- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ എഴുപത് ശതമാനം കേരളത്തിൽ; മരണ നിരക്കിലും സംസ്ഥാനം മുന്നിൽ; ആൾക്കൂട്ടം പൂർണമായും ഒഴിവാക്കണം; പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിൽ. അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിലെ കേസുകളും മരണവും അഞ്ചിരട്ടി വരെയാണ്. 24 മണിക്കൂറിനിടെ 46,759 പേർക്ക് രാജ്യത്ത് കോവിഡ് സ്ഥീരികരിച്ചതിൽ 32,801 പേരും കേരളത്തിൽ നിന്നാണ്. ആകെ കേസുകളുടെ 70 ശതമാനമാണ് ഇത്. രാജ്യത്തെ പ്രതിദിന കേസുകൾ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വീണ്ടും എത്തി. ഇതിന് പ്രധാന കാരണം തന്നെ കേരളത്തിലെ വർധനയാണ്.
പ്രതിദിന മരണക്കണക്കിലും കേരളം തന്നെയാണ് ഇന്നും ഒന്നാമത്. 179 മരണം കേരളത്തിലും 170 മരണവും മഹാരാഷ്ട്രയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മരണം മൂന്നക്കം കടന്നിട്ടുള്ളത് ഈ രണ്ട് സംസ്ഥാനങ്ങളിലും മാത്രമാണ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ ഇന്നലെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേ സമയം ഉത്സവ സീസണിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. രാജ്യത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ അടുത്ത് ഒരു മാസത്തേക്ക് കൂടി നീട്ടിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വേണ്ടി വന്നാൽ സംസ്ഥാനങ്ങൾക്ക് പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും അറിയിച്ചു.
ദീപാവലി, ചാത് പൂജ തുടങ്ങിയ ആഘോഷങ്ങൾ മുന്നിൽ കണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. വലിയ ആൾക്കൂട്ടങ്ങൾ അനുവദിക്കരുത്. ഇതിനായി പ്രാദേശിക അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കണം. നിയന്ത്രണങ്ങൾ കഴിഞ്ഞ ഏപ്രിൽ 25നും ജൂൺ 28നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടിച്ച മാർഗനിർദ്ദേശങ്ങൾക്കു വിധേയമായിരിക്കണമെന്ന് കത്തിൽ പറയുന്നു.
ഒന്നു രണ്ട് സംസ്ഥാനങ്ങളിലെ വ്യാപനം ഒഴിച്ചു നിർത്തിയാൽ രാജ്യത്ത് പൊതുവിൽ കോവിഡ് നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അയച്ച കത്തിൽ വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള സംസ്ഥാനങ്ങളിൽ കേസുകൾ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനു മുമ്പ് തന്നെ അത് മുൻകൂട്ടി മനസിലാക്കി വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ഇതിന് പ്രാദേശിക തലത്തിലുള്ള നടപടികളായിരിക്കും കൂടുതൽ ഫലപ്രദമെന്നും അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ സൂചിപ്പിച്ചു.
കോവിഡ് വ്യാപനം കൂടുതൽ ഉള്ള ക്ലസ്റ്ററുകളിൽ കേരളം പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ കൂടുന്നതിനാൽ കൂടുതൽ പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്‌സീൻ കൂടുതൽ നൽകുന്നതിനായി പദ്ധതി ആവിഷ്‌കരിക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് ഒറ്റദിവസം 1,03,35,290 പേർക്ക് വാക്‌സിൻ നൽകി ഇന്ത്യ റെക്കോർഡിട്ടു. ജനുവരി 16 ന് വാക്‌സിനേഷൻ ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിനേഷൻ നൽകിയത് ഇന്നലെയാണ്. ഉത്തർപ്രദേശാണ് ഇന്നലെ ഏറ്റവും കൂടുൽ പേർക്ക് വാക്‌സീൻ നൽകിയ സംസ്ഥാനം. രാജ്യത്ത് 62 കോടി ഡോസ് വാക്‌സീനാണ് ഇതുവരെ നൽകിയത്. നിർണായക നേട്ടത്തിൽ ആരോഗ്യപ്രവർത്തകരെയും വാക്‌സിനെടുത്തവരെയും പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അഭിനന്ദിച്ചു.
ന്യൂസ് ഡെസ്ക്