കൊച്ചി: വൃദ്ധ സഹോദരങ്ങളെ പെരുവഴിയാക്കാനുള്ള ശ്രമവുമായി ധർമസ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ. അബ്ദുൾ സത്താർ ഹാജി മൂസ ട്രസ്റ്റിന്റെ നിലവിലെ നടത്തിപ്പുകാരനാണ് കടുത്ത രോഗങ്ങൾ ബാധിച്ച് തുണയില്ലാതെ കഴിയുന്ന വൃദ്ധ സഹോദരങ്ങളെ വീട്ടിൽ നിന്നും ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്. ചിറ്റൂർ റോഡിനടുത്ത് താമസിക്കുന്ന ഷംഷാദ്(67), സത്താർ ഹാജി(74) എന്നി വൃദ്ധ സഹോദരങ്ങളാണ് നാളുകളായി ദുരിതത്തിൽ കഴിയുന്നത്.

നിർധനരായ ജനങ്ങളെ സഹായിക്കുക എന്ന ഉദ്ദേശത്തോടുക്കൂടി അബ്ദുൾ സത്താർ ഹാജി മൂസ സേട്ട് എന്ന വ്യക്തിയാണ് ഈ ട്രസ്റ്റിന് രൂപം നൽകുന്നത്. തുടർന്ന് 1964ൽ വഖഫ് ബോഡിന് കീഴിൽ ധർമ്മസ്ഥാപനമായി രജിസ്റ്റർ ചെയ്തു. മുഴുവൻ സ്വത്തുക്കളും ട്രസ്റ്റിന്റെ പേരിൽ ആയതിനാൽ ബി പട്ടികയിൽ ഉള്ള വസ്തുക്കൾ അബ്ദുൾ സത്താർ ഹാജിയുടെ കുടുംബത്തിൽപ്പെട്ടവർക്ക് തലമുറകളായി അനുഭവിക്കാം എന്ന വ്യവസ്ഥയുണ്ട്. എന്നാൽ ഈ കുടുംബത്തിൽപ്പെട്ട ഷംഷാദിനെയും സത്താർ ഹാജിയേയുമാണ് ഇപ്പോൾ സ്വന്തം വസ്തുവിൽ നിന്നും ഒഴുപ്പിക്കാൻ ട്രസ്റ്റിന്റെ ചുമതലക്കാരൻ ശ്രമിക്കുന്നത്.

ഇരുവരെയും ചിറ്റൂർ റോഡിന് സമീപത്തുള്ള വീട്ടിൽ നിന്നും ഇറക്കി വിട്ട് ആ സ്ഥലത്ത് ഫ്ളാറ്റ് പണിയാനുള്ള നീക്കമാണ് ട്രസ്റ്റിന്റെ ലക്ഷ്യമെന്ന് സഹോദരങ്ങൾ ആരോപിക്കുന്നു. നിലവിലെ ട്രസ്റ്റിന്റെ ചുമതലക്കാരൻ തങ്ങളെ സമീപിച്ചു എന്നും ഈ സ്ഥലം വിട്ട് കൊടുക്കണം എന്നും ശേഷം അവിടെ ഫ്‌ളാറ്റ് പണിയുകയും അതിലൊരു ഫ്‌ളാറ്റ് ഇരുവർക്കും നൽകാം എന്നുമായിരുന്നു വാഗ്ദാനം എന്നാൽ ഇത് നിരസിച്ചതോടെ എങ്ങനെയും ഇരുവരെയും വീട്ടിൽ നിന്നും ഒഴിപ്പികുക എന്ന ലക്ഷ്യമായി.

കുടിവെള്ളത്തിന് ഏക ആശ്രയമായിരുന്ന കിണർ നികത്തുകയും വീട്ടിൽ നിന്നുമുള്ള അഴുക്ക് വെള്ളം ഒഴുക്കി കളയുന്ന ചാൽ അടക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഷംഷ എന്ന വൃദ്ധ സ്ത്രീയെ പരസ്യമായി ആക്രമിക്കാൻ ശ്രമിച്ചു.ഇതിനെതിരെ പൊലീസിൽ പരാതി നൽകി എങ്കിലും ട്രസ്റ്റിന്റെ നടത്തിപ്പുകാരൻ പൊലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കി തീർക്കുകയായിരുന്നു എന്നും ഇവർ ആരോപിക്കുന്നു.

പ്രമാണ പ്രകാരം വീട് ഉൾപ്പടെ ഇരുപത്തിയാറ് സെന്റ് സ്ഥലംഇരു സഹോദരങ്ങൾക്കും അവകാശശപ്പെട്ടതാണ്. എന്നാൽ അത് കൈക്കലാക്കി അവിടെ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ട്രസ്റ്റിന്റെ നിലവിലെ ചുമതലക്കാരൻ. ഇതിനെതിരെയാണ് വൃദ്ധ സഹോദരങ്ങൾ തെരുവിലിറങ്ങി പ്രധിഷേധിക്കുന്നത്.

കിണർ മുടിയതിനും അഴുക്ക് ചാൽ അടച്ചതിനുമെതിരെ വക്കഫ് ബോഡിൽ പരാതി നൽകിയതിനെ തുർന്ന് ബോർഡ് ഇതിൽ അന്വഷണം നടത്തുകയും കിണറും കാണയും പുനർ നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ നാളിതുവരെ ഇത് ചെയ്യാൻ ട്രസ്റ്റിന്റെ നിലവിലെ നടത്തിപ്പുകാരൻ തയ്യാറായിട്ടില്ല.

തുടർന്നും പല തരത്തിലും ഇരുവരെയും ഉപദ്രവിക്കാൻ ശ്രമിച്ചു എന്നും നിലവിലെ നടത്തിപ്പുകാരൻ തങ്ങളുടെ ജീവൻ അപായപ്പെടുത്തി സ്ഥലവും വീടും കയ്യേറി ഭൂ മാഫിയക്ക് നൽകി ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുക എന്ന ഉദ്ദേശമാണ് എന്നും അതുകൊണ്ട് തന്നെ വൃദ്ധരായ തങ്ങളുടെ ജീവൻ അപകടത്തിൽ ആണെന്നും പൊലീസിൽ നിന്നും സുരക്ഷാ വേണം എന്നുമാണ് ഇരുവരുടെയും ആവശ്യം.