- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2,000 കോടി രൂപ 13 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 7.04% പലിശയ്ക്കും 1,500 കോടി രൂപ 18 വർഷത്തെ തിരിച്ചടവിൽ 7.06% പലിശയ്ക്കും കടമെടുത്തു; ഓഗസ്റ്റിൽ കടമെടുത്തത് 5500 കോടി; ഈ മാസം ശമ്പളവും പെൻഷനും മുടങ്ങില്ല; കടമെടുത്ത് മുടിയുന്ന കേരളത്തിന്റെ കഥ
തിരുവനന്തപുരം: ശമ്പളം കൊടുക്കാൻ കടമെടുത്ത് മുടിഞ്ഞ് കേരളം. പെൻഷനും ശമ്പളവും കൊടുക്കാൻ കടമെടുക്കുന്ന പതിവ് ഈ മാസവും തുടരുകയാണ്. ഇന്നു മുതൽ ശമ്പളവും പെൻഷനും വിതരണം ചെയ്യാനായി 3,500 കോടി രൂപ കൂടി സർക്കാർ ഇന്നലെ കടമെടുത്തു. സാധാരണ ശരാശരി 6% പലിശയ്ക്കാണു പണം കടമെടുക്കുന്നതെങ്കിൽ ഇന്നലെ ഇത് 7.06 ശതമാനമായി ഉയർന്നു. റിസർവ് ബാങ്കുവഴി പൊതുവിപണിയിൽനിന്നാണ് കടമെടുത്തത്.
ദിവസങ്ങൾക്ക് മുമ്പ് 2500 കോടി കടം കേരളം എടുത്തിരുന്നു. അതിന് പുറമേയാണ് പുതിയ കടമെടുക്കൽ. 2,000 കോടി രൂപ 13 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 7.04% പലിശയ്ക്കും 1,500 കോടി രൂപ 18 വർഷത്തെ തിരിച്ചടവിൽ 7.06% പലിശയ്ക്കുമാണ് കടമെടുത്തത്. ഇതോടെ സർക്കാരിന്റെ ഈ വർഷത്തെ ആകെ കടമെടുപ്പ് 15,000 കോടി രൂപയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2,500 കോടി രൂപ കടമെടുത്തത്. അത്രയും പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നു പോകുന്നത്. അടുത്ത മാസവും കടം എടുക്കേണ്ട സാഹചര്യം ഉണ്ട്.
ചെലവിടുന്നത് ശമ്പളം, പെൻഷൻ, ഇവയുടെ കുടിശിക, മുൻപ് കടമെടുത്ത തുകയുടെ പലിശ എന്നിവ നൽകാൻ വേണ്ടിയാണ് കടം എടുത്ത തുക ചെലവഴിക്കുന്നത്. സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പതിവായി പണം കടമെടുക്കുന്നതെന്നാണ് പറയുന്നത്. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ നല്ലൊരു പങ്കും നടത്തുന്നത് കിഫ്ബി വഴിയാണ്. കിഫ്ബിയുടെ പ്രധാന വരുമാനവും കടമെടുപ്പാണ്. അങ്ങനെ ശമ്പളം നൽകലും വികസനവും എല്ലാം കടമെടുത്താകുകയാണ് ഇപ്പോൾ.
അതിനിടെ കേരളത്തിലെ പഞ്ചായത്തുകൾക്കു കേന്ദ്രം 360.9 കോടി രൂപ ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്. 15ാം ധനകാര്യ കമ്മിഷൻ ശുപാർശ അനുസരിച്ച് ഈ സാമ്പത്തികവർഷത്തിൽ നീക്കിവച്ചിരിക്കുന്ന തുകയുടെ ഭാഗമാണിത്. എന്നാൽ ഇതുകൊണ്ടൊന്നും കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മാറില്ല. ശുചീകരണം, വെളിയിട വിസർജന വിമുക്തമാക്കൽ (ഒഡിഎഫ്) പദവി, കുടിവെള്ളവിതരണം, മഴവെള്ളസംഭരണം, ജലശുദ്ധീകരണം എന്നിവയ്ക്കാണ് തുക. ഈ വർഷം ഇതുവരെ 601.50 കോടിയാണ് കേരളത്തിനു അനുവദിച്ചത്.
25 സംസ്ഥാനങ്ങൾക്കായി 13,385.7 കോടി രൂപയാണ് ഈ വകയിൽ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾ 10 ദിവസത്തിനകം പണം പഞ്ചായത്തുകൾക്കു കൈമാറണം. ഈ തുക സംസ്ഥാനം നൽകുമോ എന്നത് നിലവിലെ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ