കോട്ടയം: പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണം തീർത്ത അലയൊലികളോടെ പുറത്തുവന്നത് സ്വാശ്രയ കോളേജുകളിലെ ജീർണതകളാണ്. വിദ്യാർത്ഥികളെ ഹീനമായ വിധത്തിൽ ഉപയോഗിക്കുന്ന മറ്റക്കര ടോംസ് എൻജിനീയറിങ് കോളേജ് ചെയർമൻ ടോംസിനെതാരിയ പരാതിയാണ് ഇതിൽ പ്രധാനം. കോളേജിന്റെ പ്രവർത്തനങ്ങളിൽ തന്നെ ഗുരുതരമായ വീഴ്‌ച്ചയുണ്ടെന്നാണ് പ്രഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായത്. തെളിവെടുപ്പ് നടത്തിയ സമിതി കോളേജിനെതിരെ നടപടിക്ക് ശുപാർശ ചെയ്‌തേക്കും. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കോളേജ് ചെയർമാൻ സമ്മതിച്ചതായാണ് വിവരം.

വിദ്യാർത്ഥികളുടെ പരാതി ലഭിച്ചതിനെത്തുടർന്ന് സാങ്കേതിക സർവകലാശാലാ രജിസ്ട്രാർ പത്മകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ കോളേജിലെത്തി സമിതി തെളിവെടുപ്പ് നടത്തിയത്. രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് സ്ഥാപനത്തിലെത്തുന്ന ചെയർമാൻ ടോം ജോസഫിനെ പരിചരിക്കേണ്ടി വരുന്നു എന്ന വിദ്യാർത്ഥിനികളുടെ പരാതിയാണ് ഇതിൽ ഏറ്റവും പ്രധാനം. ചെയർമാന്റെ ഓഫീസ് വൃത്തിയാക്കുകയും അദ്ദേഹത്തിന് ഭക്ഷണം വിളമ്പിക്കൊടുക്കുകയും ചെയ്യേണ്ടത് വിദ്യാർത്ഥിനികളായിരുന്നു.

പെൺകുട്ടികളുടെ ഹോസ്റ്റലിൽ രാത്രികാലങ്ങളിൽ സന്ദർശനം നടത്തിയിരുന്ന ചെയർമാൻ രക്ഷിതാക്കളെ ഹോസ്റ്റലിൽ വന്നുകാണുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. തന്നെ കാണാനെത്തിയ അച്ഛനുമായി സംസാരിച്ചതിന് അപവാദം കേൾക്കേണ്ടി വന്നുവെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ഇത്തരം നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർവകലാശാലാ രജിസ്ട്രാറുടെ തെളിവെടുപ്പ്. നേരത്തെ വിശ്വേശ്വരയ്യ എന്ന പേരിൽ നടത്തിയിരുന്ന സ്ഥാപനമാണ് ടോംസ് എഞ്ചിനീയറിങ് കോളേജായി മാറ്റിയത്.

അതേസമയം ടോംസ് എൻജിനീയറിങ് കോളേജ് അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെയെന്നും വ്യക്തമായിരുന്നു. ഇപ്പോഴത്തെ സാങ്കേതിക സർവകലാശാല വിസിയായ ഡോ. കുഞ്ചെറിയ എഐസിടിഇ സെക്രട്ടറിയായിരിക്കുമ്പോഴാണ് ഇതിന് വഴിയൊരുക്കിയതെന്നും വ്യക്തമായതോടെ കോളേജിന്റെ അംഗീകാരംതന്നെ നഷ്ടമായേക്കുമെന്ന് സൂചനകൾ. വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായ പീഡനങ്ങൾ നടക്കുന്നതായും കോളേജ് ചെയർമാനായ ടോം ടി ജോസഫ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അസമയത്തുൾപ്പെടെ കയറിച്ചെന്ന് ശല്യപ്പെടുത്തുന്നതായും ഉൾപ്പെടെ പരാതി ഉയർന്നതോടെ അന്വേഷണത്തിന് എത്തിയ സമിതിക്ക് ഈ വിവരങ്ങളും ലഭിച്ചതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

സാങ്കേതിക സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ 2014 ൽ എ.ഐ.സി.ടി.ഇ സെക്രട്ടറിയായിരിക്കുമ്പോഴാണ് കോളേജിന് അംഗീകാരം ലഭിച്ചത്. കോളേജ് പ്രവർത്തിക്കാനുള്ള അംഗീകാരം ലഭിക്കണമെങ്കിൽ 10 ഏക്കർ സ്ഥലം വേണമെന്ന് നിയമമുള്ളപ്പോൾ മൂന്ന് നിലയുള്ള സ്ഥാപനം പ്രവർത്തിക്കുന്നത് വെറും 50 സെന്റിലാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.

ഇതോടൊപ്പം വിദ്യാർത്ഥികൾക്ക് മാത്രമല്ല, പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള സ്റ്റാഫിന് പോലും സൗകര്യങ്ങൾ ഏർപ്പെടുത്താതെ ചെയർമാൻ സ്വന്ത്ം നിലയിൽ സ്വേച്ഛാധിപതിയെ പോലെ കോളേജിലെ കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നുവെന്നും സമിതിക്ക് വ്യക്തമായിട്ടുണ്ട്. അതേസമയം വിഷയത്തെക്കുറിച്ച് കെടിയു വിസി ഡോ.കുഞ്ചെറിയ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പ്രിൻസിപ്പാളിന് പോലും കോളേജിൽ സ്വന്തമായി മുറിയില്ല. കോളേജ് ഹോസ്റ്റലിന് വാർഡനില്ല. ലൈബ്രറി പ്രവർത്തിക്കുന്നതാകട്ടെ ആൺകുട്ടികളുടെ ഹോസ്റ്റലിന് അനുബന്ധമായും. മറ്റ് അദ്ധ്യാപകർക്കൊപ്പം സ്റ്റാഫ് റൂമിലാണ് വൈസ് പ്രിൻസിപ്പാൾ ഇരിക്കുന്നതെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ഹോസ്റ്റലിലെയും കോളേജിലെയും പീഡനങ്ങൾ പുറത്തുവന്നതോടെയാണ് സാങ്കേതിക സർവകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിൽ കോളജിൽ തെളിവെടുപ്പ് നടത്തിയത്.

കോളേജ് ചെയർമാൻ ടോം ടി. ജോസഫ് രാത്രി കാലങ്ങളിൽ ലേഡീസ് ഹോസ്റ്റലിലേക്ക് സന്ദർശനത്തിന് എത്താറുണ്ടെന്നും ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളോടു മോശം പെരുമാറ്റമുണ്ടായെന്നും വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയിരുന്നു. ഹോസ്റ്റലിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടാൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല വിദ്യാർത്ഥികളെ ഉപയോഗിച്ച് കോളേജിലെ ജോലികൾ ചെയ്യിക്കുക, അതിന്റെ പേരിൽ പീഡിപ്പിക്കുക തുടങ്ങി നൂറുകണക്കിന് പരാതികളാണ് ഉയർന്നത്. വിദ്യാർത്ഥിനികൾ തെളിവുനൽകുന്നത് തടയാൻ ഇവരെ കവിഞ്ഞദിവസം ഹോസ്റ്റലിൽ ബന്ദികളാക്കി വയ്ക്കുകയും ചെയ്തു. പിന്നീട് പുറത്തുനിന്ന് മാർച്ച് നടത്തിയെത്തിയ എഎഫ്‌ഐ പ്രവർത്തകർ ഇടപെട്ടാണ് വിദ്യാർത്ഥിനികളെ മോചിപ്പിച്ച് തെളിവെടുപ്പിന് ഹാജരാക്കിയത്.

അതേസമയം ടോംസ് കോളേജിന്റെ അംഗീകാരം റദ്ദാക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയാൽ അത് വിനയാകുന്നതും വിദ്യർത്ഥികൾക്ക് തന്നെയാണ്. ലക്ഷങ്ങൾ ഫീസ് നൽകിയാണ ഇവിടെ വിദ്യാർത്ഥികൾ പ്രവേശനം നേടിയത്. ഈ പണം നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകുന്നതോടൊപ്പം ഇവരുടെ തുടർപഠനവും വഴിമുട്ടുന്ന അവസ്ഥയുണ്ടാകും. ഈ ഭയം വിദ്യാർത്ഥികൾക്കിടെ ശക്തമാണ്.