കൊച്ചി: കേരളത്തിലെ ആദ്യ പ്രൊഫെഷണൽ ഫ്രാഞ്ചൈസി ഫുട്‌ബോൾ ലീഗായ കേരള സൂപ്പർ ലീഗ് എറണാകുളം ഫ്രാഞ്ചൈസി മൂവാറ്റുപുഴ ഫുട്‌ബോൾ ക്ലബ്ബിന് ലഭിച്ചു.ഔദ്ദ്യോഗിക പ്രഖ്യാപനം ഇന്ന് മൂവാറ്റുപുഴ കബനി ഇന്റർ നാഷണൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മൂവാറ്റുപുഴ ഫുട്‌ബോൾ ക്ലബ്ബ് പ്രസിഡന്റ് എൽദോബാബു വട്ടക്കാവിൽ ജനറൽ സെക്രട്ടറി ഹനീഫ രണ്ടാർ, ജോ.സെക്രട്ടറി ഫഹദ് ബിൻ ഇസ്മായിൽ എന്നിവർ  അറിയിച്ചു.

ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെയും ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെയും ലൈസൻസുള്ള കേരളത്തിൽ നടക്കാൻ പോകുന്ന ആദ്യ ഫുട്‌ബോൾ ലീഗാണ് കേരള സൂപ്പർ ലീഗ്. ജില്ലാ ആസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഫ്‌ലെഡ് ലൈറ്റു സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ ദേശിയ മാദ്ധ്യമങ്ങളിലടക്കം തത്സമയ സംപ്രേഷണവുമുണ്ടാകും.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം.വിജയൻ, നോർത്ത് ഈസ്‌റ്റേൺ യുണൈറ്റഡിന്റെ ഗോൾ കീപ്പർ ടി.പി രഹനേഷ്, സ്റ്റാർ സ്പോർട്സ് കമന്റെറ്റർ ഷൈജു ദാമോദരൻ, കെ.എഫ്.എ ജനറൽ സെക്രട്ടറി പി.അനിൽ കുമാർ, ജോസഫ് വാഴക്കൻ എംഎ‍ൽഎ, നഗരസഭ ചെയർ പേഴ്‌സൻ ഉഷ ശശിധരൻ എന്നിവർ സംബന്ധിക്കും.