ലണ്ടൻ: പ്രളയ ശേഷം ഭയപ്പെടുത്തുന്ന വാർത്തകളുടെ കുത്തൊഴുക്കാണ് കേരളത്തെ തേടി ദിവസേനെ എന്നോണം എത്തിക്കൊണ്ടിരിക്കുന്നത്. പ്രളയകാലത്തു തീരം കവിഞ്ഞെത്തിയ പുഴ രണ്ടു നില കെട്ടിടങ്ങൾ വരെ മുക്കിയ ശേഷം ഇപ്പോൾ അടിത്തട്ട് തെളിഞ്ഞു മെല്ലിച്ച കാഴ്ചയാണ് കേരളമെങ്ങും. മതിൽക്കെട്ട് കവിഞ്ഞു ഒഴുകിയ കിണറുകൾ വേനൽക്കാലത്തെ പോലെ അടിത്തട്ടിലേക്ക് ഇറങ്ങി ചെന്നിരിക്കുന്നു. പൊന്നാനിയിൽ കടൽ രണ്ടായി പിളർന്നിരിക്കുന്നു. ഇടുക്കിയിൽ ഭൂമി പിളരാത്ത സ്ഥലങ്ങൾ കണ്ടെത്തുകയാണ് കൂടുതൽ എളുപ്പം.

പല നാടുകളിലും ഭൂമി കുലുക്കം പോലെ മുഴക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. നദികൾ ഒഴുകിയ പല സ്ഥലങ്ങളിലും മണൽ തിട്ടകൾ രൂപമെടുത്തിരിക്കുന്നു. പച്ചപ്പ് നിറഞ്ഞ ഭൂമി തന്നെ പലയിടത്തും ഇല്ലാതായി. പ്രളയത്തിന്റെ ബാക്കിപത്രം എന്ന നിലയിൽ എലിപ്പനിയും മൃഗങ്ങൾ പരത്തുന്ന വിവിധ തരം മാരക രോഗങ്ങളും പടരുന്നു. പ്രളയജലത്തിൽ ചത്തൊടുങ്ങിയ മൃഗങ്ങൾ ചീഞ്ഞു വെള്ളത്തിൽ അലിയുന്നതോടെ കൂടുതൽ മലിനമായ ജലം ഓരോ നാട്ടിലും എന്ന വിധം എത്തിക്കൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ നാടിനെ ഭീതിയുടെ നാടാക്കി മാറ്റിയ വെള്ളപ്പൊക്കം പിൻവാങ്ങിയിട്ടു ഒരു മാസം പിന്നിടും മുൻപേ സംസ്ഥാനത്തിന്റെ സകല മേഖലകളെയും നിശ്ചലമാക്കും വിധമുള്ള പ്രതിസന്ധികളാണ് പുറത്തു വരുന്നത്. ദുരിതാശ്വാസം പലയിടത്തും ഇപ്പോഴും മുന്നേറുമ്പോൾ തന്നെ സാമ്പത്തിക മേഖലക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കും വിധമാണ് പ്രളയശേഷ കേരളം രൂപപ്പെടുന്നത്. വ്യാപാര, വാണിജ്യ മേഖലകൾ തകർന്നു കിടക്കുമ്പോൾ തന്നെയാണ് സംസ്ഥാനത്തിന്റെ വരുമാനത്തിൽ നല്ലൊരു പങ്കു നൽകിയിരുന്ന വിനോദ സഞ്ചാര മേഖല ആളില്ലാതെ ശൂന്യമായി തീർന്നത്.

പ്രതിവർഷം ഏകദേശം 33384 കോടി രൂപയുടെ വരുമാനം നൽകിയിരുന്ന ടൂറിസം മേഖലയിൽ പ്രളയത്തെ തുടർന്ന് ആരും എത്തിനോക്കാൻ ഇല്ലാത്ത സാഹചര്യമാണ്. വെള്ളപ്പൊക്ക ശേഷം കേരളത്തെ പുനഃനിർമ്മിക്കാൻ ആവശ്യമായ ഏകദേശ തുകയും ഇത് തന്നെയാണെന്നത് ടൂറിസം മേഖല തകരുന്നത് വഴിയുള്ള നഷ്ടത്തിന്റെ ഭീകരാവസ്ഥ വ്യക്തമാകാൻ കണക്കറിയാത്തവർക്കും സഹായകമാണ്. മൺസൂൺ ടൂറിസവും തുടർന്ന് തുലാമഴയ്ക്കു ശേഷമുള്ള ശിശിര കാലവും ഒക്കെ ആസ്വദിക്കാൻ എത്തിയിരുന്ന വിദേശ, മറുനാടൻ സഞ്ചാരികൾ ഒന്നാകെ ഹോട്ടൽ ബുക്കിങ്ങുകൾ റദ്ദാക്കുകയാണ്.

കഴിഞ്ഞ വർഷം ഇതേ സമയത്തു ടൂർ പാക്കേജിന്റെ ഭാഗമായി ആകെ ലഭ്യമായ ഹോട്ടൽ മുറികളിൽ 66 ശതമാനവും ബുക്ക് ചെയ്യപ്പെട്ടിരുന്നതു ഇപ്പോൾ വെറും 20 ശതമാനത്തിൽ താഴെയാണ് ബുക്കിങ്. ഹോട്ടൽ വ്യവസായം മാത്രമല്ല, സഞ്ചാരികൾ അകന്നു നിൽക്കുന്നതോടെ ടൂറിസം മേഖലയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന പതിനായിരങ്ങളുടെ തൊഴിലും ജീവിത മാർഗവും കൂടിയാണ് അടയുന്നത്. ഇവരിൽ നല്ലൊരു പങ്കും പ്രളയത്തിന്റെ ദുരിതം കൂടി താങ്ങുന്നവരാണ് എന്നിരിക്കെ അവർക്കുള്ള നഷ്ടം ഇരട്ടിയാകും.

പ്രളയം ബാധിച്ചവരിൽ പലർക്കും തിരികെ ജീവിതം കെട്ടിപ്പടുക്കാൻ സാവകാശം എങ്കിലും കഴിയുമെങ്കിലും ടൂറിസം വരുമാന മാർഗ്ഗമായി സ്വീകരിച്ച പാവപ്പെട്ടവരുടെ ഒരു തലമുറയ്ക്ക് എങ്കിലും ഈ പ്രളയ ദുരിതം ജീവിതത്തിനു ഒപ്പം കൂടെയുണ്ടാകും. ഇതോടെ ഗത്യന്തരമില്ലാതെ ഇവർ മറ്റു വരുമാന മാർഗ്ഗം തേടി പോകുന്ന സാഹചര്യം ഉണ്ടാകുന്നത് സംസ്ഥാനത്തെ ടൂറിസം മേഖലയുടെ തിരിച്ചു വരവിനെ മറ്റൊരു പ്രളയം പോലെ മുക്കിക്കളയാൻ കരുത്തുള്ളതാണ്.

പ്രളയക്കെടുതി നേരിട്ട ഒരു സ്ഥലത്തു ആഭ്യന്തര ടൂറിസ്റ്റുകൾ എത്തിയതിനു ശേഷം മാത്രമാണ് വിദേശ ടൂറിസ്റ്റുകൾ എത്താൻ ഇടയുള്ളൂ എന്നതിനാൽ അടുത്ത ഒന്നോ രണ്ടോ സീസണുകളിൽ കേരളത്തിൽ വിദേശ സഞ്ചാരികൾ കൂട്ടമായെത്താൻ ഉള്ള സാധ്യത ഏറെ വിരളമാണ്. ട്രാവൽ മാർട്ടുകൾ വഴിയും മറ്റുമായി സഞ്ചാരികളെ ആകർഷിക്കാൻ കേരളം മുടക്കിയ കോടികൾ പ്രളയത്തോടൊപ്പം മുങ്ങിത്താണ കാഴ്ചയാണ് ഇപ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖല പങ്കിടുന്നത്. പ്രളയത്തിന്റെ സിരാകേന്ദ്രങ്ങളിൽ കൊച്ചി ഉൾപ്പെടുന്ന മേഖലകൾ ഉൾപ്പെട്ടതാണ് ടൂറിസത്തിനു കനത്ത തിരിച്ചടി ആയി മാറിയത്.

വിദേശികൾക്ക് ഏറെ പ്രിയപ്പെട്ട കുട്ടനാടും ആലപ്പുഴയും ഇപ്പോഴും ദുരിതത്തിൽ നിന്ന് മോചനം നേടിയിട്ടില്ലതിനാൽ ഇവിടെയൊക്കെ സഞ്ചാരികൾ എത്തിതുടങ്ങാൻ കാലം ഏറെയെടുക്കും. വിദേശികളുടെ ഹോട്ട് സ്‌പോട്ട് ആയിരുന്ന ഇടുക്കിയും വയനാടും ഒക്കെ ഭൂപ്രകൃതി പോലും മാറിപ്പോകും വിധം പ്രളയം മാറ്റിയെടുത്തതും വരുത്തി വയ്ക്കുന്ന നഷ്ടം കൂടുതൽ വലുതാക്കുകയാണ്. ഈ വർഷം നീലക്കുറിഞ്ഞിയുടെ പേരിലായിരിക്കും കേരള ടൂറിസം അറിയപ്പെടുക എന്ന് പ്രളയത്തിന് മുൻപ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനി കുറിഞ്ഞി കാണാൻ ആരും മൂന്നാറിൽ എത്തില്ല എന്നുറപ്പായിരിക്കുകയാണ്. കുറിഞ്ഞിക്കു പകരം വെള്ളപ്പൊക്കത്തിന്റെ പേരിലായിരിക്കും ഈ വർഷത്തെ ടൂറിസം നീക്കിബാക്കിയും കുറിച്ചിടുക എന്നും വ്യക്തമാണ്.

പ്രളയ ശേഷം സകലതും നഷ്ടമായ ഹൗസ് ബോട്ട് ഉടമകൾക്ക് ഈ രംഗത്ത് ഇനി തുടരാൻ കഴിയുമോ എന്നാണ് ആശങ്ക. വീടും മറ്റും നഷ്ടമായവർക്കു ആകെ ബാക്കിയായത് കെട്ടുവള്ളങ്ങളാണ്. ഇവ ബാങ്ക് ലോൺ എടുത്തത് ആയതിനാൽ സഞ്ചാരികൾ ഇല്ലാതെ പോയതോടെ ഏതു സമയവും ജപ്തി നടപടി നേരിടാൻ ഉള്ള ഒരുക്കത്തിലാണ്. ഏകദേശം 1500 ഹൗസ് ബോട്ടുകളാണ് ഇപ്പോൾ ആലപ്പുഴയിൽ മാത്രം സഞ്ചാരികളെ കാത്തു കിടക്കുന്നത്. ബോട്ടുകൾ വെറുതെ കിടക്കുമ്പോഴും ലോൺ അടച്ചേ മതിയാകൂ എന്ന നിസ്സഹായാവസ്ഥയാണ് ഉടമകൾക്ക്.

ഓരോ മാസവും ലക്ഷങ്ങൾ കയ്യിൽ എത്തിയിരുന്ന ബിസിനസ് പെട്ടെന്നൊരുനാൾ വട്ടപൂജ്യമായ ആശങ്കയാണ് ഈ രംഗത്തുള്ളവർ പങ്കിടുന്നത്. സർക്കാരിൽ നിന്നും മറ്റുമുള്ള ആശ്വാസ നടപടികൾ നഷ്ടങ്ങളമായി തിട്ടപ്പെടുത്തുമ്പോൾ ഒന്നുമാകില്ല എന്ന് വ്യക്തമായതോടെ ഈ മേഖലയിൽ ഇനി തുടരാൻ ആവില്ല എന്ന ബോധ്യത്തിലേക്കു നടന്നടുക്കുകയാണ് സാധാരണക്കാർ.

പ്രളയശേഷം എലിപ്പനി പോലുള്ള പകർച്ച വ്യാധി പടർന്നതും മേഖലക്ക് കൂടുതൽ ദോഷകരമായി. വിദേശികൾ കൈവിട്ടെങ്കിലും ആഭ്യന്തര ടൂറിസ്റ്റുകളുടെ ബലത്തിൽ എങ്കിലും പിടിച്ചു നിൽക്കാൻ ശ്രമിച്ച മേഖലയ്ക്ക് കൂടുതൽ ആഘാതം നൽകി ഓരോ ദിവസവും ബുക്കിങ്ങുകൾ ക്യാൻസൽ ചെയ്യപ്പെടുകയാണ്. പ്രളയം ആഞ്ഞടിച്ച ഓഗസ്റ്റിൽ വെറും പത്തു ശതമാനം റൂമുകളിൽ മാത്രമാണ് സഞ്ചാരികൾ ഉണ്ടായിരുന്നത്. അടുത്ത സീസണോടെ ആഭ്യന്തര ടൂറിസ്റ്റുകളിൽ നല്ല പങ്കിനെ തിരിച്ചു പിടിക്കാൻ കഴിഞ്ഞേക്കുമെങ്കിലും വിദേശികൾ വീണ്ടും എത്താൻ കുറഞ്ഞത് രണ്ടു വർഷം എടുക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളായി 147 ലക്ഷം പേരും വിദേശ ടൂറിസ്റ്റുകളായി 11 ലക്ഷം പേരുമാണ് കഴിഞ്ഞ വർഷം സംസ്ഥാനം സന്ദർശിച്ചത്.