- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകത്തിൽ ഇന്നും മുതൽ സ്കൂളുകൾ തുറക്കും, തമിഴ്‌നാട്ടിൽ തിയറ്ററുകളും ബാറുകളും; തിയറ്ററുകളിൽ അനുവദിക്കുക 50 ശതമാനം പേരെ മാത്രം; കൈവിട്ട ഓണക്കളിയിൽ കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും; അഞ്ച് ജില്ലകളിൽ വീണ്ടും കടുപ്പിക്കും; അവലോകനങ്ങളുമായി സർക്കാർ
ബെംഗളൂരു/ചെന്നൈ: കേരളത്തിൽ കോവിഡ് വ്യാപനം തുടരുമ്പോൾ അയൽ സംസ്ഥാനങ്ങൾ കൂടുതൽ ഇളവുകളിലേക്ക് നീങ്ങുന്നു. കർണാടകത്തിലും തമിഴ്‌നാട്ടിലും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. കർണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും ഇന്നു തുറക്കും. തമിഴ്‌നാട്ടിൽ തിയറ്ററുകളും ബാറുകളും ഇന്നുമുതൽ നിയന്ത്രണങ്ങളോടെ തുറക്കാം. കർണാടകയിൽ ടിപിആർ 2 ശതമാനത്തിൽ താഴെയുള്ള ജില്ലകളിലാണ് 9-12 ക്ലാസുകൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികളെ 2 ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായി ഉച്ച വരെയാണു ക്ലാസ്. ഡിഗ്രി മുതലുള്ള ക്ലാസുകൾ കഴിഞ്ഞമാസം ആരംഭിച്ചിരുന്നു.
തമിഴ്‌നാട്ടിൽ തിയറ്ററുകളിൽ 50% പേരെ അനുവദിക്കും. 9-12 തലത്തിലും കോളജുകളിലും സെപ്റ്റംബർ ഒന്നിനു ക്ലാസുകൾ ആരംഭിക്കും. ഐടി / അനുബന്ധ സ്ഥാപനങ്ങളിൽ 100% ജീവനക്കാർ, ബീച്ച്, നീന്തൽക്കുളം, മൃഗശാല, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ പ്രവേശനാനുമതി തുടങ്ങിയ ഇളവുകളോടെ തമിഴ്‌നാട്ടിലെ ലോക്ഡൗൺ സെപ്റ്റംബർ 6 വരെ നീട്ടി.
കേരളത്തിൽ അഞ്ച് ജില്ലകളിൽ കടുപ്പിക്കും
അതേസമയം കോവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ, സംസ്ഥാനത്തെ നിയന്ത്രണങ്ങളിലും ഇളവുകളിലും ഉടൻ തീരുമാനമുണ്ടാകും. തിങ്കളാഴ്ച ഇതുസംബന്ധിച്ച് അവലോകന യോഗം വിളിച്ചുചേർക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, യോഗം താൽക്കാലികമായി നീട്ടിവെച്ചിരിക്കുകയാണ്. ഓണത്തിനുശേഷം രോഗവ്യാപനം രൂക്ഷമാകുമെന്ന ആശങ്ക തന്നെയാണ് ആരോഗ്യവകുപ്പും പങ്കുവെക്കുന്നത്. അതിനാൽ രോഗസ്ഥിരീകരണ നിരക്ക് ഉയർന്നുനിൽക്കുന്ന ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സാധ്യത.
കഴിഞ്ഞ 15 ദിവസത്തെ കണക്കുകൾ പ്രകാരം അഞ്ച് ജില്ലകളിലാണ് ഗുരുതര സ്ഥിതി തുടരുന്നത്. മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആശങ്ക നിലനിൽക്കുന്നത്. ഇവിടെ ആയിരത്തിന് മുകളിലാണ് ഇപ്പോഴും രോഗികളുടെ എണ്ണം. സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലെന്ന വിലയിരുത്തലിൽ മറ്റുതരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ആലോചന. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കും. ഒരേസമയം കടകളിൽ പ്രവേശിക്കുന്നവരുടെ എണ്ണം ക്രമീകരിക്കും.
കടകളിൽ പോകുന്നവർക്കും കടയിലുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും ഡബ്ൾ മാസ്‌ക്കോ, എൻ 95 മാസ്‌ക്കോ നിർബന്ധമാക്കും. പൊതുയിടങ്ങളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രിക്കും. ആഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി നിരീക്ഷിക്കും.
ഒപ്പം അടുത്ത ഒരാഴ്ച പരിശോധന രണ്ടുലക്ഷത്തിലേക്കുയർത്തിയും മാസ് വാക്‌സിനേഷൻ നടത്തിയും രോഗസ്ഥിരീകരണ നിരക്ക് വിലയിരുത്തും. രോഗസ്ഥിരീകരണ നിരക്ക് കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും രോഗബാധിതരുടെ എണ്ണം ഉയർന്നുനിൽക്കുന്ന ജില്ലകളിൽ ഐ.സി.യു കിടക്കകളിൽ കൂടുതൽ രോഗികളുണ്ടെന്നത് ആശങ്ക കൂട്ടുകയാണ്.
അഞ്ച് ശതമാനത്തിലേക്കെങ്കിലും രോഗസ്ഥിരീകരണ നിരക്ക് കുറക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഞായറാഴ്ച 16.41ആണ് ടി.പി.ആർ. പ്രതിദിനം ശരാശരി 100 പേർ വീതം കോവിഡ് ബാധിച്ച് മരിക്കുന്നുമുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 19,494 ആയി.
മറുനാടന് മലയാളി ബ്യൂറോ