസ്റ്റുമായ ടി.പി രാജീവനെപ്പോലുള്ളവർ, ഇത് ഏത് കാലത്തെ മലയാളമാണെന്ന് ചോദിച്ച് രംഗത്തത്തെിയിരുന്നു. 'ക്‌ളാസ്‌മേറ്റ്‌സ്' വിലയിരുത്തിയതിനുപോലെത്തെ ഒരു നോട്ടീസ് ജോൺപോൾ കമ്മറ്റിയുടെ പരാമർശങ്ങൾക്കെതിരെ ഡി.ബി ബിനു കൊടുക്കുമോ എന്നാണ് പലരും ചോദിക്കുന്നത്.