- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 രൂപ വരുമാനം ലഭിച്ചാൽ 18.35 രൂപ കടബാധ്യതയുടെ പലിശയായി അടയ്ക്കണം; ശമ്പളത്തിനും പെൻഷനും 48.46%; ബാക്കിയുള്ള 33.19%ൽ ബാക്കിയെല്ലാം; കിഫ്ബിയെ ഉപയോഗിച്ചുള്ള കടം എടുക്കലും പ്രതിസന്ധി; ജി എസ് ടി കോമ്പൻസേഷൻ സമ്പ്രദായം അടുത്ത വർഷം തീരും; വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം; കടമെടുത്ത് ഇനി മുമ്പോട്ട് പോക്ക് അസാധ്യം
കൊച്ചി: ജിഎസ്ടിയിൽ അടിയന്തര ഇടപെടലും പരിഷ്‌കാരങ്ങളും നടത്തിയില്ലെങ്കിൽ കേരളം അഭിമുഖീകരിക്കേണ്ടി വരിക വമ്പൻ സാമ്പത്തിക പ്രതിസന്ധി. സമാനതകളില്ലാതെ കടമെടുത്താണ് സംസ്ഥാനത്തിന്റെ പോക്ക്. കേന്ദ്രസർക്കാർ ജിഎസ്ടി നടപ്പാക്കിയിട്ട് അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. നികുതി വരുമാനത്തിന്റെ അടിസ്ഥാന വളർച്ചാ നിരക്കായ 15 ശതമാനത്തിൽ താഴെ മാത്രമേ സംസ്ഥാനത്തിന് നികുതി പിരിച്ചെടുക്കാനാകുന്നുവെങ്കിൽ 15 ൽ എത്രയാണോ പിരിച്ചുകിട്ടുന്നത് അതിന് ബാക്കി തുക കേന്ദ്രം നൽകും. ഇത് കേരളത്തിന് ആശ്വാസമാണ്. എന്നാൽ കോംപൻസേഷൻ സമ്പ്രദായം 2022 ആദ്യ പാദത്തോട് കൂടി അവസാനിക്കും.
ഇത് കേരളത്തിന് വലിയ വെല്ലുവളിയാണ്. കോമ്പൻസേഷൻ നൽകുന്നത് നിർത്തിയാൽ അത് വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും. പ്രതീക്ഷിച്ചതു പോലെ ജി എസ് ടി വരുമാനം ഉയരുന്നതുമില്ല. കോവിഡ് പ്രതിസന്ധിയും പ്രതികൂല ഘടകമാണ്. കഴിഞ്ഞ ദിവസം ശമ്പളവും പെൻഷനും വിതരണം നൽകാൻ 3,500 കോടി രൂപയാണ് സർക്കാർ കടമെടുത്തത്. സാധാരണ 6% പലിശയ്ക്കാണ് പണം കടമെടുക്കുന്നതെങ്കിൽ ഇപ്രാവശ്യം പണം ലഭിച്ചത് 7.06% പലിശയ്ക്കാണ്.
റിസർവ് ബാങ്കു വഴി പൊതുവിപണിയിൽനിന്നാണ് പലിശയ്‌ക്കെടുത്തത്. കേരളത്തിന്റെ പൊതുകടം ഇപ്പോൾ നാലു ലക്ഷം കോടിക്കു മുകളിലാണ്. ആളോഹരി കടം ഒരു ലക്ഷത്തിന് മുകളിൽ. ജനിക്കാനിരിക്കുന്ന കുട്ടിക്കു പോലും ഒരു ലക്ഷത്തിനു മേൽ കടം എന്ന സാഹചര്യം. അതുകൊണ്ടു തന്നെ വരുമാനം ഉയർന്നില്ലെങ്കിൽ കേരളത്തിന് പിടിച്ചു നിൽക്കൽ അസാധ്യമാകും. ജി എസ് ടിയിലെ വിലയിരുത്തലുകൾ തെറ്റിയതാണ് പ്രശ്‌നത്തിന് കാരണം.
സംസ്ഥാനത്തിന്റെ മൊത്തം വാർഷിക വരുമാനത്തിന്റെ 18.35% തുക പലിശ മാത്രം നൽകാനായി ചെലവഴിക്കേണ്ടി വരുന്നു. 100 രൂപ വരുമാനം ലഭിച്ചാൽ 18.35 രൂപ സംസ്ഥാനത്തിന്റെ കടബാധ്യതയുടെ പലിശയായി അടയ്ക്കണം. ശമ്പളത്തിനും പെൻഷനും 48.46% ബാക്കിയുള്ള 33.19%ൽ നിന്നു വേണം ബാക്കി ദൈനം ദിന പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും നടത്താൻ എന്നതാണ് അവസ്ഥ. കിഫ്ബിയെ ഉപയോഗിച്ചുള്ള കടം എടുക്കലും കേരളത്തിന് ഭാവിയിൽ പ്രതിസന്ധിയായി മാറും.
നികുതി വരുമാനത്തിൽ അടിക്കടിയുണ്ടാകുന്ന ഇടിവും റവന്യൂ ചെലവിലെ വർധനയും സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കേരളം നീങ്ങുന്നതിന് തെളിവാണ്. കോവിഡ് പ്രതിസന്ധിയും സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലു തകർത്തു. ഓണക്കാലത്ത് സർക്കാർ ജീവനക്കാർക്ക് അഡ്വാൻസ് പോലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയിലായി കാര്യങ്ങൾ.
ജിഎസ്ടി നടപ്പാക്കിയ ശേഷം 2017-18ൽ സാമ്പത്തിക വർഷത്തിൽ 9 മാസത്തെ നഷ്ടപരിഹാരവിഹിതമായി 2,102 കോടി രൂപയും 2018-19ൽ 3,532 കോടിയും 2019-20ൽ 8,111 കോടിയും 2020-21ൽ 914 കോടിയുമാണ് കേന്ദ്രസർക്കാർ നൽകിയത്. ഏറ്റവും ഒടുവിൽ കോവിഡ് പ്രതിസന്ധി മറികടക്കാൻ 13,000 കോടി വായ്പയെടുക്കാനും അനുമതി നൽകി. ഇത് കേരളത്തിന് ആശ്വാസമായിരുന്നു.
ഈ വായ്പയിൽ ഒരു വിഹിതം കേന്ദ്രം അടയ്ക്കുന്നതാണ് പാക്കേജ്. ഇതിനിടയിൽ ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് 15,000 കോടിയോളം കിട്ടി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി, വായ്പാപരിധി 3 ശതമാനത്തിൽനിന്നും അഞ്ചാക്കി കേന്ദ്രം ഉയർത്തി നൽകി. ഇതുകൊണ്ടാണ് കടം എടുത്തു മുമ്പോട്ട് പോകാൻ കേരളത്തിന് കഴിയുന്നത്.
സേവന മേഖലയിലെ നികുതി വെട്ടിപ്പും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന അഭിപ്രായം ശക്തമാണ്. നികുതി വെട്ടിപ്പ് കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ പൂർണമായ തോതിൽ ഉപയോഗപ്പെടുത്തി മുമ്പോട്ടു പോയെങ്കിൽ മാത്രമേ കേരളത്തിന് നികുതി പിരിവ് കൂട്ടാൻ കഴിയൂവെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ