തിരുവനന്തപുരം: സർവകലാശാലകളിലെ ഭരണകാര്യങ്ങളിൽ ഗവർണർ നിലപാട് കർശനമാക്കിയിരിക്കെ, ചാൻസലർക്കെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസ്സാക്കി. സർവകലാശാല വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമെന്ന് പ്രമേയം പറയുന്നു.

സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. സർവകലാശാല പ്രതിനിധി ഇല്ലാതെ സെർച്ച് കമ്മിറ്റിയെ നിയമിച്ചത് ഗവർണർ പിൻവലിക്കണം. ഗവർണറുടെ നടപടി സർവകലാശാല നിയമം 10(1) ന്റെ ലംഘനമാണ്. ഗവർണറുടെ ഉത്തരവ് പിൻവലിക്കണമെന്നും സർവകലാശാല പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും സെനറ്റ് പാസ്സാക്കിയ പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്താതെ വൈസ് ചാൻസലറിനെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിക്ക് ഗവർണർ രൂപം നൽകിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സിപിഎം പ്രതിനിധിയായ സിൻഡിക്കേറ്റ് അംഗം ബാബുജാൻ ആണ് പ്രമേയം അവതരിപ്പിച്ചത്. സെനറ്റ് യോഗത്തിൽ വിസി ഡോ.വി.പി.മഹാദേവൻ പിള്ള മൗനം പാലിച്ചതായാണ് റിപ്പോർട്ട്. ഗവർണർക്കെതിരെ സെനറ്റ് പ്രമേയം പാസാക്കുന്നത് അപൂർവമാണ്. സെനറ്റ് യോഗത്തിൽ ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ അനുമതി നൽകിയതോടെ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻപിള്ളയ്‌ക്കെതിരെ നടപടിയുണ്ടാകും. നിയമനാധികാരിയായ ഗവർണർക്ക് വിസിയെ സസ്‌പെൻഡ് ചെയ്യുകയോ അന്വേഷണം നടത്തി പുറത്താക്കുകയോ ചെയ്യാം.

വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റി രൂപീകരിക്കുന്നത് ഗവർണറുടെയും സർവകലാശാലയുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ്. എന്നാൽ ചാൻസലറുടെ പ്രതിനിധിയെയും യുജിസി പ്രതിനിധിയെയും മാത്രം ഉൾപ്പെടുത്തിയാണ് ഗവർണർ കമ്മിറ്റി രൂപീകരിച്ചത്. സർവകലാശാല പ്രതിനിധിയെ സമയത്ത് നിശ്ചയിക്കാത്തതിനാലായിരുന്നു ഈ നീക്കം. പിന്നീട് തീരുമാനിക്കുന്ന മുറയ്ക്ക് സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താമെന്നും രാജ്ഭവൻ അറിയിച്ചു. എന്നാൽ സർവകലാശാലയുടെ പ്രതിനിധി ഇല്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധം എന്നാണ് സർവകലാശാലയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

അതുകൊണ്ടുതന്നെ ഇപ്പോഴുള്ള കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നാണ് സർവകലാശാലയുടെ നിലപാട്. അല്ലാത്തപക്ഷം സർവകലാശാല പ്രതിനിധിയെ സെർച്ച് കമ്മറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യേണ്ടതില്ലെന്നും ധാരണയുണ്ട്. കഴിഞ്ഞമാസം ചേർന്ന സെനറ്റ് യോഗത്തിൽ സർവകലാശാല പ്രതിനിധിയായി പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രന്റെ പേര് നിർദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം താൽപര്യമില്ല എന്ന് അറിയിച്ചതോടെയാണ് സർവകലാശാല പ്രതിനിധിയെ സമയത്ത് തെരഞ്ഞെടുക്കാൻ കഴിയാതെ വന്നത്. ഒക്ടോബറിലാണ് നിലവിലെ വൈസ് ചാൻസിലർ വിപി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്.