- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.ഡി.എഫ് ഭരിച്ചു കുളമാക്കിയ ഒരു വെള്ളാന സ്ഥാപനത്തിനു കൂടി താഴു വീണേക്കും; ഹൗസിങ് ബോർഡിൽ ശമ്പളം കൊടുക്കാൻ പോലും പണമില്ല; ജീവനക്കാരുടെ പ്രതീക്ഷ ഐസക് മാജിക്കിൽ
പത്തനംതിട്ട: അഞ്ചു വർഷത്തെ യു.ഡി.എഫ് ഭരണവും കെ.എം. മാണിയും ചേർന്ന് കുളമാക്കിയ സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വൻ സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാർക്കുള്ള ശമ്പളം പോലും നൽകാൻ കഴിയാതെ ബോർഡ് അടച്ചു പൂട്ടലിന്റെ വക്കിലാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ബോർഡ് ഇത്രയും വലിയ അധഃപതനത്തിലേക്ക് നീങ്ങിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനമൊട്ടാകെ പണിത റവന്യൂ ടവറുകളാണ് ബോർഡിന് വലിയ ബാധ്യതയായത്. ബി.ഒ.ടി അടിസ്ഥാനത്തിലാണ് ഇവ പണിതിരിക്കുന്നത്. ടവറിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ ഓഫീസിൽ നിന്ന് ബോർഡിന് കിട്ടാനുള്ള കുടിശിക 15 കോടിയാണ്. എറണാകുളത്ത് പണിത റവന്യൂ ടവർ ബോർഡിന് വൻ നഷ്ടമുണ്ടാക്കി. വകുപ്പുമന്ത്രിയുടെ ബന്ധു നിർമ്മാണ മേൽനോട്ടം വഹിച്ച റവന്യൂ ടവറിൽ വെറും 52 മുറികൾ മാത്രമാണ് ലേലത്തിൽ പോയിരിക്കുന്നത്. ഇവയുടെ വാടക നേരാംവണ്ണം കിട്ടുന്നുമില്ല. ബി.ഒ.ടി കരാർ അവസാനിക്കുന്ന മുറയ്ക്ക് റവന്യൂ ടവറുകളിൽ നിന്നുള്ള വരുമാനം മുടങ്ങുന്നത് ബോർഡിനെ കുടുതൽ പ്രതിസന്ധിയിലാക്കും. 15 വർഷമായി പുതിയ പദ്ധതികൾ നട
പത്തനംതിട്ട: അഞ്ചു വർഷത്തെ യു.ഡി.എഫ് ഭരണവും കെ.എം. മാണിയും ചേർന്ന് കുളമാക്കിയ സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വൻ സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാർക്കുള്ള ശമ്പളം പോലും നൽകാൻ കഴിയാതെ ബോർഡ് അടച്ചു പൂട്ടലിന്റെ വക്കിലാണ്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ബോർഡ് ഇത്രയും വലിയ അധഃപതനത്തിലേക്ക് നീങ്ങിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനമൊട്ടാകെ പണിത റവന്യൂ ടവറുകളാണ് ബോർഡിന് വലിയ ബാധ്യതയായത്. ബി.ഒ.ടി അടിസ്ഥാനത്തിലാണ് ഇവ പണിതിരിക്കുന്നത്. ടവറിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ ഓഫീസിൽ നിന്ന് ബോർഡിന് കിട്ടാനുള്ള കുടിശിക 15 കോടിയാണ്. എറണാകുളത്ത് പണിത റവന്യൂ ടവർ ബോർഡിന് വൻ നഷ്ടമുണ്ടാക്കി.
വകുപ്പുമന്ത്രിയുടെ ബന്ധു നിർമ്മാണ മേൽനോട്ടം വഹിച്ച റവന്യൂ ടവറിൽ വെറും 52 മുറികൾ മാത്രമാണ് ലേലത്തിൽ പോയിരിക്കുന്നത്. ഇവയുടെ വാടക നേരാംവണ്ണം കിട്ടുന്നുമില്ല. ബി.ഒ.ടി കരാർ അവസാനിക്കുന്ന മുറയ്ക്ക് റവന്യൂ ടവറുകളിൽ നിന്നുള്ള വരുമാനം മുടങ്ങുന്നത് ബോർഡിനെ കുടുതൽ പ്രതിസന്ധിയിലാക്കും. 15 വർഷമായി പുതിയ പദ്ധതികൾ നടപ്പാക്കാത്തതും സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള കുടിശിക കിട്ടാത്തതും ചെലവ്-വരവിനേക്കാൾ കൂടിയതുമാണ് ബോർഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അടുത്ത മാസം ശമ്പളവും പെൻഷനും പൂർണമായി വിതരണം ചെയ്യാൻ കഴിയാത്തത്ര പ്രതിസന്ധിയിലാണ് നിലവിൽ ബോർഡിന്റെ അവസ്ഥ.
ഒരു മാസം ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റു ചെലവുകൾ എന്നീ ഇനത്തിൽ മൂന്നരക്കോടി രൂപയാണ് ബോർഡിന് വേണ്ടി വരുന്നത്. ലഭിക്കുന്ന വരുമാനമാകട്ടെ കഷ്ടിച്ച് രണ്ടു കോടിയും. സ്ഥലം കണ്ടെത്തി ഭവനങ്ങൾ നിർമ്മിച്ചു വിൽപന നടത്തുക, റവന്യൂ ടവറുകൾ നിർമ്മിക്കുക, സർക്കാരിന്റെ ശിപാർശ പ്രകാരമുള്ള നിർമ്മാണങ്ങൾ നടത്തുക, ഭവന വായ്പ നൽകുക എന്നിവയാണ് ബോർഡിന്റെ ചുമതല. ഭവനനിർമ്മാണത്തിന് വായ്പയെടുത്തവരിൽ നിന്നുള്ള തിരിച്ചടവ് മാത്രമാണ് ഇപ്പോൾ നേരാംവണ്ണം ബോർഡിന് കിട്ടിക്കൊണ്ടിരിക്കുന്നത്. പുതിയ പദ്ധതികൾ നടപ്പാക്കാതെ വിത്തെടുത്ത് കുത്തിക്കൊണ്ടിരിക്കുകയായിരുന്നു ഇക്കാലമത്രയും ബോർഡ്. ശമ്പളം നൽകാനും മറ്റും സ്വന്തം ഫണ്ട് ചെലവഴിച്ചു പോന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചെലവ് വർധിച്ചു.
ഇതാണിപ്പോൾ ഇത്രയും വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ പുതിയ സർക്കാരിന് കഴിയുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. വരുമാനം വർധിപ്പിക്കുന്ന തരത്തിൽ കുറഞ്ഞ ചെലവിൽ ഭവന നിർമ്മാണം നടത്തി വിൽപന നടത്തുക, ഭവന വായ്പ നൽകുന്നത് വർധിപ്പിക്കുക എന്നിവ ചെയ്താൽ ബോർഡിന് രക്ഷപ്പെടാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്. ആശങ്കകൾ പങ്കു വയ്ക്കാനെത്തിയ ജീവനക്കാർക്ക് ധനമന്ത്രി തോമസ് ഐസക് ചില വാഗ്ദാനങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഭരിക്കുന്നത് എൽ.ഡി.എഫാണെന്നും ഒന്നും പേടിക്കാനില്ലെന്നുമുള്ള ഐസക്കിന്റെ വാക്ക് വിശ്വസിച്ചിരിക്കുകയാണ് ജീവനക്കാർ.