തിരുവനന്തപുരം: മാറിമാറിവന്ന സർക്കാരുകൾക്ക് ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ടുമാത്രമാണു ഭരണഭാഷ പൂർണ്ണമായും മലയാളമാകാത്തതെന്നു മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ സി.പി. നായർ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള വനിതാക്കമ്മിഷന്റെ ഭരണഭാഷാവാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളം ഭരണഭാഷ ആക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ തഹസീൽദാരുടെ ചുമതലയിൽ താലൂക്കു തലത്തിലും കളക്റ്ററുടെ ചുമതലയിൽ ജില്ലാതലത്തിലും ഉണ്ടായിരുന്ന സംവിധാനം ഇല്ലാതാക്കിയ നടപടി റദ്ദാക്കണമെന്നും ആ സംവിധാനം ഉടൻ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സംവിധാനം ഒഴിവാക്കി അവലോകനച്ചുമതല അതതു വകുപ്പദ്ധ്യക്ഷരെ ഏല്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഡിസംബർ 12നു പുറപ്പെടുവിച്ച ഉത്തരവ് ഭരണഭാഷാപുരോഗതിയെ പിന്നോട്ടടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റ്റി.എൻ. ജയചന്ദ്രന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഭാഷാ ശബ്ദാവലി, ഭരണഭാഷാപ്രയോഗപദ്ധതി എന്നീ പുസ്തകങ്ങൾ പുനഃപ്രസിദ്ധീകരിച്ചു ജീവനക്കാർക്കു പരിശീലനം നൽകണം. മലയാളം എഴുതാൻ വശമില്ലാത്തവരെ സർക്കാരിൽ നിയമിച്ചാൽ രണ്ടുകൊല്ലത്തിനകം അവർ മായാളത്തിലുള്ള യോഗ്യതാപരീക്ഷ ജയിച്ചിരിക്കണമെന്ന വ്യവസ്ഥ നിർബ്ബന്ധമായി നടപ്പാക്കണം. അതു പരിശോധിച്ച് ഉറപ്പാക്കാൻ സംവിധാനം ഉണ്ടാക്കണം.



നവംബർ ഒന്നിനു ജീവനക്കാർ ഒന്നരയും മുണ്ടും ഉടുത്തതുകൊണ്ടോ ജുബ്ബ ഇട്ടതുകൊണ്ടോ മാറ്റമുണ്ടാവില്ല. ഉത്തരവുകൾ പുറപ്പെടുവിച്ചതുകൊണ്ടും കാര്യമില്ല. ഭരണത്തിലെ രാഷ്ട്രീയനേതൃത്വത്തിന് ഇച്ഛാശക്തി ഉണ്ടായാലേ മാറ്റമുണ്ടാകൂ. മലയാളം അറിയാത്ത പരദേശിയുദ്യോഗസ്ഥരെ ഭരണഭാഷാവകുപ്പ് ഏല്പിച്ച ചരിത്രമുള്ള നാം കോടതിഭാഷപോലും തമിഴിലാക്കാൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന തമിഴ്‌നാട് സർക്കാരിന്റെ ഭാഷാപ്രേമം കണ്ടുപഠിക്കണം. സർവ്വകലാശാലാതലത്തിൽ വരെ അക്കാദമികപ്രവർത്തനം മലയാളത്തിൽ ആക്കാമെന്നു ചിന്തിച്ച ഉല്പതിഷ്ണുക്കളായ മന്ത്രിമാരും സർക്കാരുകളും ഉണ്ടായിരുന്ന നാടാണിതെന്നു സി.പി. നായർ ഓർമ്മിപ്പിച്ചു.

ബ്രിട്ടിഷ് ആധിപത്യം ഇവിടത്തെ ഭരണം ഇംഗ്ലിഷിലേക്കു മാറ്റുന്നതിനുമുമ്പു മലയാളത്തിൽ എല്ലാ ഭരണനടപടികളും അതീവഫലപ്രദമായി നിർവ്വഹിച്ചിരുന്നതായി 'ഔദ്യോഗികഭാഷ ഇംഗ്ലിഷ് സ്വാധീനത്തിനുമുമ്പ്' എന്ന വിഷയം അവതരിപ്പിച്ച ചരിത്രഗവേഷകനും പത്രപ്രവർത്തകനുമായ മലയിൻകീഴു ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ന് ഇംഗ്ലിഷിൽ എഴുതുന്ന നിരവധി പദങ്ങൾക്കുള്ള തനിമലയാളപദങ്ങളും ഔദ്യോഗികഭാഷാപ്രയോഗങ്ങളും അദ്ദേഹം പരിചയപ്പെടുത്തി. ഇവ പലതും പുതിയ കാലത്തും ഉപയോഗിക്കാവുന്നവയാണെന്നും മെച്ചപ്പെട്ട ആശയവിനിമയം അതിലൂടെ സാദ്ധ്യമാകുമെന്നും മലയിൻകീഴ് അഭിപ്രായപ്പെട്ടു.

'ഔദ്യോാഗികഭാഷാനിഘണ്ടു: ഇംഗ്ലിഷ്  മലയാളം' എന്ന ഗ്രന്ഥം രചിച്ച വനിതാക്കമ്മിഷൻ ജീവനക്കാരി സ്മിത ശ്രേയസിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. കമ്മിഷനംഗം ഡോ: ലിസി ജോസ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കമ്മിഷനംഗം ഡോ: ജെ. പ്രമീളാദേവി അദ്ധ്യക്ഷയായി. മെംബർ സെക്രട്ടറി കെ. ഷൈലശ്രീ, ഡയറക്ടർ സാം ക്രിസ്റ്റി ഡാനിയൽ, കെ.ആർ. ഗോപകുമാർ, ഡോ: പ്രേംന ശങ്കർ, എ.എസ്. മോഹൻ, എം.എസ്. അനീഷ്, മനോജ് കെ. പുതിയവിള എന്നിവർ ആശംസ നേർന്നു.

നല്ല മലയാളം പ്രദർശനം, തടവില്ലാതെ തനിമലയാളം, കാവ്യാലാപനം, അന്താക്ഷരി, മലയാളഭാഷാഗീതങ്ങൾ തുടങ്ങി ഭാഷയുമായി ബന്ധപ്പെട്ട വിവിധപരിപാടികളോടെ നടത്തുന്ന വാരാഘോഷം  ഏഴിനു സമാപിക്കും. സമാപനപരിപാടി 'വാർത്തകൾ വായിക്കുന്നത്' രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ ഔദ്യോഗികഭാഷാവിദഗ്ദ്ധൻ ശിവകുമാർ ആർ. ശിവകുമാർ മുഖ്യാതിഥിയാകും.