- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിജിപി ശ്രീജിത്ത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനല്ല; ഉണ്ടായിരുന്നത് മേൽനോട്ട ചുമതല മാത്രം; എസ് ശ്രീജിത്തിനെ മാറ്റിയതിനെ ന്യായീകരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ; രേഷ്മയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതി ശരിയല്ലെന്ന് പി സതീദേവി
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ എ.ഡി.ജി.പി ശ്രീജിത്തിനെ മാറ്റിയതിനെ ന്യായീകരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. എസ്.ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല, മേൽനോട്ട ചുമതല മാത്രമാണുള്ളതെന്നും സതീദേവി പറഞ്ഞു. ഡബ്ള്യു.സി.സിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സ്ത്രീ പീഡനകേസുകളിലെ നയം മാറ്റം ഉണ്ടാവില്ലെന്നും വനിതാ കമ്മിഷൻ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞു.
'ഉദ്യോഗസ്ഥരെ സ്ഥലമാറ്റുന്നത് സാധാരണ നടപടിയാണ്. ശ്രീജിത്തിനെ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. എസ്.ശ്രീജിത്ത് പല കേസുകളിലും അന്വേഷണം ശരിയായി നടത്തിയിട്ടില്ലെന്ന് ആരോപണം ഉയർന്നതെല്ലാം എല്ലാവർക്കുമറിയാം. പുതുതായി വരുന്ന ഉദ്യോഗസ്ഥൻ കൃത്യമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ'യെന്നും അവർ പറഞ്ഞു.
അതേസമയം കണ്ണൂരിൽ കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച രേഷ്മക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും സതീദേവി പറഞ്ഞു. 'പ്രതിസ്ഥാനത്ത് സ്ത്രീകൾ വരുമ്പോൾ കുറ്റത്തിന് അതീതമായി മറ്റ് രീതിയിൽ കാണുന്നത് ശരിയല്ല. അത് അംഗീകരിക്കാനാകില്ല. വ്യക്തിപരമായി സ്ത്രീക്കെതിരെ അധിക്ഷേപം നടത്താൻ പാടില്ലെന്നും ഇക്കാര്യത്തെ സംബന്ധിച്ച് രേഷ്മ പരാതി നൽകിയിട്ടുണ്ടെന്നും'സതീദേവി പറഞ്ഞു.
മലപ്പുറത്ത് സ്‌കൂട്ടർ യാത്രക്കാരികളായ പെൺകുട്ടികളെ അക്രമിച്ച സംഭവത്തിൽ കടന്നാക്രമിച്ചതിനും,ശാരീരികമായി ഉപദ്രവിച്ചതിനും പെൺകുട്ടികളുടെ മൊഴിക്കനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ഡി.വൈ.എസ്‌പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതകമ്മീഷൻ അധ്യക്ഷ പറഞ്ഞു.
നേരത്തെ നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തലവനെ മാറ്റിയ സംഭവത്തിൽ ആശങ്കയറിയിച്ച് ഡബ്ല്യൂസിസി രംഗത്തുവന്നിരുന്നു. അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണിയെന്ന് ഡബ്ല്യൂസിസി ഫേസ്‌ബുക്കിൽ കുറിച്ചു. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണെന്നും ഡബ്ല്യൂസിസി ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ