ന്യൂഡൽഹി: ജനപ്രതിനിധികൾ പ്രതികളായ 36 ഓളം കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ച് കേരളം.ഹൈക്കോടതി രജിസ്്ട്രാർ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഹൈക്കോടതി അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പിൻവലിച്ച കേസുകളുടെ വിവരങ്ങൾ കൈമാറാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത്.

2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകൾ പിൻവലിച്ചത്. ക്രിമിനൽ നടപടി ചട്ടത്തിലെ 321ാം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ നിന്ന് 16 കേസുകളും നാലിൽ നിന്ന് 10 കേസുകളുമാണ് പിൻവലിച്ചത്. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് അഞ്ച് കേസുകളും കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ഒരു കേസും അനുമതിയില്ലാതെ പിൻവലിച്ചു.381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്.