ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള ദേശി ഇന്ത്യൻ റസ്റ്റോറണ്ട് കോൺഫറൻസ് ഹാളിൽ വച്ച് പ്രതിമാസ ചർച്ചാ സമ്മേളനം നടത്തി. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ച ചർച്ചാ സമ്മേളനത്തിൽ പ്രസിദ്ധ ഗ്രന്ഥകർത്താവായ ഡോ. സണ്ണി എഴുമറ്റൂർ മോഡറേറ്ററായിരുന്നു. ഡോ. സണ്ണി എഴുമറ്റൂർ രചിച്ച, വീണുപോയ ദൂത•ാർ, എന്ന ശീർഷകത്തിലുള്ള പുസ്തകത്തിന്റെ പ്രകാശനമായിരുന്നു പ്രാരംഭ ചടങ്ങ്. മാത്യു നെല്ലിക്കുന്ന് പുസ്തകത്തിന്റെ ഒരു കോപ്പി പ്രസിദ്ധ സാഹിത്യകാരനായ ബാബു കുരവക്കലിന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.

തുടർന്ന്, ഒരു പുഴയുടെ ഗീതം എന്ന കവിത രചയിതാവായ തോമസ് കാളശേരി തന്നെ ആലപിച്ചു. പർവ്വത നിരകളിൽ നിന്നുൽഭവിക്കുന്ന നദി ഒഴുകി അതിന്റെ ലക്ഷ്യസ്ഥാനമായ സമുദ്രത്തിലെത്തുന്നതോടെ നദിയുടെ അസ്ഥിത്വം ഇല്ലാതായി സമുദ്രവുമായി ചേരുന്ന പോലെയാണ് മനുഷ്യജീവിതം എന്ന് കവി സമർത്ഥിക്കുന്നു. മനുഷ്യൻ ജനിക്കുന്നതോടെ ആ മനുഷ്യ ജന്മം വിവിധ കാലഘട്ടങ്ങളിലൂടെ ഒഴുകി ഒഴുകി മരണത്തോടെ സമുദ്രമാകുന്ന ഈശ്വരനിൽ ലയിക്കുന്നു. അടുത്തത് മേരി കുരവക്കലിന്റെ, മൈ പ്രിൻസസ് ജാസ്മിൻ, എന്ന ഇംഗ്ലീഷ് കവിതാ പാരായണമായിരുന്നു. എന്റെ കൊച്ചു സഹോദരിയുടെ ജന്മം എനിക്കൊരു ആഘോഷവും ആഹ്ലാദവുമായിരുന്നു. മുല്ലപ്പൂവിന്റെ സുഗന്ധവും സൗന്ദര്യവും അവൾക്കുണ്ട്. അവൾ വളർന്നപ്പോൾ അവളുടെ സ്വഭാവത്തിൽ സ്‌നേഹം, സന്തോഷം, സമാധാനം, ആനന്ദം, ദയ, ക്ഷമാശീലം, ആത്മാർത്ഥത തുടങ്ങിയ അവളുടെ ഗുണങ്ങൾ എന്നെ കൂടുതലായി അവളിലേക്ക് അടുപ്പിക്കാൻ പര്യാപ്തമായി എന്ന കവയിത്രി ഉരുവിടുന്നു.

യൂദാസിന്റെ സുവിശേഷം, എന്ന ചെറുകഥ കഥാകൃത്തായ ടോം വിരിപ്പൻ വായിച്ചു. അത്യന്തം ഉദ്വേഗജനകമായ ആ ചെറുകഥയിൽ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനോട്, മുപ്പത് വെള്ളിക്കാശിന് യേശുനാഥനെ ഒറ്റിക്കൊടുത്ത യൂദാസ് പറയുകയാണ് ഇതെല്ലാം തന്റെ തലവരയാണ്. സൃഷ്ടാവു തന്നെ പ്രീപ്രോഗ്രാം ചെയ്ത് ആ ചതി അല്ലെങ്കിൽ നന്ദിഹീനമായ പാപ പ്രവൃത്തി ചെയ്യാൻ തന്നെ നിയോഗിച്ചതാണ്. താൻ അല്ലെങ്കിൽ മറ്റാരെങ്കിലും അങ്ങനെ ചെയ്യണം എന്നത് സൃഷ്ടികർത്താവായ ദൈവത്തിന്റെ തന്നെ നിയോഗമല്ലെ. ആ ദൈവേച്ഛ താൻ നിർവ്വഹിച്ചു. അങ്ങനെ ലോകത്തിലെ ഏറ്റവും നിന്ദ്യനായ ഒരു കഥാപാത്രമായി തീർന്നു, എന്നതാണ് യൂദാസിന്റെ സുവിശേഷം എന്ന് കഥാകൃത്ത് സമർത്ഥിക്കുന്നു.

തുടർന്ന്, ഇന്ത്യയിൽ സിബിഐ ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്ത ജോസഫ് പൊന്നോലി എഴുതിയ നിഗംബോധ്ഘാട്ടിലെ അഗ്നിനാളങ്ങൾ, എന്ന ചെറുകഥ അദ്ദേഹം തന്നെ വായിച്ചു. വടക്കെ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ജീവിതവും ജോലിയും അനുഭവവും ആധാരമാക്കി അടർത്തിയെടുത്ത ഒരു ഏടിൽ നിന്നായിരുന്നു ആ ചെറുകഥ. പ്രേംനാഥ് ബാനർജി സമർത്ഥനും വിദ്യാസമ്പന്നനുമായ യുവാവ് സെൻട്രൽ ഗവണ്മെന്റ് സർവ്വീസിൽ സേവനത്തിലിരിക്കെ മേലുദ്യോഗസ്ഥരിൽ നിന്ന് പല രീതിയിലുള്ള പീഡനം നേരിടുന്നു. അതിനെതിരെ പ്രതികരിക്കാനുള്ള ഉപദേശം തേടിയെത്തിയ അദ്ദേഹത്തെ കഥാകൃത്ത് സഹായിക്കാതെ തിരിച്ചയക്കുന്നു. പലവിധ രോഗങ്ങൾക്കടിമയായ മനസു തകർന്ന ആ ചെറുപ്പക്കാരൻ താമസിയാതെ ചരമമടയുന്നു. ഡൽഹിയിൽ യമുനാ നദീതീരമായ നിഗംബോധ് എന്ന സ്ഥലത്ത് വളരെ ലളിതമായ രീതിയിൽ പരേതന് ചിതയൊരുക്കി. മൃതശരീരം അഗ്നിനാളങ്ങൾക്ക് ഇരയാകുമ്പോൾ ആവശ്യമായ സമയത്ത് ഒരു ചെറുവിരൽ അനക്കി പോലും സഹായിക്കാൻ തുനിയാതിരുന്ന കഥാകൃത്ത് ദുഃഖഭാരത്തോടെ വേദനയാൽ വിങ്ങിപ്പൊട്ടുന്നത് കഥയിൽ ഹൃദയാവർജകമായി ചിത്രീകരിച്ചിരിക്കുന്നു.

കഥകളേയും കവിതകളേയും അവലോകനം ചെയ്തു കൊണ്ടും അപഗ്രഥിച്ചു കൊണ്ടും ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ ചിന്തകരും എഴുത്തുകാരുമായ ടി.എൻ. സാമുവൽ, ഇന്ദ്രജിത് നായർ, എ.സി. ജോർജ്, ബോബി മാത്യു, ജോൺ മാത്യു, ദേവരാജ് കാരാവള്ളി, മാത്യു നെല്ലിക്കുന്ന്, ജോൺ ചാക്കൊ, മോട്ടി മാത്യു, പീറ്റർ പൗലോസ്, ജോസഫ് തച്ചാറ, ബി. ജോൺ കുന്തറ, ഷാജി ഫാംസ് ആർട്ട്, വൽസൻ മഠത്തിപറമ്പിൽ, റോഷൻ ഈശൊ, ബാബു കുരവക്കൽ, മേരി കുരവക്കൽ, ടോം വിരിപ്പൻ, ജേക്കബ് ഈശൊ, ഡോക്ടർ സണ്ണി എഴുമറ്റൂർ, ജോസഫ് പൊന്നോലി, തോമസ് കാളശേരി തുടങ്ങിയവർ സംസാരിച്ചു.