തിരുവനന്തപുരം: കേരളാ സർവകലാശാല വൈസ് ചാൻസലർ ഡോ. പി കെ രാധാകൃഷ്ണന്റെ മകൻ ഹരികൃഷ്ണൻ(19)ന്റെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത് ഓവർടേക്ക് ശ്രമത്തിനിടെ. കേശവദാസപുരത്തു നിന്ന് ഉള്ളൂരിലേക്ക് പോകുകയായിരുന്ന ബസ് ഹരികൃഷ്ണൻ സഞ്ചരിച്ച സ്‌കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്.

ഇന്നലെ വൈകിട്ട് 6.55ന് മെഡിക്കൽ കോളേജ് റോഡിൽ ക്രഡൻസ് ആശുപത്രിക്ക് മുന്നിലെ ചെറിയ പാലത്തിൽ ഹരികൃഷ്ണൻ സഞ്ചരിച്ചിരുന്ന ഹോണ്ട ആക്ടീവയിൽ കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റി റോഡിലേക്ക് തെറിച്ചുവീണ ഹരികൃഷ്ണന്റെ മേൽ ബസിന്റെ ചക്രം കയറിയിറങ്ങി. ഓടിയെത്തിയ നാട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം ഉണ്ടായ ഉടൻ ബസിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡോ.രാധാകൃഷ്ണന്റെയും പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ അദ്ധ്യാപികയായ ഷീബയുടെയും ഏക മകനാണ് ഹരികൃഷ്ണൻ. തിരുവനന്തപുരം നാലാഞ്ചിറ മാർ ബസേലിയോസ് എൻജിയിറിങ് കോളേജിൽ ആറാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. കൊച്ചുള്ളൂരിലെ ശ്രീധന്യ അപ്പാർട്ട്‌മെന്റിൽ നിന്ന് മരുന്നു വാങ്ങാൻ പോയപ്പോഴാണ് അപകടത്തിൽ പെട്ടത്. ദേശീയ അക്രഡിറ്റേഷൻ കൗൺസിൽ (നാക്) നടപടികളുമായി ബന്ധപ്പെട്ട് വാരണസിയിലായിരുന്ന ഡോ.രാധാകൃഷ്ണൻ ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തും.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ബന്ധുക്കൾക്ക് കൈമാറും. വൈകിട്ടാണ് സംസ്‌ക്കാരം. പ്രോ വൈസ് ചാൻസലർ ഡോ. വീരമണികണ്ഠൻ, സിപിഐ(എം). ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, ജനപ്രതിനിധികൾ, സർവകലാശാല അദ്ധ്യാപകർ എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.