കോഴിക്കോട്: ദേശീയ സ്‌കൂൾ കായികമേളയിൽ കേരളം കിരീടം ഉറപ്പിച്ചു. സ്വർണനേട്ടം 28 ആക്കിയ കേരളം മെഡൽ പട്ടികയിൽ ബഹുദൂരം മുന്നിലാണ്.

നാലാം ദിവസമായ തിങ്കളാഴ്ച എട്ടു സ്വർണമാണു കേരളം നേടിയത്. രാവിലെ നടന്ന സീനിയർ അൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ തോമസ് എബ്രഹാമും ജൂനിയർ ആൺകുട്ടികളുടെ ലോങ്ജമ്പിൽ എംകെ ശ്രീനാഥും കേരളത്തിനായി സ്വർണം നേടി.

മേളയുടെ ഒന്നാം ദിവസം മുതൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്റെ മുന്നേറ്റം. ട്രാക്കിലും ഫീൽഡിലുമായി കേരളം ഞായറാഴ്ച മാത്രം പത്ത് സ്വർണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും സ്വന്തമാക്കിയിരുന്നു. എന്നാൽ മെഡൽവേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രക്ക് നാല് സ്വർണം മാത്രമാണുള്ളത്.