- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
58ലെ നിയമം അനുസരിച്ച് രണ്ട് ശതമാനത്തിൽ കൂടുതൽ അധിക പലിശ ഈടാക്കരുത്; വായ്പ എടുത്തയാളെ പീഡിപ്പിച്ചാൽ ഉടനടി അറസ്റ്റ്; സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ മൂന്നു നിയമങ്ങൾ ഉണ്ടായിട്ടും ഇതുവരെ നാട്ടുകാരെ പറ്റിച്ച് മുങ്ങിയത് 385 സ്ഥാപനങ്ങൾ; 1000 കോടിയുടെ നിക്ഷേപവും ആയിരം കോടിയുടെ സ്വർണവും സ്വീകരിച്ച് 50,000 പേരെ പറ്റിച്ച പോപ്പുലർ ഫിനാൻസ് അവസാന കണ്ണി മാത്രം
കോട്ടയം: സ്വകാര്യപണമിടപാടുകൾക്ക് ചട്ടങ്ങൾ നിലനിൽക്കുമ്പോഴും അമിത പലിശ ഈടാക്കിയും ഇടപാടുകാരിൽ നിന്ന് കൊള്ളലാഭം നേടിയുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ പകൽക്കൊള്ള നടത്തുന്നത്. ഹിമലായ, എവറസ്റ്റ് തുടങ്ങി പൂട്ടിപ്പോയ ഒട്ടനവധി കമ്പനികൾ ഇക്കൂട്ടത്തിലുണ്ട്. ഒടുവിലത്തെ ഉദാഹരണമാണ് പോപ്പുലർ ഫിനാൻസ് നിക്ഷേപകരെ മറച്ച് വച്ച് നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളേറെയെങ്കിലും തട്ടിപ്പ് തടയാനാകുന്നില്ല എന്നതാണ് വെല്ലുവിളിയാകുന്നത്.
1958-ലെ കേരള മണി ലെൻഡേഴ്സ് ആക്ടും 2013-ലെ ധനകാര്യസ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താത്പര്യസംരക്ഷണനിയമം, 2012-ലെ അമിതപലിശ ഈടാക്കൽ നിയമം എന്നിവയും ഉണ്ടെങ്കിലും സ്ഥാപനങ്ങൾ നിയമവിരുദ്ധ നടപടികൾ തുടരുന്നു. ധനകാര്യവകുപ്പിന്റെ അനുമതി നേടി തുടങ്ങുന്ന സ്ഥാപനങ്ങളിൽ പിന്നീട് കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്ക് ഒരു അധികാരകേന്ദ്രം ഇല്ല. പരാതികൾ വന്നാൽ പൊലീസ് കേസ് എടുക്കുമെങ്കിലും നേരിട്ട് പണമിടപാട് സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് അവർക്കും അധികാരമില്ല.
58-ലെ നിയമപ്രകാരം സ്വകാര്യസ്ഥാപനങ്ങൾ, കൊമേഴ്സ്യൽ ബാങ്കുകൾ വായ്പയ്ക്ക് ഈടാക്കുന്ന പലിശയുടെ രണ്ട് ശതമാനത്തിൽ കൂടുതൽ ഈടാക്കാൻ പാടില്ല. ഇത് ലംഘിച്ചാൽ അമിത തുക കണ്ടുകെട്ടാം. പക്ഷേ, രസീതിൽ ഈടാക്കിയ പലിശ ശരിയായി കാണിക്കാതെയാണ് അമിതപലിശ വാങ്ങുന്നത്.വായ്പയെടുത്ത ആളിനെ പീഡിപ്പിക്കുകയോ ലൈസൻസ് ചട്ടം ലംഘിക്കുകയോ ചെയ്താൽ പൊലീസിന് വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാം. അമിതപലിശനിയന്ത്രണ നിയമപ്രകാരം ഉടമയെ ജാമ്യം ഇല്ലാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്യാം.-പക്ഷേ ഇത് പാലിക്കപ്പെടുന്നില്ല. വ്യാജ പണമിടപാട് നിയന്ത്രിക്കാൻ സംസ്ഥാനതലസമിതി 2013-ൽ രൂപവത്കരിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ ഗാരന്റി എത്രയെന്ന് ഉപഭോക്താവിന് അറിയാൻ മാർഗമില്ല എന്നതാണ് ഉഫഭോക്താവിന്റെ പരിമിതികളിൽ ചിലത്. കെ.എസ്.എഫ്.ഇ. പോലുള്ള സർക്കാർ സ്ഥാപനത്തിന് ട്രഷറി നിക്ഷേപം ഉണ്ട്. ഒപ്പം സർക്കാരിന് ഒരു ശതമാനം നികുതി നൽകി ആ നിലയിലുള്ള ഗാരന്റിയും ഉറപ്പാക്കുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കും ഗാരന്റി ഉറപ്പാക്കിയാലേ നിക്ഷേപങ്ങൾ കുറെയെങ്കിലും സുരക്ഷിതമാവൂ എന്നതാണ് സത്യം. പണയ ഈടായും മറ്റും സ്വകാര്യ സ്ഥാപനം സ്വീകരിച്ചിട്ടുള്ള സ്വർണം എത്രയെന്നതിന് കണക്ക് വാർഷികമായി വെളിവാക്കുന്നില്ല.
ഇത് എവിടെ സൂക്ഷിക്കുന്നു എന്ന് ചോദിക്കാൻ അധികാരപ്പെട്ട അഥോറിറ്റി സംസ്ഥാനത്തില്ല. ആദായനികുതി വകുപ്പിന് മാത്രമാണ് ഇതിൽ എന്തെങ്കിലും നിലവിൽ ചെയ്യാനാകുന്നത്. നിക്ഷേപം വാങ്ങുന്നതിന് സ്വകാര്യ സ്ഥാപനം നൽകുന്ന രസീതുകൾ പലപ്പോഴും മറ്റ് കമ്പനികളുടെ പേരിലാണ്. ഇത് നിയമപരമല്ല. പണത്തിന്മേൽ സ്ഥാപനത്തിനുള്ള ഉത്തരവാദിത്വം ഇല്ലാതാക്കുന്ന നടപടിയാണിത്.
300 കോടിയാണ് ആസ്തിയായി പറയുന്നത്.
1000 കോടിയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. 50,000 നിക്ഷേപകർക്കാണ് ഇത് തിരിച്ചുകൊടുക്കേണ്ടത്. കമ്പനി 3000 കോടി നിക്ഷേപം നടത്തിയിട്ടുണ്ട്. 1,000 കോടിയുടെ സ്വർണം പണയമായി സ്വീകരിച്ചിട്ടുണ്ട്. പണം വിദേശത്തേക്ക് കടത്തിയെന്നാണ് സൂചനകൾ. അന്വേഷണത്തിന് ഇന്റർപോൾ സഹായം തേടിയേക്കും.2012 മുതൽ 2017 വരെയുള്ള ധനകാര്യ വകുപ്പ് കണക്കനുസരിച്ച് 385 സ്ഥാപനങ്ങളാണ് കേരളത്തിൽ പൊട്ടിപ്പോയത്.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള പരിമിതി പരിഹരിക്കേണ്ടതുണ്ട്. ഒരു റഗുലേറ്ററികേന്ദ്രം വേണം. സ്ഥാപനത്തിന് ഗാരന്റി ഉറപ്പാക്കണം. ജനങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽനിന്ന് മാറിനിൽക്കണം എന്നും പറയാറുണ്ട്.
മറുനാടന് ഡെസ്ക്