കൊച്ചി: 'വസ്തുക്കച്ചവടത്തിൽ എനിക്ക് നേരിട്ട് ബന്ധമില്ല. മൂന്നാലുപേരെ പരിചയപ്പെടുത്തി എന്നത് വാസ്തവമാണ്.സെന്റിന് 9 ലക്ഷത്തിൽ കുറയരുതെന്ന ഒരു നിർദ്ദേശം മാത്രമാണ് അവർ മുന്നോട്ടുവച്ചിരുന്നുള്ളു.സംഭവിച്ചത് എന്താണെന്ന് ബന്ധപ്പെട്ട എല്ലാവർക്കും അറിയാം.വിശ്വാസിയായതിനാലാണ് പഴി എന്റെമേൽ ചാരുന്നത്.' വിവാദമായ എറണാകുളം അതിരൂപത വസ്തുകച്ചവടത്തിൽ ഇടനിലക്കാരനായിരുന്നു എന്ന് സഭ വെളിപ്പെടുത്തിയ വസ്തുബ്രോക്കർ സാജു വർഗീസ് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുനാടനോട് വെളിപ്പെടുത്തിയത് ഇങ്ങിനെ.

സഭക്ക് പിഴവ് പറ്റിയെന്നും കബളിപ്പിച്ചത് ഇടനിലക്കാരൻ സാജു വർഗീസാണെന്നും സഭ വക്താവ് ഫാദർ പോൾ കരേടൻ ഏഷ്യനെറ്റ് ന്യൂസിൽ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ മൊബൈലിൽ ബന്ധപ്പെട്ടപ്പോഴാണ് സാജു ഇക്കാര്യത്തിൽ പ്രതികരിച്ചത്. വസ്തു ഇടപാടിനുപിന്നിൽ നടന്നിട്ടുള്ള യഥാർത്ഥ വസ്തുത ഇതുവരെ പുറത്തുവന്നിട്ടില്ലന്നും കൂടുതൽ കാര്യങ്ങൾ അടുത്തദിവസം നേരിൽ പറയാമെന്നും ഉറപ്പുനൽകിയാണ് സാജു സംഭാഷണം അവാനിപ്പിച്ചത്.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രതിക്കൂട്ടിലായ രൂപതയുടെ വസ്തു വിൽപ്പന സംഭവത്തിൽ സഭക്ക് തെറ്റ് പറ്റിയെന്നും 34 കോടി രൂപ നഷ്ടമുണ്ടായെന്നും ഇതിന് ഉത്തരവാദി ഇടനിലക്കാരനായി നിന്ന കുമളി അണക്കര സ്വദേശി സജി വർഗീസ് ആണെന്നുമായിരുന്നുന്നു സഭ വക്താവ് ഫാദർ പോൾ കരേടൻ ചാനലിൽ വെളിപ്പെടുത്തിയത്. ആറംഗ സമിതി നടത്തുന്ന അന്വേഷണ റിപ്പോർട്ട് റോമിലേക്ക് അയക്കുമെന്നും കർദ്ദിനാളിനെതിരെ അന്വേഷണം ആവശ്യമെങ്കിൽ റോമിൽ നിന്ന് നേരിട്ടായിരിക്കുമെന്നും ഫാദർ പോൾ കരേടൻ വ്യക്തമാക്കിയിരുന്നു.

അതിരൂപതയുടെ കടംതീർക്കാൻ ഭൂമി വിറ്റപ്പോൾ കടം മൂന്നിരട്ടിയായി. അഞ്ചിടത്താണ് സ്ഥലം വിറ്റത്. തൃക്കാക്കര ഭാരതമാതാ കോളജിനു മുന്നിലുള്ള സ്ഥലം, കരുണാലയം, കുസുമഗിരി, നൈപുണ്യ തുടങ്ങിയ സ്ഥലങ്ങൾ മുറിച്ചുവിറ്റത് 36 ആധാരങ്ങളായാണ്. കരുണാലയത്തിൽ 14 പ്ലോട്ടുകളും കുസുമഗിരിയിൽ രണ്ടു പ്ലോട്ടുകളും നൈപുണ്യയിൽ ഒമ്പതു പ്ലോട്ടുകളുമായാണു തിരിച്ചത്. ബാങ്ക് കാര്യങ്ങളിൽ ഒപ്പിടാനുള്ള അവകാശം കർദിനാളിനും അതിരൂപതാ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവെച്ചത്. എന്നാൽ, ഭൂമി സംബന്ധിച്ചു പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നതിനെപ്പറ്റി ഇവർക്കു മറുപടിയില്ല. ഫിനാൻസ് കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ചെയ്തിട്ടില്ല.

2016 ലാണ് ഇടപാടിന്റെ തുടക്കം. അന്നുമുതൽ കർദിനാളിനു മുന്നറിയിപ്പു നൽകിയതാണെന്നു വൈദികർ പറയുന്നു. സഭാനേതൃത്വത്തിനെതിരേ കോടതിയിൽ പരാതി നൽകാൻ വൈദികർക്കാവില്ല. അതിനാൽ സഭാതലവനായ മാർപ്പാപ്പയ്ക്കു കാനോനികമായി പരാതി നൽകാനാണു നീക്കം. കഴിഞ്ഞ 21 നു ചേർന്ന വൈദികസമിതി യോഗത്തിൽ അതിരൂപതയിലെ 480 വൈദികരിൽ 350 പേർ സംബന്ധിച്ചു.

ഇതിനിടെ സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനെതിരെ പോസ്്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സഭയ്ക്കുള്ളിൽ ഭുമിപ്രശ്നം കൂടുതൽ രൂക്ഷമായതിന്റെ തെളിവാണെന്നും വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വൈദീകർ ചേരിതിരിഞ്ഞ് പരസ്യപ്രതികരിണത്തിന് തയ്യാറായേക്കുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. വിവാദമായ വസ്തു ഇടപാടിന് പിന്നിൽ ഒന്നിലധികം ഇടനിലക്കാരോ ഇടപാടുകാരോ ഉണ്ടെന്നാണ് സാജു വർഗീസിൽ നിന്നും ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാവുന്നത്.സംഭവത്തിന് പിന്നിൽ നിലനിൽക്കുന്ന ദരൂഹതകൾ മറനീക്കി യഥാർത്ഥ വസ്തുകൾ പുറത്തുവരണമെങ്കിൽ സാജുവും കൂടെകൂടിയവരും സത്യം വെളിപ്പെടുത്തണമെന്നതാണ് നിലവിലെ സ്ഥിതി.

കച്ചവടത്തിൽ 9 കോടിയിൽപ്പരം രൂപമാത്രാമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നാണ് സഭാനേതൃത്വത്തിൽ നിന്നും പുറത്തുവിട്ട വിവരം.70 കോടിയോളമെത്തുന്ന സഭയുടെ കടം വീട്ടുന്നതിനാണ് സ്ഥലം വിൽക്കാൻ ധാരണയായതെന്നും സഹായ മെത്രാന്മാരോടും മറ്റും ആലോചിച്ച് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഇതിന് അനുമതി നൽകുകയുയായിരുന്നെന്നുമാണ് പുറത്തായ വിവരം.

പ്രോക്യുരെട്ടർ ജോഷി പുതുവയുടെ നേതൃത്തത്തിലായിരുന്നു സ്ഥലം വിൽപനയും മറ്റും നടന്നതെന്നും ഇദ്ദേഹത്തിന്റെ വാക്ക് വിശ്വിച്ച് ആലഞ്ചേരി പിതാവ് ബന്ധപ്പെട്ട രേഖകളിൽ ഒപ്പിടുകയായിരുന്നെന്നും പണം ഇടപാടിൽ ഒരു ഘട്ടത്തിലും പിതാവ് നേരിൽ ബന്ധപ്പെട്ടിട്ടില്ലന്നും ആസൂത്രിതമായി പഴി അദ്ദേഹത്തിന്റെമേൽ ആരോപിക്കുന്നതിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടികാണിക്കുന്നത്. തങ്ങളോടു ആലോചിക്കാതെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തന്റെ സ്വന്തം ഇഷ്ട പ്രകാരം വസ്തു സ്വന്തമാക്കി എന്ന് ആരോപിച്ച് ഒരു വിഭാഗം വൈദികർ അദ്ദേഹത്തെ ഘരാവോ ചെയ്യുകയും രൂപത അധ്യക്ഷസ്ഥാനം രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇതിന് ശേഷം ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് എതിർ വിഭാഗം സഭയിലെ മെത്രാന്മാർക്ക് കത്തുകളയക്കുകയും രാജി വെച്ചില്ലെങ്കിൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകി നാണം കെടുത്തുമെന്നും മറ്റും ഭീഷിണിപ്പെടുത്തിയിയതായുള്ള വിവരങ്ങളും പരക്കെ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങളിൽ ദുഃതനായ പിതാവിന്റെ ആരോഗ്യനിലമോശമായെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇപ്പോഴും പൂർവ്വസ്ഥിതിയിൽ എത്തിയിട്ടില്ലന്നുമാണ് അടുപ്പക്കാരിൽ നിന്നും ലഭിക്കുന്ന സൂചന.