തിരുവനന്തപുരം: രാമക്ഷേത്ര നിർമ്മാണത്തിനായി പണം സംഭാവന നൽകരുതെന്ന് കേരള യുക്തിവാദി സംഘം. രാമക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കേരള യുക്തിവാദസംഘത്തിന്റെ ക്യാമ്പെയിൻ. സംഘപരിവാറിന്റെ ഭവന സന്ദർശനം ഫാസിസത്തിന്റെ സർവ്വേയാണെന്ന മുദ്രാവാക്യമുയർത്തിയാണ് സംഘടന പ്രചരണം നടത്തുന്നത്. ഭവനസന്ദർശനം വഴി സംഘപരിവാർ ആവശ്യപ്പെടുന്ന രാമക്ഷേത്രഫണ്ട് നൽകരുതെന്നാണ് സംഘടനയുടെ പ്രചരണം.

ഗോവിന്ദ് പൻസാരെ ദിനമായ ഫെബ്രുവരി 20ന് ഫാസിസ്റ്റ് വിരുദ്ധ ദിനാചരണം നടത്തുമെന്നും യുക്തിവാദി സംഘം അറിയിച്ചു. രാമക്ഷേത്രത്തിന് സംഭാവന ചെയ്തവരുടെയും സംഭാവന ചെയ്യാത്തവരുടെയും വീടുകൾ പ്രത്യേകം അടയാളപ്പെടുത്തുന്ന ആർ.എസ്.എസിന്റെ നടപടിയെ വിമർശിച്ച് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമി രംഗത്തുവന്നിരുന്നു.

'അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനകൾ നൽകുന്നവരുടെയും ഇല്ലാത്തവരുടെയും വീടുകൾ ആർഎസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട ഹിറ്റ്‌ലറിന്റെ ഭരണകാലത്ത് നാസികൾ ജർമനിയിൽ ചെയ്തതിന് സമാനമാണ് ഈ നടപടി.'-കുമാരസ്വാമി ട്വീറ്റ് ചെയ്തു. രാജ്യത്തെ പുതിയ ഈ മാറ്റങ്ങൾ എവിടേക്കാണ് രാജ്യത്തെ എത്തിക്കുകയെന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നുണ്ട്.

ജർമനിയിൽ നാസി പാർട്ടി രൂപംകൊണ്ട അതേസമയത്താണ് ഇന്ത്യയിൽ ആർഎസ്എസ് പിറവിയെടുത്തതെന്ന് ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് കുമാരസ്വാമി പറയുന്നു. 'നാസികളിൽ നിന്നും കടംകൊണ്ട നയങ്ങൾ നടപ്പാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെങ്കിൽ എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. രാജ്യത്ത് ജനങ്ങളുടെ കൈയിൽ നിന്ന് അവരുടെ മൗലികാവാശങ്ങൾ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്.'

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്റെ ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. എന്നാൽ കുമാരസ്വാമിയുടെ പരാമർശം പ്രതികരണം പോലും അർഹിക്കുന്നില്ലെന്നായിരുന്നു ആർഎസ്എസ്സിന്റെ മറുപടി.